കൊച്ചി : ചികിത്സ കിട്ടാതെ ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവത്തില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കൊവിഡ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ അടിയന്തര ഘട്ടങ്ങളില്‍ രോഗികളെ പ്രവേശിപ്പിക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസും അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. അഭിഭാഷകനായ ബാലു ഗോപാലകൃഷ്ണന് ആണ് ഹൈക്കോടതിയെ സമീപിച്ചത്.
കൊറോണ ചികിത്സ പൂര്‍ത്തിയാക്കിയതിനാല്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കിഴിശ്ശേരി സ്വദേശിനി സഹലയുടെ ഇരട്ടക്കുട്ടികള്‍ മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ അഞ്ച് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചെന്നാണ് പരാതി. സ്വകാര്യ ആശുപത്രികള്‍ ആര്‍ടി പിസിആര്‍ ഫലം വേണമെന്ന് നിര്‍ബന്ധിച്ചതോടെ രണ്ട് പിഞ്ചുകുട്ടികളുടെ ജീവിക്കാനുള്ള അവകാശമാണ് ഇല്ലാതായത്. ഇത്തരത്തില്‍ ഒരു സംഭവം ഇനി ആവര്‍ത്തിക്കപ്പെടാന്‍ ഇടവരുത്തരുതെന്നും പരാതിക്കാരന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
ഗര്‍ഭിണിയായിരുന്ന സഹല മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് കൊറോണ ചികിത്സ പൂര്‍ത്തിയാക്കി രണ്ട് ദിവസം മുമ്പ് വീട്ടിലേക്ക് പോയതാണ്. തുടര്‍ന്ന് കടുത്ത വേദനയെ തുടര്‍ന്നാണ് പുലര്‍ച്ചെ തിരികെ ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ കൊറോണ ചികിത്സ പൂര്‍ത്തിയാക്കിയതിനാല്‍ കോവിഡ് ആശുപത്രിയായ മഞ്ചേരിയില്‍ പ്രവേശിപ്പിക്കാനാകില്ലെന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്. ഇത് കൂടാതെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യണമെന്ന ആവശ്യവും ഇവര്‍ നിഷേധിക്കുകയായിരുന്നു.
തുടര്‍ന്ന് ഉച്ചയോടെ കോട്ടപ്പറമ്പ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോയെങ്കിലും അവിടെ ഡോക്ടര്‍മാര്‍ ഇല്ലായിരുന്നു. പിന്നീട് ഓമശ്ശേരി ശാന്തി ആശുപത്രിയെ സമീപിച്ചെങ്കിലും ആര്‍ടി പിസിആര്‍ പരിശോധന ഫലം ഉണ്ടെങ്കിലെ അഡ്മിറ്റ് ചെയ്യാന്‍ കഴിയുള്ളു എന്നാണ് മറുപടി നല്‍കിയത്. വൈകിട്ടോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴേക്കും ചികിത്സ കിട്ടാതെ 14 മണിക്കൂര്‍ പിന്നിട്ടു. ശസ്ത്രക്രിയയിലൂടെ കുട്ടികളെ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു.
അതേസമയം ഈ മെഡിക്കല്‍ കോളേജില്‍ കൊറോണ വൈറസ് രോഗലക്ഷണങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി നാല് സ്ത്രീകള്‍ക്കും ചികിത്സ നിഷേധിക്കുകയും അവിടെ നിന്നും 25 കിലോമീറ്ററോളം ദുരെയുള്ള പെരുന്തല്‍മണ്ണ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതായും പരാതിക്കാരന് ആരോപിക്കുന്നുണ്ട്. സംസ്ഥാനത്തെ ആരോഗ്യ മേഖലയുടെ പ്രവര്‍ത്തനം തന്നെ തകരാറിലാണ്.
കൊറോണ വൈറസ് വ്യാപന സാധ്യത ചൂണ്ടിക്കാട്ടി അടിയന്തിര ചികിത്സ വേണ്ടവര്‍ക്ക്് പോലും ഇത് നിഷേധിക്കുകയാണ്. ജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇത് പാലിക്കുന്നില്ല. നിലവിലെ സാഹചര്യങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനായി ഉചിതമായ നടപടി സ്വീകരിക്കണം. ചികിത്സ ലഭിക്കാതെ ഇരട്ട കുട്ടികള്‍ മരിച്ചതില്‍ കുറ്റക്കാരായ ആശുപത്രി അധികൃതര്‍ക്കെതിരെ അന്വേഷണം നടത്തി നിയമ നടപടി കൈക്കൊള്ളണമെന്നും ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: