തിരുവല്ല: ജില്ലയിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ഗുരുതരമായ രോഗലക്ഷണങ്ങൾ ഉള്ളവർക്കും അടിയന്തര ചികിത്സ ആവശ്യമായവർക്കും മതിയായ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് കൂടുതൽ സജ്ജീകരണങ്ങൾ ഏർപ്പെടുത്തുന്നു. നിലവിലെ കോവിഡ് ആശുപത്രികളായ മാറ്റിയ പല ആശുപത്രികളും പ്രവേശനം ഗുരുതര രോഗമുള്ളവർക്കും അടിയന്തിര സാഹചര്യങ്ങളിൽ എത്തുന്നവർക്കും മാത്രമാക്കും.ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ നിന്നും റഫർ ചെയ്യുന്നവരെ ഐസിയു സൗകര്യമുള്ള സ്വകാര്യ ആശുപത്രികളിലും പ്രവേശനം ഉറപ്പാക്കും.കോവിഡ് സെക്കൻഡറി കെയർ സെന്ററുകളിൽ ബി കാറ്റഗറിയിൽപ്പെട്ട തീവ്രലക്ഷണമുള്ളവരെ പ്രവേശിപ്പിക്കും. ഇതിന്റെ ഭാഗമായി നിലവിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ കൂടുതൽ സൗകര്യങ്ങളൊരുക്കുന്ന നടപടികളിലേക്ക് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും കടന്നു.
ഇവ സെക്കൻഡറി കെയർ സെന്ററുകളാക്കുകയും രോഗലക്ഷണങ്ങൾ പ്രകടമായവർക്ക് കൂടുതൽ ശ്രദ്ധയും പരിചരണവും ഉറപ്പാക്കുകയുമാണ് ലക്ഷ്യം. ഇവിടെ ചികിത്സയിൽ കഴിയുന്നവരെ ഡിസ്ചാർജ് ചെയ്യുന്ന മുറയ്ക്ക് രോഗലക്ഷണമില്ലാത്ത കുട്ടികളും മുതിർന്നവരും ഉൾപ്പെടെ എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും പനി, ചുമ, തൊണ്ടവേദന തുടങ്ങി നേരിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർക്കും ഗൃഹചികിത്സ നിർദേശിക്കും. ഒരു വീട്ടിൽ ഒരാൾ പോസിറ്റീവായാൽ കുടുംബാംഗങ്ങളെ കർശനമായ ഗൃഹനിരീക്ഷണത്തിലാക്കുകയും രോഗലക്ഷണങ്ങൾ ഉള്ളവരെ ടെസ്റ്റിങ്ങിന് വിധേയമാക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു,.സ്വന്തം വീടുകളുടെ സുരക്ഷയിൽ കോവിഡ് ഗൃഹചികിത്സയ്ക്ക് സന്നദ്ധരാകുന്നവർക്കുള്ള മാർഗനിർദേശങ്ങളായി. രോഗലക്ഷണങ്ങൾ ഇല്ലാത്തവർ, പനി, ചുമ, തൊണ്ടവേദന തുടങ്ങി ചെറിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ, ആശുപത്രിയിൽ നിന്നു രോഗലക്ഷണങ്ങൾ ശമിച്ച് തിരികെയെത്തുന്നവർ എന്നിവർക്കാണ് ഗൃഹചികിത്സ.
വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ ഒരുക്കി നൽകാൻ സ്വകാര്യ ലാബുകൾ
വിദേശയാത്രയ്ക്കും ജോലിക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത് മുതലെടുക്കാൻ സ്വകാര്യ ലാബുകൾ. സർക്കാർ നിശ്ചയിച്ചതിന്റെ ഇരട്ടിയിലധികം ഫീസ് വാങ്ങിയാണ് വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ തയാറാക്കി നൽകുന്നത്. ഓരോ ജില്ലയിലും നിശ്ചിത മാനദണ്ഡങ്ങൾ അനുസരിച്ചു പ്രവർത്തിക്കുന്ന ലാബുകൾക്കും സ്വകാര്യ ആശുപത്രികൾക്കും മാത്രമാണ് കോവിഡ് പരിശോധന നടത്തുന്നതിന് സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടുള്ളത്. ജില്ലയിലെ സ്വകാര്യ ലാബുകൾ കേന്ദ്രികരിച്ച് നടത്തുന്ന കോവിഡ് പരിശോധന അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.
ആന്റിജൻ പരിശോധന നടത്താൻ 625 രൂപയും ആർടിപിസിആർ പരിശോധനയ്ക്ക് 2,750 രൂപയുമാണ് അംഗീകൃത സ്വകാര്യ ലാബുകൾക്ക് സർക്കാർ നിശ്ചിയിച്ചിട്ടുള്ള ഫീസ്. എന്നാൽ അനധികൃതമായി പ്രവർത്തിക്കുന്ന ലാബുകൾ ആന്റിജൻ പരിശോധനയ്ക്ക് തന്നെ 1500 മുതൽ 2000 വരെ ഈടാക്കുന്നത്. ആർടിപിസിആറിന് 4000 മുതൽ 5000 രൂപ വരെയും വാങ്ങുന്നു. ഇത്രയും പണം ചെലവാക്കിയാൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉറപ്പാണെന്നതാണ് ഭാഗ്യാന്വേഷികളെ ഇവരുടെ അടുത്തേക്ക് ആകർഷിക്കുന്നത്. ലാബിന്റെ പരിശോധനാ കേന്ദ്രങ്ങളിൽ വച്ചോ ആവശ്യക്കാരുടെ വീടുകളിലെത്തിയോ പരിശോധനയ്ക്കായി സാമ്പിൾ ശേഖരിക്കുന്നുണ്ട്. മിക്കപ്പോഴും സാമ്പിൾ പരിശോധന നടത്താതെ തന്നെ നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകുകയാണ് ചെയ്യുന്നതെന്നാണ് ആരോപണം.
പ്രതിദിന സാമ്പിൾ പരിശോധന മൂവായിരമാക്കണമെന്ന് ആരോഗ്യ വിദഗ്ധർ
കോവിഡിനെതിരായ പോരാട്ടം ആറുമാസം പിന്നിടുമ്പോൾ ജില്ലയിൽ നടന്നത് ഒരു ലക്ഷത്തോളം സാമ്പിൾ പരിശോധനകൾ. എന്നാൽ രോഗികളുടെ പ്രതിദിന കണക്കുകൾ ഉയരുമ്പോൾ സമയബന്ധിതമായി പരിശോധനാഫലം ലഭ്യമാക്കാൻ ലാബ് സൗകര്യം വർധിക്കേണ്ടത് അനിവാര്യമാവുകയാണ്.നിലവിൽ പ്രതിദിന പരിശോധന ശരാശരി ആയിരമാണ്. ഇത് മൂവായിരമായി വർദ്ധിപ്പിക്കേണ്ട സമയം അതിക്രമിച്ചെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
ജില്ലയിലെ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെയും രോഗബാധിതരായി ചികിത്സയിലുള്ളവരുടെയും ഒരു ലക്ഷം സ്രവ സാമ്പിളുകളാണ് ലാബിൽ ഇതുവരെ പരിശോധിച്ചത്. ഓട്ടോമാറ്റിക് സംവിധാനം സജ്ജമാക്കിയതോടെ പരിശോധനയ്ക്ക് വേഗത കൂടിയെങ്കിലും പരിശോധിക്കേണ്ടവരുടെ എണ്ണവും പ്രതിദിനം കൂടി. ഇതോടെ പരിശോധനാ സംവിധാനങ്ങൾ വിപുലീകരിക്കേണ്ട ഘട്ടത്തിലാണ് ജില്ലയുള്ളത്. കോഴഞ്ചേരി പബ്ലിക്ക് ലാബിൽ ദിവസം ആയിരം പരിശോധനയ്ക്ക് സൗകര്യം ഒരുക്കുമെന്ന് പറഞ്ഞുവെങ്കിലും പൂർണ്ണ സജ്ജമായിട്ടില്ല. ഗർഭിണികൾ, അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ളവർ, എന്നിവരുടെയും അപകടത്തിൽപെട്ടവരുടേയും മൃതദേഹങ്ങളുടെയും പരിശോധനകളാണ് ട്രൂ നാറ്റിലൂടെ നടത്തിയത്.
പിസിആർ ലാബിലാണ് ട്രൂ നാറ്റ് യന്ത്രങ്ങളും സ്ഥാപിച്ചത്. എന്നാൽ സമ്പർക്ക രോഗവ്യാപനം വർധിച്ചതോടെ പ്രതിദിന പരിശോധന കുത്തനെ ഉയരുന്ന സ്ഥിതിയാണിപ്പോൾ. സ്രവ സാമ്പിൾ നൽകി ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുമ്പോൾ സെക്കൻഡറി കോണ്ടാക്ടിലുള്ളവർ പൊതു സമൂഹവുമായി ഇടപഴകുകയാണ്. പരിശോധനാ ഫലമറിയാൻ ദിവസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയ്ക്കാണ് ജില്ലയിൽ അടിയന്തരമായി മാറ്റമുണ്ടാവേണ്ടത്. എങ്കിലേ സമ്പർക്ക വ്യാപന സാധ്യത കുറക്കാൻ നിലവിലെ സാഹചര്യത്തിൽ ജില്ലയ്ക്ക് സാധ്യമാവൂ. അതിനായി സർക്കാർ സംവിധാനത്തിൽ കൂടുതൽ ആർടിപിസിആർ ലാബുകൾ സജ്ജമാക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: