തിരുവല്ല: ശബരിമല മണ്ഡല- മകരവിളക്ക് ഉത്സവത്തിനായി തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയാലും ആരോഗ്യ പ്രോട്ടോക്കോള്‍ പാലിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഏറെ ബുദ്ധിമുട്ട് നേരിടും. മുന്‍വര്‍ഷങ്ങളിലെ തീര്‍ത്ഥാടനത്തില്‍ നിന്ന് വ്യത്യസ്തമായ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. തീര്‍ത്ഥാടകരുടെ എണ്ണം നിയന്ത്രിക്കുക തന്നെയായിരിക്കും പ്രധാന വെല്ലുവിളി. തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുന്ന വിഷയത്തില്‍ ദേവസ്വം ബോര്‍ഡും ആരോഗ്യ വകുപ്പും രണ്ട് തട്ടിലാണ്. ഒരു ദിവസം പ്രവേശിപ്പിക്കുന്ന തീര്‍ത്ഥാടകരുടെ സംഖ്യയെ ചൊല്ലിയാണ് ഭിന്നത. ഇത് സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ട് വന്നെങ്കില്‍ മാത്രമേ ഇക്കാര്യത്തില്‍ അന്തിമരൂപമാവുകയുള്ളു.
കൊവിഡ് പ്രതിസന്ധിയും പ്രതികൂല കാലാവസ്ഥയും മൂലം സന്നിധാനത്തും ഇടത്താവളങ്ങളിലും ഒരുക്കങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. നിലയ്ക്കല്‍ – പമ്പ റൂട്ടില്‍ മലയിടിച്ചില്‍ മൂലം റോഡ് വിണ്ടു കീറിയതിനെ തുടര്‍ന്ന് സന്നിധാനത്തേക്കുള്ള സാധന,സാമഗ്രികളുടെ നീക്കം തടസ്സപ്പെട്ടു.ഈ റോഡിന്റെ പുനര്‍നിര്‍മാണം പൂര്ത്തിയാകണമെങ്കില്ത്തന്നെ ഒന്നരമാസമെടുക്കും. ഇത്തവണ കട ലേലം മുടങ്ങിയതോടെ കണ്‍സ്യൂമെര്‍ഫെഡും സപ്ലൈക്കോയും സേവനത്തിന് ഉണ്ടാകുമെന്നാണ് പറയുന്നത്. തീര്‍ത്ഥാടകരുടെ ആവശ്യം നിറവേറ്റാന്‍ ഈ സ്ഥാപനങ്ങള്‍ക്ക് കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. സ്ഥല ലേലം നടന്നിട്ടില്ലാത്തിനാല്‍ ഹോട്ടലുകള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഈ സാഹചര്യത്തില്‍ ഭക്ഷണത്തിന് ബദല്‍ ക്രമീകരണങ്ങള്‍ ഒരുക്കേണ്ടി വരും.
ആന്റിജന്‍ പരിശോധന നടത്തിയതിന് ശേഷമേ സന്നിധാനത്തേക്ക് ആളുകളെ വിടൂ. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന തീര്‍ത്ഥാടകരുടെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അടക്കമുള്ളവ പരിശോധിക്കേണ്ടി വരും. ഇതിനായി വിപുലമായ സംവിധാനം ഒരുക്കേണ്ടി വരും. ഒരു ദിവസം പ്രവേശിപ്പിക്കുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തിന് അനുസരിച്ച് ആന്റിജന്‍ പരിശോധനയ്ക്കും ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കേണ്ടി വരും. ഇവര്‍ക്ക് ക്വാറന്റൈനും വിശ്രമത്തിനും താമസത്തിനുമുളള സൗകര്യം ഒരുക്കണം. സംസ്ഥാനത്ത് കൊവിഡ് മൂര്‍ധന്യത്തിലേക്ക് കടന്ന സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ സ്പെഷ്യല്‍ ഡ്യൂട്ടിക്കായി എങ്ങനെ നിയോഗിക്കുമെന്ന ചോദ്യമാണ് ആരോഗ്യ വകുപ്പ് ഉയര്‍ത്തുന്നത്. ഭക്തര്‍ക്ക് വിരിവയ്ക്കാന്‍ അനുവാദമില്ലാത്ത സന്നിധാനത്തും പമ്പയിലും സമൂഹിക അകലം പാലിച്ച് പോലീസ്,ദേവസ്വം ജീവനക്കാര്‍,ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് താമസ,ഭക്ഷണ സൗകര്യങ്ങള്‍ ഒരുക്കുന്നതും ബോര്‍ഡിന് വെല്ലുവിളിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: