പത്തനാപുരം: എഴുപത് വര്‍ഷത്തിലേറെയായി റോഡ് പുറമ്പോക്കില്‍ താമസിക്കുന്ന കാര്യറ സര്‍ക്കാര്‍മുക്ക് നിവാസികള്‍ ഏഴുദിവസത്തിനകം വീടൊഴിഞ്ഞ് പോകണമെന്ന് പൊതുമരാമത്ത് വകുപ്പിന്റെ നോട്ടീസ്.
സര്‍ക്കാര്‍മുക്ക്-എലിക്കാട്ടൂര്‍ റോഡിന്റെ ഇരുവശങ്ങളിലും താമസിക്കുന്ന 16 കുടുംബങ്ങള്‍ക്കാണ് അധികൃതര്‍ നോട്ടീസ് നല്‍കിയത്. ഇതില്‍ മൂന്ന് വീടുകളും രണ്ടുകടകളും ഏഴുദിവസത്തിനുള്ളില്‍ പൊളിച്ചുനീക്കി സ്ഥലം ഒഴിഞ്ഞു നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു. പാത നവീകരണത്തിന്റെ ഭാഗമായി അടിയന്തരമായി ഒഴിയണമെന്നാണ് പത്തനാപുരം പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ നല്കിയ നോട്ടീസില്‍ പറയുന്നത്.
സര്വെനടപടി പൂര്‍ത്തിയായെങ്കിലും മന്ദഗതിയിലായിരുന്ന കുടിയൊഴിപ്പിക്കല്‍ കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വേഗത്തിലാക്കിയത്. അതേസമയം എഴുപത് വര്‍ഷമായി പുറമ്പോക്കില്‍ കഴിയുന്ന നിര്‍ധനകുടുംബങ്ങള്‍ എവിടേക്ക് പോകുമെന്ന ചോദ്യമാണ് ഉയരുന്നത്. കുടുംബങ്ങളെ പുനരധിവസിപ്പിച്ചശേഷം മാത്രമേ കുടിയൊഴിപ്പിക്കാവൂ എന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: