അയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ന്നത് സംബന്ധിച്ച ഗൂഢാലോചന കേസിലെ ലക്നൗ പ്രത്യേക കോടതിയുടെ ഉത്തരവ് സുപ്രധാനമാണ്, ചരിത്ര പ്രാധാന്യമര്‍ഹിക്കുന്നതുമാണ്. 28 വര്‍ഷം മുന്‍പ് നടന്ന കാര്യമാണിത്. ഈ വിധിയോടെ ആര്‍എസ്എസ്, വിഎച്ച്പി, ബിജെപി നേതാക്കള്‍ അഗ്നിശുദ്ധി വരുത്തിയിരിക്കുന്നു. മാത്രമല്ല സംഘ, ബിജെപി പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള കോണ്‍ഗ്രസിന്റെയും മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെയും ആസൂത്രിത പദ്ധതി പാളിയതിന്റെ അവസാനത്തെ ഉദാഹരമാണിത്.
കേസിന്റെ ചരിത്രത്തിലേക്ക് കടക്കുന്നതിന് മുന്‍പായി അന്നത്തെ പ്രശ്നങ്ങളുടെ പശ്ചാത്തലം ഒന്നോര്‍ക്കുന്നത് നല്ലതാണ്. വിധി പ്രസ്താവമുണ്ടായപ്പോള്‍ നമ്മുടെ പല മാധ്യമ സുഹൃത്തുക്കളും ചാനലുകളില്‍ നടത്തിയ വിലയിരുത്തലുകള്‍ ചരിത്രത്തെ വളച്ചൊടിക്കുന്നതായിരുന്നു.അന്നത്തെ പ്രധാന കാര്യങ്ങള്‍ ഇങ്ങനെയാണ് 1989 ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ നല്കിയ അനുമതിയോടെ രാമജന്മഭുമിയില്‍ ശിലാന്യാസം നടന്നു. അയോധ്യയിലെ 2. 77 ഏക്കര്‍ ഭൂമി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പൊന്നുംവിലക്കെടുത്തു; അതില്‍ 2. 04 ഏക്കര്‍ വിഎച്ച്പിയില്‍ നിന്നുമായിരുന്നു. ഇതിനിടയിലാണ് ക്ഷേത്രനിര്‍മ്മാണത്തിന് അനുകൂലമായി രാജ്യമെങ്ങും വലിയ പ്രചാരണ പരിപാടികള്‍ നടന്നത്. ശിലാന്യാസ പൂജകള്‍, സോമനാഥില്‍ നിന്ന് അയോധ്യയിലേക്ക് 1990 ല്‍ എല്‍കെ അദ്വാനി നടത്തിയ രഥയാത്ര, രാജ്യ വ്യാപകമായ സമ്പര്‍ക്ക യജ്ഞങ്ങള്‍. സര്‍വോപരി ശ്രീരാമന് ഹിന്ദുവിന്റെ ഹൃദയത്തില്‍ സൃഷ്ടിച്ച വികാരം. അങ്ങിനെ ഒരര്‍ഥത്തില്‍ രാജ്യം തന്നെ ഒരു രാമലഹരിയിലായ വേളയായിരുന്നു അത്.
രാമക്ഷേത്ര നിര്‍മ്മാണത്തിനായി കര്‍സേവ നടത്താന്‍ രാമജന്മഭൂമി ന്യാസും ഹിന്ദു പ്രസ്ഥാനങ്ങളും തീരുമാനിച്ച വേളയിലൊക്കെ അതിനെ അടിച്ചമര്‍ത്താനായിരുന്നു നീക്കം. എത്രയോ ഹിന്ദു കര്‍സേവകരെയാണ് പുണ്യനഗരിയായ അയോധ്യയിലെ തെരുവീഥികളില്‍ വെടിവെച്ചും ആക്രമിച്ചും കൊന്നൊടുക്കിയത്. മുലായം യാദവ് സര്‍ക്കാര്‍ അന്ന് രാമജന്മഭൂമിയെ അക്ഷരാര്‍ഥത്തില്‍ കൊലക്കളമാക്കി. കര്‍സേവകര്‍ക്കെതിരെ നടന്ന അക്രമങ്ങള്‍ യുപിയില്‍ മാത്രമല്ല രാജ്യമെമ്പാടുമുണ്ടാക്കിയ രോഷം അത്രവലുതായിരുന്നു. എന്നിട്ടും ഹിന്ദുക്കള്‍ ക്ഷമിച്ചു. ആ അക്രമങ്ങളുടെ പ്രതിഫലനം 1991 ജൂലൈയില്‍ യുപിയില്‍ കാണുകയും ചെയ്തു; കല്യാണ്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അവിടെ ഭരണത്തിലേറി. ബിജെപി യുപി ഭരിക്കുമ്പോഴാണ് 1992 ഡിസംബറിലെ കര്സേവക്ക് തയാറെടുപ്പുകള്‍ തുടങ്ങിയത്; അതിനിടയിലാണ് തര്‍ക്ക മന്ദിരം തകരുന്നത്.
ഹിന്ദുക്കള്‍ പലവട്ടം വഞ്ചിക്കപ്പെട്ടു
അയോധ്യ പ്രശ്ന പരിഹാരത്തിന് അനവധി തവണ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. രണ്ടു സംഭവങ്ങള്‍ പ്രധാനമായും ഓര്‍ക്കേണ്ടതുണ്ട്. ആദ്യത്തേത് പ്രധാനമന്ത്രി വി.പി സിങ് നടത്തിയ വഞ്ചനയാണ്. വി.പി സിങ് സര്‍ക്കാരിന് ബിജെപി പിന്തുണ കൊടുക്കുന്നതിന് മുന്‍പ് രാമജന്മഭൂമി പ്രശ്നം. പരിഹരിക്കാമെന്ന് ഒരു ഉറപ്പ് ബിജെപി വാങ്ങിച്ചിരുന്നു . മുംബൈയില്‍ രാമനാഥ് ഗോയങ്കയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ ബിജെപി നേതാക്കള്‍ക്ക് പുറമെ ആര്‍എസ്എസ്, വിച്ച്പി നേതാക്കളും പങ്കെടുത്തിരുന്നു. എസ്. ഗുരുമൂര്‍ത്തിയാണ് അന്ന് മധ്യസ്ഥന്റെ റോളിലുണ്ടായിരുന്ന മറ്റൊരാള്‍. അതിന്റെ ഭാഗമായി ഒരു ധാരണ പിന്നീട് ഉരുത്തിരിഞ്ഞതുമാണ്; എല്‍.കെ അദ്വാനിയുടെ രഥയാത്ര നടക്കുന്ന വേളയിലാണിത്. അയോധ്യയിലെ ഏതാണ്ട് 70 ഏക്കര്‍ ഭൂമിയില്‍ തര്‍ക്കഭൂമി വെറും 2. 70 ഏക്കറാണ്. കേന്ദ്ര സര്‍ക്കാര്‍ ഈ 70 ഏക്കര്‍ ഏറ്റെടുക്കും; അതില്‍ 67 ഏക്കര്‍ രാമജന്മഭൂമി ന്യാസിന് ക്ഷേത്രനിര്‍മ്മാണത്തിനായി കൈമാറും. ബാക്കിയുള്ള തര്‍ക്ക പ്രദേശം (അതായത് തര്‍ക്ക മന്ദിരം നിലനില്‍ക്കുന്നിടം), കേന്ദ്രത്തിന്റെ അധീനതയില്‍ നിലനിര്‍ത്തും. തര്‍ക്കം പരിഹരിക്കാന്‍ നിയമപരമായ നടപടികള്‍ കേന്ദ്രം സ്വീകരിക്കും. ഇതായിരുന്നു ധാരണ. ഇക്കാര്യം ഒരു ഓര്‍ഡിനനന്‍സ് ആയി പുറപ്പെടുവിക്കാന്‍ ധാരണയുമായി. ഇവിടെ ഓര്‍ക്കേണ്ടത് ബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസുവും ഇതിന് സമ്മതിച്ചു എന്നതാണ്. സിപിഎമ്മിന്റെ കൂടി പിന്തുണയുള്ളതായിരുന്നല്ലോ വി.പി സിങ് സര്‍ക്കാര്‍.
1991 ലെ കര്സേവക്ക് മുന്‍പായി അത് തീരുമാനമാവും എന്നതായിരുന്നു പ്രതീക്ഷ. എന്നാല്‍ അവസാന നിമിഷം മുലായം സിങ് ഉടക്കി. മുസ്ലിം വോട്ട് ബാങ്കില്‍ തൂങ്ങിനിന്നിരുന്ന അദ്ദേഹം എതിര്‍ത്തതോടെ വി.പി സിങ് നിലപാട് മാറ്റി. അങ്ങിനെയാണ് ഏറെ രക്തം ചീന്തപ്പെട്ട കര്‍സേവയ്ക്ക് അയോധ്യ സാക്ഷിയായത്. അയോധ്യയിലേക്ക് ഒരു കിളി പോലും കടക്കില്ലെന്ന് മുലായമിന്റെ പോലീസ് പ്രഖ്യാപിച്ചതും അതിനെ മറികടന്നുകൊണ്ട് ഉമാഭാരതിയും അശോക് സിംഗാളുമൊക്കെ എത്തിയതും ചരിത്രമാണ്.
ഡിസംബര്‍ ആറും കള്ളക്കേസുകളും
1992 ഡിസംബര്‍ ആറിന് ലക്ഷത്തിലേറെ കര്‍സേവകര്‍ അയോധ്യയിലെത്തി. സമാധാനപരമായി കര്‍സേവ നടത്തി പോകുക എന്നതായിരുന്നു സംഘാടകരുടെ മനസിലുണ്ടായിരുന്നത്. ഒരു സംഘര്‍ഷവും ഉണ്ടാവാതിരിക്കാന്‍ യു. പിയിലെ കല്യാണ്‍ സിങ് സര്‍ക്കാരും കരുതലെടുത്തു.
ആര്‍എസ്എസ് നേതാക്കളായ രജൂ ഭയ്യ, എച്ച്.വി ശേഷാദ്രി, വിഎച്ച്പി നേതാക്കളായ അശോക് സിംഗാള്‍, ഗിരിരാജ് കിഷോര്‍, മഹന്ത് രാമചന്ദ്രപരമഹംസ്, ബിജെപി നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, രാജമാതാ വിജയരാജെ സിന്ധ്യ, പ്രമോദ് മഹാജന്, ഉമാഭാരതി തുടങ്ങിയവരും അന്ന് അവിടെയെത്തിയിരുന്നു. നേതാക്കള്‍ പലരും കര്‍സേവകരെ അഭിസംബോധന ചെയ്തു. ഒരാളും അക്രമത്തിന് ആഹ്വാനം നല്‍കിയില്ല, തര്‍ക്കമന്ദിരം തകര്‍ക്കാന്‍ പറഞ്ഞില്ല. അതായിരുന്നില്ല കര്‍സേവ കൊണ്ടുദ്ദേശിച്ചത് എന്നത് വ്യക്തം.
ഇതിന്റെയൊക്കെ വിഡിയോകളുണ്ട്. ഈ നേതാക്കള്‍ പരസ്യമായി നടത്തിയ അഭ്യര്‍ത്ഥനകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ എല്ലാ പ്രമുഖ പത്രങ്ങളും പിറ്റേന്ന് പ്രസിദ്ധീകരിച്ചു. ബിബിസി പോലുള്ള ഹിന്ദു വിരുദ്ധ മാധ്യമങ്ങള്‍ പോലും അത് നല്കി. ഈ സംഭവവുമായി ബന്ധപ്പെട്ട ആദ്യ എഫ്ഐആറില്‍ ഇങ്ങനെയുള്ള ഗൂഢാലോചന ആരോപണങ്ങളുണ്ടായിരുന്നതുമില്ല.
സംഘ, ബിജെപി വിരുദ്ധ പദ്ധതി
സംഘ, ബിജെപി പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള വലിയ പദ്ധതിയാക്കി തര്‍ക്ക മന്ദിരത്തിന്റെ പതനത്തെ മാറ്റാന്‍ കോണ്‍ഗ്രസും നരസിംഹ റാവുവും പിന്നീട് തീരുമാനിക്കുകയായിരുന്നു. യു.പിയിലെ കല്യാണ്‍ സിങ് സര്‍ക്കാര്‍ രാജിവെച്ചു. എന്നാല്‍ അതിന് പിന്നാലെ രാജസ്ഥാന്, ഹിമാചല്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകളെ നരസിംഹ റാവു പിരിച്ചുവിട്ടു. ആര്‍എസ്എസ്, വിഎച്ച്പി തുടങ്ങിയ ദേശീയ പ്രസ്ഥാനങ്ങളെ നിരോധിച്ചു. അവയുടെ നേതാക്കളെ തടവിലാക്കി.അതിനൊപ്പമാണ് ഇങ്ങനെ ഒരു ഗൂഢാലോചന കേസ് കെട്ടിച്ചമച്ചതും സംഘ പ്രസ്ഥാനങ്ങളുടെ നേതാക്കളെ കുടുക്കാന്‍ ശ്രമിച്ചതും. എന്നാല്‍ ആര്എസ്എസിനുംമറ്റുമെതിരെയുള്ള നിരോധനമൊക്കെ അത് പരിശോധിച്ച ജുഡീഷ്യല്‍ ട്രിബുണല്‍ നിരാകരിച്ചു. യഥാര്‍ഥത്തില്‍ റാവു എന്താണോ ഉദ്ദേശിച്ചത് അതിനപ്പുറത്തേക്ക് കാര്യങ്ങള്‍ മാറുകയായിരുന്നു. നരസിംഹ റാവു ഇന്ന് എങ്ങിനെയാണ് ഇന്നാട്ടില് സ്മരിക്കപ്പെടുന്നത്, കോണ്‍ഗ്രസ് അദ്ദേഹത്തോട് ചെയ്ത പാതകങ്ങളും, സ്മരിക്കപ്പെടേണ്ടതുണ്ട്. അതേസമയം സംഘ പ്രസ്ഥാനങ്ങള്‍ ദിനംപ്രതി എന്നോണം രാജ്യത്ത് ശക്തി പ്രാപിച്ചു; ബിജെപി ഇന്നിപ്പോള്‍ തനിയെ രാജ്യം ഭരിക്കുന്നു. കോണ്‍ഗ്രസിന്റെ അവസ്ഥയോ?
തര്‍ക്കമന്ദിരം തകര്‍ത്തതും ഗൂഢാലോചനയും വെവ്വേറെ കേസുകളാണ്. തകര്‍ത്ത കേസ് വേറെയായി വിചാരണ നടന്നിരുന്നു. ഏറ്റവുമൊടുവില്‍ അന്ന് റാവു സര്‍ക്കാര്‍ സിബിഐയെ ഉപയോഗിച്ചുകൊണ്ട് തട്ടിക്കൂട്ടിയ ഗൂഢാലോചന കേസും തള്ളിയിരിക്കുന്നു. ബിജെപിക്കും ഹൈന്ദവ ദേശീയ പ്രസ്ഥാനങ്ങള്‍ക്കുമെതിരെ നടന്ന ഏറ്റവും വലിയ കള്ളപ്രചാരണമാണ് ഇവിടെ കുഴിച്ചുമൂടപ്പെടുന്നത്. സത്യം ജയിക്കും, സത്യമേ ജയിക്കൂ എന്നതും ഇവിടെ തെളിയിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: