തിരുവല്ല: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന എംജി സർവകലാശാലയിൽ അഞ്ച് കോടി മതിപ്പ് വിലയുള്ള കെട്ടിടം പൊളിച്ച് വിൽക്കുന്നു.സർവകലാശാലയുടെ തുടക്കകാലത്ത് അതിരമ്പുഴയിലെ കാമ്പസിൽ നിർമിച്ച കെട്ടിടമാണ് പൊളിക്കുന്നത്. ഇത് പൊളിക്കുന്നതിന് മാത്രം 43 ലക്ഷം രൂപയാണ് ചെലവായി കണക്കാക്കുന്നത്. അടുത്ത കാലത്ത് കേന്ദ്ര സർക്കാർ പദ്ധതിയായ റൂസാ ഫണ്ട്ഉപയോഗിച്ച് ഈ കെട്ടിടം നവീകരിക്കുകയും സൗകര്യങ്ങളൊരുക്കുകയും ചെയ്തിരുന്നു. എന്നാൽ കെട്ടിടത്തിന്റെ ഗുണനിലവാര പരിശോധന പോലും നോക്കാതെയാണ് ഇപ്പോൾ പൊളിക്കാൻ തീരുമാനമെടുത്തത്. ഇതിനെതിരെ സർവകലാശാല എംപ്ലോയീസ് സംഘം ഗവർണർക്ക് പരാതി നൽകി.പോസ്റ്റാഫീസിനോട് ചേർന്നുളള കെട്ടിടങ്ങളാണ് പൊളിക്കാൻ തീരുമാനമായത്. 75 കോടി രൂപ ചെലവാക്കി സെന്റർ ഫോർ എക്‌സലൻസ് ബ്ലോക്ക് (ലാബോട്ടറി കോംപ്ലക്‌സ് ) നിർമ്മിക്കുന്നതിനായിട്ടാണ് കെട്ടിടം പൊളിക്കുന്നതെന്നാണ് സർവകലാശാല അധികൃതരുടെ വിശദീകരണം.
എന്നാൽ നൂറേക്കർ വിസ്തൃതിയുള്ള കാമ്പസിൽ പുതിയ കെട്ടിടം നിർമിക്കാൻ അനുയോജ്യമായ സ്ഥലമുളളപ്പോഴാണ് ലക്ഷങ്ങൾ ചെലവഴിച്ചുളള ഈ പൊളിക്കൽ.കെട്ടിടം പൊളിക്കുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം പോലെ തന്നെയാണ് പാരിസ്ഥിതിക പ്രശ്‌നവും. ഇതൊന്നും കണക്കാതെയാണ് കെട്ടിടം പൊളിയുമായി സർവകലാശാല മുന്നോട്ട് പോകുന്നത്. കോടികൾ വിലയുള്ള കെട്ടിടം അകാരണമായി പൊളിക്കുന്നതിനെതിരെ വൈസ് ചാൻസലറേയും, പ്ലാനിങ് ആൻഡ് ഡവലപ്‌മെന്റ് ചെയർമാനേയും, രജിസ്ട്രാറേയും നേരിട്ട് കണ്ട് എംപ്ലോയീസ് സംഘം പ്രതിഷേധം അറിയിച്ചിരുന്നു. നാഷണൽ സർവീസ് സ്‌കീം, പ്രൈവറ്റ് രജിസ്‌ട്രേഷൻ തുടങ്ങിയ സെക്ഷനുകൾ ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്.
സർവ്വകലാശായുടെ തുടക്കകാലത്ത് അന്നത്തെ അധികാരികൾ ദീർഘവീക്ഷണത്തോടെ രണ്ട് നില കെട്ടിടം പണിയുവാൻ പാകത്തിന് ഉറപ്പുള്ള അടിത്തറയിൽ നിർമ്മിച്ച കെട്ടിടമാണി്ത്. ഇതിന് പറയത്തക്ക കേടുപാടുകൾ ഒന്നും തന്നെ ഇല്ല. ഇത് പൊളിക്കുന്നത് മൂലം സർവ്വകലാശാലക്ക് ഉണ്ടാകുന്ന നഷ്ടവും വളരെ വലുതാണ്. പൊളിച്ച് നീക്കുവാൻ തീരുമാനിച്ചിരിക്കുന്ന കെട്ടിടത്തിന് സമാനമായൊന്ന് നിർമ്മിച്ച് പ്രവർത്തനക്ഷമമാക്കുവാൻ സർവ്വകലാശാലയുടെ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ല.ഇതിനൊരു ഉദാഹരണമാണ് കൺവേർജൻസ് അക്കാഡമിയ കോംപ്ലക്‌സ് നിർമ്മാണം. ഇതിന്റെ നിർമാണം ആരംഭിച്ച് 10 വർഷത്തോളമായി. ഇനിയും 6 കോടി രൂപയോളം ചെലവഴിച്ചാൽ മാത്രമെ കോംപ്ലക്‌സ് നിർമ്മാണം പൂർത്തിയാകൂ.സർവകലാശാലയ്‌ക്ക് ലഭിക്കുന്ന ഫണ്ടുകൾ നിർമാണ പ്രവർത്തനങ്ങളുടെ പേരിൽ ധൂർത്തടിക്കുകയാണെന്ന ആരോപണം ശക്തമാണ്. ഈ സാഹചര്യത്തിൽ പഴയ കെട്ടിടം അതേ പടി നിലനിർത്തണമെന്നും സെന്റർ ഫോർ എക്‌സലൻസിന് മറ്റൊരു സ്ഥലം കണ്ടെത്തണമെന്നും എംപ്ലോയീസ് സംഘം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: