തിരുവനന്തപുരം: ലൈഫില്‍ സി.ബി.ഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതിയുടെ നിര്‍ദേശം സംസ്ഥാന സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി മാന്യതയുണ്ടെങ്കില്‍ രാജിവെക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അന്വേഷണവുമായി സര്‍ക്കാര്‍ സഹകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത് അഴിമതി നടന്നെന്ന് ബോധ്യമായതിനാലാണ്. സി.ബി.ഐ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ഖജനാവിലെ പണം ഉപയോഗിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിന് സര്‍ക്കാര്‍ മാപ്പു പറയണം. ലൈഫ് മിഷന് ഇല്ലെങ്കില്‍ യൂണിടാക്കിന് എങ്ങനെയാണ് പണം ലഭിക്കുന്നതെന്ന ബി.ജെ.പിയുടെ ചോദ്യം തന്നെയാണ് കോടതിയും ചോദിച്ചത്.
ധാരണ ഉണ്ടാക്കിയത് ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിലല്ലേ എന്ന കോടതിയുടെ ചോദ്യം ഇടതുസര്‍ക്കാരിന്റെ കള്ളത്തരങ്ങള്‍ പൊളിക്കുന്നതാണ്. സര്‍ക്കാരിന്റെ ഹര്‍ജി യൂണിടാക്കിനെ രക്ഷിക്കാനാണെന്ന സി.ബി.ഐയുടെ നിലപാട് തത്വത്തില്‍ ഹൈക്കോടതി അംഗീകരിച്ചിരിക്കുകയാണെന്നും സുരേന്ദ്രന് പറഞ്ഞു. മടിയില്‍ കനമില്ലാത്തതിനാല്‍ ഏത് അന്വേഷണവും നേരാടാന്‍ തയ്യാറാണെന്ന് പറഞ്ഞ മുഖ്യമന്ത്രി മലക്കം മറഞ്ഞത് എന്താണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്ക്കും മനസിലാവും. കുടുങ്ങുമെന്നായപ്പോള്‍ പിണറായി വിജയന്റെ സമനില തെറ്റിയിരിക്കുകയാണ്. അതുകൊണ്ടാണ് ആദ്യം വിജിലന്‍സിനെ ഇറക്കിയും ഇപ്പോള്‍ ഹൈക്കോടതിയില്‍ പോയും അദ്ദേഹം സ്വയം അപഹാസ്യനായത്. സ്വര്‍ണ്ണക്കടത്തില്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ സി.പി.എമ്മിനെ അന്താരാഷ്ട്ര സ്വര്‍ണ്ണക്കടത്തുകാരുമായി ബന്ധിപ്പിക്കുന്ന പാലമാണെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: