ജയ്ശ്രീറാം, ചിലമ്പിച്ചതെങ്കിലും നിശ്ചയദാര്‍ഢ്യമുള്ള ആ ശബ്ദം ഇന്നലെയും മുഴങ്ങി; ഒരിക്കല്‍ ഭാരതമാകെ വിളിച്ചും വിളിപ്പിച്ചും യാത്രകള്‍ നടത്തിയ ലാല്‍ കൃഷ്ണ അദ്വാനി, ആരോഗ്യം അനുവദിച്ചിരുന്നെങ്കില്‍ ഇന്നലെ ലഖ്‌നൗവില്‍ കോടതി മുറിയില്‍ എത്തിയേനെ. കോടതി വിധിയിറഞ്ഞ് ദല്‍ഹിയിലെ വസതിയില്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരോട്, കാവി നിറത്തിലുള്ള ‘ഗള്‍ബന്ധ്’ ഓവര്‍കോട്ട് ധരിച്ച്, നെറ്റിയില്‍ സിന്ദൂരക്കുറിയിട്ട്, ആവേശഭരിതനായി അദ്വാനി പറഞ്ഞു: ”നമുക്കെല്ലാം ഏറെ സന്തോഷമുണ്ടാക്കുന്നതാണ്, അത്യന്തം മഹത്വമുള്ള ഈ വാര്‍ത്ത. ജയ് ശ്രീരാം” മകള്‍ പ്രതിഭാ അദ്വാനി ഉള്‍പ്പെടെ ഒപ്പമുണ്ടായിരുന്നവര്‍ ഏറ്റുവിളിച്ചു.
എല്‍.കെ. അദ്വാനിയെ സംബന്ധിച്ച് പ്രത്യേകിച്ച് ഏറെ പ്രാധാന്യമുള്ളതാണ് ഈ കോടതി വിധി. കല്ലും മുള്ളും നിറഞ്ഞ രാഷ്‌ട്ര സേവന വഴി തിരഞ്ഞെടുത്ത് ഇറങ്ങിയ അദ്ദേഹത്തിന് നേരിടേണ്ടിവന്ന പല ദുര്‍ഘടങ്ങളില്‍ രണ്ടെണ്ണമായിരുന്നു, ശരിക്കും അദ്ദേഹത്തിനെതിരെയുള്ള ‘ഗൂഢാലോചന’കള്‍; രണ്ടും രാഷ്‌ട്രീയം. ഒന്ന്, അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജയിന്‍ ഹവാലാ ഡയറിയില്‍ അദ്ദേഹത്തിന്റെ പേരുള്‍പ്പെടുത്തിയത്. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ പ്രതികരിച്ച് അദ്വാനി അത് നേരിട്ടു. വാര്‍ത്ത കേട്ടപ്പോള്‍ രാജിവച്ചു, കോടതിയില്‍ അതിവേഗ വിചാരണ നടത്തിച്ച്, കുറ്റവിമുക്തനായ ശേഷമേ പാര്‍ലമെന്റില്‍ കയറിയുള്ളൂ. അദ്വാനിക്കെതിരെ കോണ്‍ഗ്രസ് രാഷ്‌ട്രീയം നടത്തിയ രണ്ടാമത്തെ ഗൂഢാലോചനയായിരുന്നു അയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ന്നതില്‍ പ്രതി ചേര്‍ത്തത്. ഇപ്പോള്‍ അതും വ്യാജമായിരുന്നുവെന്ന് കോടതിയില്‍ വ്യക്തമായി. അന്വേഷണ ഏജന്‍സിയും നീതിന്യായ സംവിധാനവും അദ്വാനിയേയും മറ്റ് 31 പേരെയും കുറ്റ വിമുക്തരാക്കി. ജീവിത സായാഹ്നത്തില്‍ കളങ്കം തീരെയില്ലാതെ അദ്വാനി പുഞ്ചിരിക്കുന്നു.
അയോധ്യയില്‍ 1992 ഡിസംബര്‍ ആറിന് സംഭവിച്ചതെന്താണ്? ‘മൈ കണ്‍ട്രി, മൈ ലൈഫ്’ എന്ന സുദീര്‍ഘ ആത്മകഥയില്‍ അക്കാര്യം അദ്വാനി വിവരിക്കുന്നുണ്ട്. അദ്ദേഹം എഴുതുന്നു: ”ഡിസംബര്‍ ആറിന് അയോധ്യയില്‍ സംഭവിച്ചത് ചരിത്രത്തിലെ അസാധാരണത്വങ്ങളുടെ ഗണത്തില്‍പെട്ടതാണ്. ഡിസംബര്‍ അഞ്ചിന്, എന്റെ യാത്രയിലെ അവസാന റാലി ലഖ്‌നൗവില്‍ അവസാനിപ്പിച്ചാണ് ഞാന്‍ അയോധ്യയിലെത്തിയത്; അര്‍ധരാത്രിയായിരുന്നു. അയോധ്യയിലെത്തിയാല്‍ സാധാരണ ഞാന്‍ താമസിക്കാറുള്ള ജാനകീ മഹലില്‍ രാത്രി കഴിച്ചു. സരയൂ നദിയില്‍ നിന്നെടുത്ത ഒരു പിടിമണ്ണുകൊണ്ട് പ്രതീകാത്മകമായി കര്‍സേവ നടത്താന്‍ ഉദ്ദേശിച്ച സരയൂ തീരത്തെ സ്ഥലത്ത് പിറ്റേന്ന് പുലര്‍ച്ചെ ഞാനെത്തി. അവിടുന്ന്, അയോധ്യ പ്രക്ഷോഭ പ്രസ്ഥാന നേതാക്കള്‍ക്കൊപ്പം രാമകഥാ കുഞ്ജിന്റെ മട്ടുപ്പാവിലെ വേദിയിലേക്ക് സംഘാടകര്‍ കൂട്ടിക്കൊണ്ടുപോയി. പത്തുമണിയോടെ, വേദിയിലെ ആരെങ്കിലും പ്രസംഗം തുടങ്ങും മുമ്പുതന്നെ ചിലര്‍ വന്നു പറഞ്ഞു, തര്‍ക്ക മന്ദിരത്തിന്റെ മകുടത്തില്‍ ചില കര്‍സേവകര്‍ കയറിയെന്ന്. വേദിയൊരുക്കിയ മട്ടുപ്പാവില്‍ നിന്നു തന്നെ കാണാമായിരുന്നു; ഞാന്‍ അത് നേരില്‍ കണ്ട്, കേട്ടത് ഉറപ്പുവരുത്തി.
അപ്പോള്‍ത്തന്നെ വേദിയിലിരുന്ന നേതാക്കള്‍ മൈക്കിലൂടെ, മകുടത്തില്‍നിന്ന് താഴെ വരാന്‍ കര്‍സേവകരോട് അപേക്ഷിച്ചു. പക്ഷേ ഫലമുണ്ടായില്ല; കൂടുതല്‍ പേര്‍ മകുടത്തിലേക്ക് കയറി. പെട്ടെന്ന് ചിലര്‍ ഉപകരണങ്ങള്‍കൊണ്ട് മകുടം കുത്തിപ്പൊളിക്കുന്നത് ഞാന്‍ കണ്ടു. ഞാന്‍ അസ്വസ്ഥനായി. തെറ്റാണ് സംഭവിക്കുന്നതെന്ന് തിരിച്ചറിഞ്ഞ നേതാക്കള്‍ വഴിതെറ്റിയ ആവേശക്കാരെ പിന്തിരിപ്പിക്കാന്‍ ആവര്‍ത്തിച്ച് ശ്രമിച്ചു; സംഘാടകരുടെ നിര്‍ദ്ദേശം പിന്തുടരാന്‍ അഭ്യര്‍ത്ഥിച്ചു. ഞാന്‍ ഏറെ വേദനയോടെ സംസാരിച്ചു. ആര്‍എസ്എസ് മുതിര്‍ന്ന നേതാവ് എച്ച്.വി. ശേഷാദ്രി, അറിയാവുന്ന വിവിധ ഭാഷകളില്‍ സംസാരിച്ചു; ആരാണ് അച്ചടക്കം ലംഘിച്ച് നിര്‍ദേശം തെറ്റിച്ച് നിയമം കൈയിലെടുത്തതെന്ന് അറിയില്ലായിരുന്നു. പ്രക്ഷോഭ നേതൃത്വത്തിലെ ഏറ്റവും മുതിര്‍ന്ന ബഹുമാന്യയായ രാജമാതാ വിജയരാജെ സിന്ധ്യ വൈകാരികമായി അപേക്ഷിച്ചു: ”ഞാന്‍ നിങ്ങളോട് നിങ്ങളുടെ അമ്മയെന്നപോലെ അപേക്ഷിക്കുകയാണ്, അത് ചെയ്യരുതേ” എന്ന്. ഇതെല്ലാം വ്യക്തമാക്കുന്നുണ്ട്, അവിടെ മകുടത്തില്‍ സംഭവിച്ചത് നമ്മുടെ പ്രക്ഷോഭ പ്രസ്ഥാനത്തിന്റെ ലക്ഷ്യത്തിനും തത്ത്വത്തിനും എതിരായിരുന്നുവെന്ന്.
ഇതിനൊന്നും ഫലമേയുണ്ടായില്ല. എന്നോടൊപ്പം സുരക്ഷയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥയോട്, അതിക്രമം നടക്കുന്നിടത്തേക്ക് എന്നെ കൊണ്ടുപോകാന്‍ പറഞ്ഞു. അവരുടെ മറുപടി എന്നെ അമ്പരിപ്പിച്ചു, ”ഞാന്‍ അങ്ങയുടെ സുരക്ഷാ ചുമതലയിലായിരിക്കെ, അവിടേക്ക് പോകുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല,” അവര്‍ പറഞ്ഞു. ഇതിനിടെ, അശോക് സിംഘാള്‍ അവിടേക്കു പോയി, മകുടം ആക്രമിക്കുന്നതില്‍നിന്ന് അവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. അപ്പോള്‍ അദ്ദേഹത്തെത്തന്നെ ചിലര്‍ കൈകാര്യം ചെയ്തുവെന്ന് അറിഞ്ഞു.
ലഖ്‌നൗവിലുള്ള യുപി മുഖ്യമന്ത്രി കല്യാണ്‍സിംഗിനോട് സംസാരിക്കണമെന്ന് ഞാന്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഞങ്ങള്‍ വേദിവിട്ട് ടെലിഫോണ്‍ സംവിധാനമന്വേഷിച്ചു. ഫോണ്‍ കിട്ടി, പക്ഷേ ലഖ്‌നൗവിലേക്ക് സംസാരിക്കാനായില്ല. അപ്പോള്‍ ആരോ പറഞ്ഞു ഒരു മകുടം തകര്‍ന്നുവീണെന്ന്. ഞാന്‍ അതിവേഗം രാമകഥാ കുഞ്ജിന്റെ മട്ടുപ്പാവിലേക്ക് ചെന്നു. അവിടെനിന്ന് കണ്ടത് എന്റെ മനസ് തകര്‍ത്തു. വേദിയിലുണ്ടായിരുന്ന മറ്റു നേതാക്കളും അപ്രതീക്ഷിതമായ സംഭവഗതിയില്‍ ഞെട്ടി; പക്ഷേ താഴത്തുണ്ടായിരുന്ന ക്ഷുഭിതരായ ജനക്കൂട്ടത്തിന്റെ മനസ് മറ്റൊരു തരത്തിലായിരുന്നു. കുറച്ചുകഴിഞ്ഞ് മറ്റൊരു മകുടം കൂടി വീണു. പിന്നാലെ മൂന്നാമത്തേതും. അതിനിടെ താഴത്തുള്ളവരുടെ മനസ്ഥിതി വേദിയില്‍ ചിലര്‍ക്കും ബാധിച്ചു. ചിലര്‍ അവിടെത്തി മധുരം വിതരണം ചെയ്തു. ഞാന്‍ പറഞ്ഞു, ”ഇല്ല, ഞാനീ ദിവസം മധുരം നുണയില്ല.”
അതിനിടെ ലഖ്‌നൗവിലുള്ള മുഖ്യമന്ത്രിയുമായി സംസാരിക്കാനാവുമെന്ന് ആരോ അറിയിച്ചു. തകര്‍ക്കലിനെക്കുറിച്ച് അദ്ദേഹം അറിഞ്ഞിരുന്നു. സുപ്രീംകോടതിക്ക് കൊടുത്ത ഉറപ്പ് പാലിക്കാന്‍ കഴിയാത്തതിനാല്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്‌ക്കണമെന്നാണ് ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. അദ്ദേഹം സമ്മതിച്ചു.
എനിക്ക് ക്ഷോഭവും നിസ്സഹായതയും തോന്നി. എന്റെ മനസ്സറിഞ്ഞ പ്രമോദ് മഹാജന്‍ പറഞ്ഞു, ”അദ്വാനിജി, ഇനിയും ഇവിടെ തുടര്‍ന്നാല്‍ അങ്ങ് കൂടുതല്‍ നിരാശിതനാകും. നമുക്ക് ലഖ്‌നൗവിലേക്ക് മടങ്ങാം.” അങ്ങനെ ഞങ്ങള്‍ വൈകിട്ട് ആറു മണിയോടെ അയോധ്യ വിട്ടു. അപ്പോള്‍ ഞാന്‍ വഹിച്ചിരുന്ന ഒരേയൊരു പദവിയായ ലോക്‌സഭ പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്‌ക്കുകയെന്ന തീരുമാനത്തിന് ഞാന്‍ മനസ്സ് പാകപ്പെടുത്തി. ലഖ്‌നൗവില്‍ ചെന്നയുടന്‍ ഞാന്‍ രാജിക്കത്ത് ലോക്‌സഭാ സ്പീക്കര്‍ക്ക് ഫാക്‌സ് ചെയ്തു.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: