കൊല്ലം: ഉത്തരവുകള്‍ ഇറക്കാതെ ആശ്രാമത്ത് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്ന കെട്ടിട സമുച്ചയത്തിന് പിന്നില്‍ ദുരൂഹതകള്‍ ഏറെ. കൊല്ലം കോര്പ്പറേഷന് പരിധിയില്‍ ഉള്ള ആശ്രാമം ഗസ്റ്റ് ഹൗസിനു സമീപമാണ് സാംസ്കാരിക കേന്ദ്രം എന്ന പേരില്‍ കൂറ്റന്‍ കെട്ടിടം പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കിഫ്ബിയില്‍ നിന്നും 56 കോടിയില്‍ പുറത്ത് പണം ചെലവാക്കിയാണ് നിര്‍മ്മാണം. അതേസമയം വിവാദ കണ്‍സള്‍ട്ടന്‍സിയായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സും ഇതില്‍ പങ്ക് ചേര്‍ന്നിരിക്കുന്നു എന്നത് കൂടുതല്‍ സംശയങ്ങള്‍ക്ക് വഴി വയ്ക്കുന്നു.
അഷ്ടമുടി കായലിനോട് ചേര്‍ന്ന സര്‍ക്കാര്‍ പുറമ്പോക്കില്‍ നിന്നും മൂന്നേക്കറോളം വസ്തു സാംസ്കാരിക വകുപ്പിന് വിട്ടു നല്കി എന്ന് വിവരാവകാശ രേഖകള്‍ സൂചിപ്പിക്കുന്നു. ഇത്തരം ഒരു നീക്കം ഉണ്ടായത് അറിഞ്ഞിട്ടില്ലെന്നാണ് കോര്‍പ്പറേഷന്റെ വാദം. . ജൈവ വൈവിധ്യ മേഖലയായ ഇവിടെ ഒരു നിര്‍മ്മാണ പ്രവര്‍ത്തനവും നടത്താന്‍ പാടില്ലെന്നിരിക്കെയാണിത്. കൊല്ലം നഗരത്തില്‍ മറ്റു വസ്തുവകകള്‍ സര്‍ക്കാരിന് ഉള്ളപ്പോള്‍ ആശ്രാമം പരിസരം തന്നെ തെരഞ്ഞെടുത്തതിലാണ് ദുരൂഹത.
ബംഗളുരു ആസ്ഥാനമായ മറ്റൊരു കണ്‍ള്‍ട്ടന്‍സി കൂടി ഇതില്‍ പങ്കു ചേരുന്നുണ്ട്.മുംബൈയിലുള്ള റായ് കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡിനാണ് നിര്‍മ്മാണ ചുമതല.
സംസ്ഥാനത്തെ ആദ്യ ജൈവ പൈതൃക കേന്ദ്രത്തില്‍ നടക്കുന്ന നിര്‍മ്മാണത്തിന് ജൈവ വൈവിധ്യ വകുപ്പിന്റെ അനുമതിയും ഇല്ല. നിര്‍മ്മാണം നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്.
പദ്ധതിയുടെ പ്ലാന്‍ ഇതു വരെ ലഭിച്ചിട്ടില്ലെന്നാണ് കൊല്ലം കോര്പ്പറേഷന് അധികൃതര്‍ പറയുന്നത്.
കോര്‍പ്പറേഷന്റെ അനുമതി ഇല്ലാതെ എങ്ങനെയാണ് ഇവിടെ നിര്‍മ്മാണം നടക്കുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്. നിര്‍മ്മാണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടനകള്‍ സമരരംഗത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: