കൊച്ചി: മുഖ്യമന്ത്രി അധ്യക്ഷനായ ലൈഫ് മിഷന് പദ്ധതിയിലെ അഴിമതി അന്വേഷിക്കുന്ന സിബിഐ ലൈഫ് മിഷന് സിഇഒ. യു.വി. ജോസിനെ ചോദ്യം ചെയ്യാന്‍ വിളിച്ചു. ഒക്ടോബര്‍ അഞ്ചിന് വടക്കാഞ്ചേരി പദ്ധതിയുടെ സകല രേഖകളുമായി കൊച്ചി സിബിഐ ആസ്ഥാനത്ത് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സിബിഐയുടെ തുടര്‍ നടപടിയില്‍ എത്തുന്നത് മിഷന് തലവനിലേക്കാണ്.
മിഷന്റെ തൃശൂര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ലിന്‍സ് ഡേവിഡിനെ ഇന്നലെ സിബിഐ മൂന്നു മണിക്കൂറിലേറെ ചോദ്യം ചെയ്തു. ജില്ലയിലെ മറ്റ് മിഷനുകള്‍, ഈ പദ്ധതിയുടെ നിര്‍മാണ കോണ്‍ട്രാക്ട് യൂണിടാക്കിന് കൊടുക്കാന്‍ കാരണം, ടെന്‍ഡര്‍ ഉണ്ടായിരുന്നോ? ഇടനിലക്കര്‍ ആരൊക്കെ? തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ.സി. മൊയ്തീന് പദ്ധതിയില്‍ സഹകരിച്ചതെങ്ങനെ തുടങ്ങിയ വിവരങ്ങളാണ് ചോദിച്ചത്. മറ്റു പദ്ധതികളിലില്ലാത്ത ഇടപെടലുകള്‍ സര്‍ക്കാര്‍ തലത്തിലുണ്ടായതായി വിശദീകരിച്ചതായാണ് അറിയുന്നത്. ചില മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചിലരുടെ ഇടപെടലുകളും ഉണ്ടായെന്ന് ലിന്‍സ് ഡേവിസ് മൊഴി കൊടുത്തിട്ടുണ്ട്.
യുണിടാക് എംഡി സന്തോഷ് ഈപ്പനേയും ഭാര്യയേയും സിബിഐ ചോദ്യം ചെയ്തിരുന്നു. പദ്ധതിയുടെ കോണ്‍ട്രാക്ട് നേടിക്കൊടുത്തതിന് സ്വപ്ന സുരേഷിന് വിഹിതം കൊടുത്തതായി സന്തോഷ് വിശദീകരിച്ചിട്ടുണ്ട്. സ്വപ്നയ്ക്ക് ബാങ്കുവഴിയാണ് ഒരു കോടി രൂപ നല്‍കിയത്. ഇതു സംബന്ധിച്ച് സന്തോഷിന്റെ പക്കലുള്ള രേഖകളും സിബിഐക്ക് കൈമാറി. കേസില്‍ ഒന്നാം പ്രതിയാണ് സന്തോഷ്.
ലൈഫ് മിഷന് സിഇഒ യു.വി. ജോസിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മുമ്പ് ചോദ്യം ചെയ്തിരുന്നു. യുഎഇ ഏജന്‍സിയും ലൈഫ് മിഷനും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ സംബന്ധിച്ചായിരുന്നു അന്ന് വിശദീകരണം തേടിയത്. കരാര്‍ ഒപ്പിട്ടത് ജോസാണ്. പക്ഷേ, കരാറുണ്ടാക്കിയതും വിദേശ സംഭാവന സ്വീകരിക്കാന്‍ നയപരമായി തീരുമാനിച്ചതും ”എനിക്ക് മുകളിലുള്ളവരാണ്, സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കുക മാത്രമാണ് സിഇഒയുടെ കടമ” എന്നുമാണ് ജോസ് വിശദീകരിച്ചത്. ആ മൊഴിയില്‍നിന്ന് ഇനി മാറ്റി പറയാനാവില്ല.
ജോസില്‍നിന്ന് ഔദ്യോഗികമായി മൊഴി എടുക്കുക, കരാര്‍ സംബന്ധിച്ചുണ്ടായ നടപടി ക്രമങ്ങള്‍ ചോദിച്ച് രേഖയിലാക്കുക, രേഖകള്‍ കൈവശമാക്കുക തുടങ്ങിയവയാണ് ഒക്ടോബര്‍ അഞ്ചിയെ സിബിഐയുടെ ദൗത്യം. അതോടെ അടുത്തയാളിലേക്ക് സിബിഐ നടപടി നീങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: