Categories: India

തര്‍ക്കമന്ദിരം തകര്‍ന്ന കേസ്; എല്ലാവരും കുറ്റവിമുക്തര്‍

അയോധ്യയില്‍ നടന്നത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത് തകര്‍ത്തതല്ലെന്ന് കോടതി വിധിയില്‍ വ്യക്തമാക്കി. പെട്ടെന്ന് സംഭവിച്ചതാണ് എല്ലാം. കേസില്‍ പ്രതി ചേര്‍ത്തവര്‍ക്കെതിരെ ശക്തമായ യാതൊരു തെളിവും പ്രോസിക്യൂഷന് സമര്‍പ്പിക്കാന്‍ സാധിച്ചില്ല. ആള്‍ക്കൂട്ടത്തെ തടയാനാണ് നേതാക്കള്‍ ശ്രമിച്ചത്. ആയിരക്കണക്കിന് ആള്‍ക്കാര്‍ സംഭവ സ്ഥലത്തുണ്ടായിരുന്നു. അവരില്‍ ആരെങ്കിലുമാവാം തര്‍ക്കമന്ദിരം തകര്‍ത്തത്, സിബിഐ പ്രത്യേക കോടതി ജഡ്ജി സുരേന്ദ്രകുമാര്‍ യാദവ് 2300 പേജുള്ള വിധിന്യായത്തില്‍ വിശദീകരിച്ചു.

ലഖ്‌നൗ: അയോധ്യയിലെ ശ്രീരാമജന്മഭൂമി കൈയേറി പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച തര്‍ക്കമന്ദിരം തകര്‍ന്നുവീണ കേസില്‍ പ്രതികളെയെല്ലാം വെറുതെ വിട്ട് ലഖ്‌നൗ സിബിഐ പ്രത്യേക കോടതിയുടെ ചരിത്ര വിധി. മുതിര്‍ന്ന ബിജെപി നേതാക്കളും അയോധ്യയിലെ രാമജന്മഭൂമി പ്രക്ഷോഭ നായകരുമായ എല്‍. കെ അദ്വാനി, മുരളീമനോഹര്‍ ജോഷി, ഉമാഭാരതി, സാധ്വി ഋതംബര, കല്യാണ്‍സിങ് തുടങ്ങി 32 പേരെയാണ് വിചാരണ കോടതി വെറുതെ വിട്ടത്.

അയോധ്യയില്‍ നടന്നത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത് തകര്‍ത്തതല്ലെന്ന് കോടതി വിധിയില്‍ വ്യക്തമാക്കി. പെട്ടെന്ന് സംഭവിച്ചതാണ് എല്ലാം. കേസില്‍ പ്രതി ചേര്‍ത്തവര്‍ക്കെതിരെ ശക്തമായ യാതൊരു തെളിവും പ്രോസിക്യൂഷന് സമര്‍പ്പിക്കാന്‍ സാധിച്ചില്ല. ആള്‍ക്കൂട്ടത്തെ തടയാനാണ് നേതാക്കള്‍ ശ്രമിച്ചത്. ആയിരക്കണക്കിന് ആള്‍ക്കാര്‍ സംഭവ സ്ഥലത്തുണ്ടായിരുന്നു. അവരില്‍ ആരെങ്കിലുമാവാം തര്‍ക്കമന്ദിരം തകര്‍ത്തത്, സിബിഐ പ്രത്യേക കോടതി ജഡ്ജി സുരേന്ദ്രകുമാര്‍ യാദവ് 2300 പേജുള്ള വിധിന്യായത്തില്‍ വിശദീകരിച്ചു.

1992 ഡിസംബര്‍ 6ന് അയോധ്യയില്‍ നടന്ന കര്‍സേവയ്‌ക്കിടെ രാമജന്മഭൂമിയില്‍ നിര്‍മ്മിച്ച തര്‍ക്കമന്ദിരം തകര്‍ന്നുവീഴുകയായിരുന്നു. 49 പേര്‍ പ്രതികളായിരുന്നുവെങ്കിലും അശോക് സിംഗാള്‍, ഗിരിരാജ് കിഷോര്‍, വിഷ്ണു ഹരി ഡാല്‍മിയ, ബാല്‍ താക്കറെ, മഹന്ത് അവൈദ്യനാഥ്, രാജമാതാ വിജയരാജെ സിന്ധ്യ തുടങ്ങി 17 പേര്‍ വിചാരണക്കിടെ മരിച്ചതോടെ അവരെ കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

രാജ്യത്തെ ലക്ഷക്കണക്കിന് രാമഭക്തര്‍ക്കൊപ്പം ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാവുന്നത് കാത്തിരിക്കുകയാണ് ഞാന്‍. കോടതി വിധിയെ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യന്നു. രാമജന്മഭൂമി പ്രക്ഷോഭത്തോടുള്ള ബിജെപിയുടെയും എന്റെ വ്യക്തിപരമായുമുള്ള പ്രതിബദ്ധതയാണ് വിധി. രാമക്ഷേത്രമെന്ന ദീര്‍ഘകാല സ്വപ്‌നം സാക്ഷാത്ക്കരിക്കപ്പെടുന്നതിനുള്ള വഴികളാണിതെല്ലാം. എന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍, നേതാക്കള്‍, സംന്യാസിമാര്‍ തുടങ്ങി രാമക്ഷേത്ര പ്രക്ഷോഭത്തിനായി സര്‍വത്യാഗം ചെയ്ത ആയിരങ്ങളോട് ഞാന്‍ കടപ്പെട്ടവനാണ്

എല്‍.കെ. അദ്വാനി

അദ്വാനിയും ജോഷിയും കല്യാണ്‍സിങും ഉമാഭാരതിയും നൃത്യഗോപാല്‍ദാസും സതീഷ് പ്രധാനും കോടതിയില്‍ നേരിട്ട് ഹാജരായിരുന്നില്ല. ഇവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വിധി കേട്ടത്. മറ്റുള്ള 26 പ്രതികള്‍ ലഖ്‌നൗ കോടതിയില്‍ ഹാജരായിരുന്നു.

പതിനാറാം നൂറ്റാണ്ടില്‍ വൈദേശിക അക്രമണകാരിയായ ബാബറിന്റെ പടയോട്ട കാലത്ത് തകര്‍ക്കപ്പെട്ട രാമജന്മഭൂമിയില്‍ നിര്‍മ്മിച്ച വിവാദ മന്ദിരം ഇരുപതാം നൂറ്റാണ്ടിന്റെ അവസാനകാലത്താണ് നിലംപൊത്തിയത്. 28 വര്‍ഷം മുമ്പുള്ള ഡിസംബര്‍ ആറിന് ലക്ഷക്കണക്കിന് ശ്രീരാമഭക്തര്‍ നടത്തിയ കര്‍സേവയ്‌ക്കിടെയായിരുന്നു സംഭവം. എന്നാല്‍ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെ ബിജെപി, വിഎച്ച്പി നേതാക്കളെ പ്രതിചേര്‍ത്ത് അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കേസ് രജിസ്റ്റര്‍ ചെയ്തു.  2019 നവംബറില്‍ രാമജന്മഭൂമിയില്‍ ക്ഷേത്രനിര്‍മാണത്തിന് സുപ്രീംകോടതി അനുമതി നല്‍കി. കഴിഞ്ഞ ഓഗസ്റ്റില്‍ ക്ഷേത്ര നിര്‍മാണം ആരംഭിച്ചു. ഇതിനു പിന്നാലെയാണ് ഗൂഢാലോചനക്കേസില്‍ ലഖ്‌നൗ കോടതിയുടെ സുപ്രധാന വിധി.

കോടതി കുറ്റവിമുക്തരാക്കിയവര്‍: എല്‍.കെ അദ്വാനി, പ്രൊഫ. മുരളീമനോഹര്‍ ജോഷി, ഉമാഭാരതി, വിനയ് കത്യാര്‍ എംപി, സാക്ഷി മഹാരാജ് എംപി, സാധ്വി ഋതംബര, കല്യാണ്‍സിങ്, മഹന്ത് നൃത്യഗോപാല്‍ ദാസ്, മഹന്ത് ധര്‍മ്മദാസ്, ചംപത് റായി, സതീഷ് പ്രധാന്‍, പവന്‍ കുമാര്‍ പാണ്ഡെ, ലല്ലു സിങ് എംപി,  പ്രകാശ് ശര്‍മ്മ, വിജയ് ബഹാദൂര്‍ സിങ്, സന്തോഷ് ദുബെ, ഗാന്ധി യാദവ്, രാമജി ഗുപ്ത, ബ്രജ്ഭൂഷണ്‍ ശരണ്‍സിങ്, കമലേശ് ത്രിപാഠി, രാമചന്ദ്ര് ഖത്രി, ജയ്ഭഗവാന്‍ ഗോയല്‍, ഓംപ്രകാശ് പാണ്ഡെ, അമര്‍നാഥ് ഗോയല്‍, ജയ്ഭാന്‍സിങ് പവയ്യ,  മഹരാജ് സ്വാമി സാക്ഷി, വിനയ് കുമാര്‍ റായ്, നവീന്‍ ഭായ് ശുക്ല, ആര്‍.എന്‍ ശ്രീവാസ്തവ, ആചാര്യ ധര്‍മ്മേന്ദ്രദേവ്, സുധീര്‍കുമാര്‍ കക്കട്, ധര്‍മ്മേന്ദ്ര സിങ് ഗുജ്ജര്‍.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക