കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ മാപ്പ് സാക്ഷിയാകാന്‍ സന്നദ്ധത പ്രകടിപ്പിച്ച് സന്ദീപ് നായര്‍ എന്‍ഐഎ കോടതിയില്‍ കത്ത് നല്‍കി. സന്ദീപ് നായര്‍ നിലവില്‍ കേസിലെ രണ്ടാം പ്രതിയാണ്. അന്തിമ തീരുമാനം എന്‍ഐഎയുടേതാണ്.
കേസില്‍ സന്ദീപിന്റെ ആവശ്യ പ്രകാരം കുറ്റസമ്മത മൊഴി രേഖപ്പെടുത്താന്‍ എന്‍ഐഎയ്‌ക്ക് കോടതി അനുമതി നല്‍കി. സിആര്‍പിസി 164 പ്രകാരമാകും സന്ദീപിന്റെ മൊഴി രേഖപ്പെടുത്തുക. ഇത് പരിശോധിച്ചശേഷം കേസില്‍ മാപ്പ് സാക്ഷി ആക്കണോ ഇല്ലയോ എന്ന് എന്‍ഐഎ അന്തിമ തീരുമാനമെടുക്കും.
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് പിടിയിലായതിനുശേഷം ഒളിച്ചുകടന്ന കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷും സന്ദീപും ഒരുമിച്ചാണ് ബെംഗളൂരുവില്‍വെച്ച് എന്‍ഐഎയുടെ പിടിയിലായത്. സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകനായ കെ.ടി. റമീസുമായി അടുത്തബന്ധമുള്ളതും ഇയാള്‍ക്കാണ്. സന്ദീപിനെ മാപ്പ് സാക്ഷിയാക്കിയാല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കൂടുതല്‍ ശക്തമായ തെളിവുകള്‍ ലഭിക്കുമെന്നും അന്വേഷണം ഉന്നതരിലേക്ക് നീങ്ങുമെന്നുമാണ് എന്‍ഐഎ പ്രതീക്ഷിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ പ്രതികള്‍ക്കെതിരെ കര്‍ശ്ശന നടപടികള്‍ക്കൊരുങ്ങി എന്‍ഐഎ തെളിവുകള്‍ക്കായി അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടയിലാണ് സന്ദീപ് നായര്‍ കേസില്‍ മാപ്പ് സാക്ഷിയാകാന്‍ സന്നദ്ധത പ്രകടപ്പിച്ചിരിക്കുന്നത്. അതേസമയം കേസില്‍ മൂവാറ്റുപുഴ സ്വദേശികളായ രണ്ട് പ്രതികളെ മാപ്പ് സാക്ഷികളാക്കാനും എന്‍ഐഎ നീക്കം നടത്തിയിരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: