വടശ്ശേരിക്കര: അതിസുരക്ഷാ മേഖലയായ ശബരിമല സന്നിധാനത്തേക്ക് സ്‌കൂട്ടറിൽ അതിക്രമിച്ചു കടന്ന രണ്ടു യുവാക്കൾ നടപ്പന്തൽ വരെ എത്തിയതായി സൂചന. യുവാക്കൾ മരക്കൂട്ടം വരെ മാത്രമേ എത്തിയിരുന്നുള്ളുവെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ലഭിക്കുന്ന ചിത്രങ്ങളുടെ അടിസ്ഥാനത്തിലുള്ള പരിശോധനയിൽ യുവാക്കൾ നടപ്പന്തലിനടുത്തു വരെ എത്തിയതായാണ് സൂചിപ്പിക്കുന്നത്. തീവ്രവാദ ഭീഷണിയുള്ള ശബരിമലയിലേക്ക് പോലീസിന്റെയും വനപാലകരുടെയും കണ്ണ് വെട്ടിച്ച് യുവാക്കൾ എത്തിയത് ഗുരുതരമായ സുരക്ഷാ വീഴ്ചയിലേക്കാണ് വിരൽചൂണ്ടുന്നത്.അതേ സമയം യുവാക്കൾ നടപ്പന്തൽ വരെ എത്തിയെന്ന വിവരം പോലീസ് നിഷേധിക്കുകയാണ്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് രണ്ടു യുവാക്കൾ പമ്പാ ഗണപതി ക്ഷേത്രവും പിന്നിട്ട് സന്നിധാനത്ത് എത്തിയത്. ചിറ്റാർ സ്വദേശികളായ ശ്രീകൃഷ്ണ വിലാസം ശ്രീജിത്ത് (27), നിരവേൽ വീട്ടിൽ വിപിൻ വർഗ്ഗീസ് (23) എന്നിവരാണ് പോലീസിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും കണ്ണ് വെട്ടിച്ച് സന്നിധാനത്തേക്ക് കടന്നത്. സംഭവം നി്‌സാരവത്ക്കരിച്ച പോലീസ് കേസെടുക്കാൻ പോലും തയ്യാറായില്ല.പെരിയാർ സംരക്ഷിത വനത്തിൽ അതിക്രമിച്ച് കയറിയതിന് മാത്രം വനവകുപ്പ് കേസെടുത്തെങ്കിലും ഇവരെ ജാമ്യത്തിൽ വിടുകയും ചെയ്തു.ഇതിനിടെ സിപിഎം കാരനായ ചിറ്റാർ പഞ്ചായത്തു അംഗത്തിന്റെ നേതൃത്വത്തിൽ ചില സംഘങ്ങൾ യുവാക്കളെ ന്യായീകരിച്ചു സോഷ്യൽ മീഡിയയിൽ പോസ്റ്റുകളുമായി രംഗത്തു വന്നു.നേരത്തെ ശബരിമല യുവതി പ്രവേശന വിഷയത്തിൽ ഭക്തർക്കെതിരെ കടുത്ത നിലപാടുകൾ സ്വീകരിച്ചിരുന്നവരാണ് ഇവർ.
അതിസുരക്ഷാ മേഖലയായ ശബരിമലയിലേക്ക് കടന്ന യുവാക്കളെ പോലീസിന് കൈമാറുകയോ, പോലീസ് ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെടുകയോ ചെയ്തിരുന്നില്ല. തേക്കടിയിലേക്കു പോകുന്നതിനായി ഗൂഗിൾ മാപ്പ് ഉപയോഗിച്ചതിൽ വന്ന വീഴ്ചയാണ് യുവാക്കൾ ശബരിമലയിലെത്തിയതെന്നാണ് പോലീസ് പറയുന്നത്.എന്നാൽ പോലീസിന്റെ ഈ വിശദീകരണം മുഖവിലക്കെടുക്കാൻ പ്രയാസമാണ്.ശബരിമല വഴി തേക്കടിയിലേക്ക് റോഡില്ല. തേക്കടിയിലേക്ക് എത്തുന്നതിനായി ഏതു പ്രദേശത്തു നിന്ന് ഗൂഗിൾ മാപ്പിൽ സെർച്ച് ചെയ്താലും ശബരിമലയിലേക്ക് എത്തില്ല. കാരണം പമ്പയിൽ നിന്ന് തേക്കടിയിലേക്ക് വാഹന മാർഗ്ഗം പോകണമെങ്കിൽ മുണ്ടക്കയത്തോ, ആങ്ങമൂഴിയിലോ എത്തണം.
ശബരിമല ക്ഷേത്രത്തിന് തീവ്രവാദ ഭീഷണിയുണ്ടെന്ന് പല തവണ വിവിധ ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടും പോലീസ് വിഷയം ഗൗരവമായി എടുക്കാത്തത് അയ്യപ്പ ഭക്ത സമൂഹത്തിൽ കടുത്ത ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. ളാഹ മുതൽ സന്നിധാനം വരെ നിരവധി സുരക്ഷാ കവചങ്ങൾ ഒരുക്കിയിട്ടുണ്ടെന്നാണ് പോലീസും വനം വകുപ്പും പറയുന്നത്. ഇത്രയും സുരക്ഷാ സംവിധാനങ്ങളെ കബളിപ്പിച്ചു യുവാക്കൾ വാഹനം ഓടിച്ച് മരക്കൂട്ടത്ത് എത്തിയത് ശബരിമലയിലെ സുരക്ഷാ വീഴ്ച വ്യക്തമാക്കുന്നതാണ്. സംഭവം വിവാദമായതോടെ സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: