മലപ്പുറം: ‘ആരോഗ്യമന്ത്രിയും ഒരു പെണ്ണല്ലേ, അവരും പ്രസവിച്ചിട്ടുണ്ടാകില്ലേ, ഞങ്ങളുടെ വിഷമം എന്താണെന്ന് അവര്‍ക്ക് മനസ്സിലാകില്ലേ?’. ആരോഗ്യവകുപ്പിന്റെ അനാസ്ഥയില്‍ ഇരട്ടക്കുട്ടികളെ നഷ്ടപ്പെട്ട അച്ഛന് എന്‍.സി. ഷെരീഫ് നിറകണ്ണുകളോടെ ചോദിക്കുന്നു.
‘ഞാനൊരു കാര്യം ചെയ്യാം. എന്റെ കുട്ടികള്‍ക്ക് ഞാന്‍ മാസങ്ങള്‍ക്ക് മുമ്പേ കുഞ്ഞുടുപ്പും തൊട്ടിലും ഒക്കെ വാങ്ങി വച്ചതാ. ലോക്ഡൗണായാല്‍ വാങ്ങാന്‍ പറ്റാതെ വരുമോയെന്ന് കരുതിയിട്ട്. അപ്പോ വാങ്ങി വച്ചാല്‍ അതില്‍ എന്തെങ്കിലും വൈറസ് വരുമോ എന്ന് പേടിച്ചിട്ട് ഞാന്‍ അതൊക്കെ കഴുകി ഉണക്കിയിട്ടാ ആശുപത്രിയില്‍ കൊണ്ടുവന്നത്. നോക്ക്, ആ വരാന്തയില്‍ എല്ലാം കൂട്ടി വച്ചിട്ടുണ്ട്. എന്റെ ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്താ അതെല്ലാം കൊണ്ടുപോയി ഞാന്‍ കളക്ടര്‍ക്ക് കൊടുക്കും. എല്ലാം വീതിച്ച് കൊടുക്കട്ടെ. എന്റെ കുട്ടികളെ കൊന്ന സൂപ്രണ്ടിനും അവരെ പിന്തുണക്കുന്ന ആരോഗ്യമന്ത്രിക്കും ഒക്കെ വീതിച്ച് കൊടുക്കട്ടെ’, പൊട്ടിക്കരഞ്ഞുകൊണ്ട് ഷെരീഫ് തുടരുന്നു.
തന്റെ കുട്ടികള്‍ മരിച്ച സംഭവത്തെക്കുറിച്ച് ആരോഗ്യമന്ത്രി പറയുന്നതെല്ലാം കള്ളമാണെന്ന് ഷെരീഫ് പറയുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച വകുപ്പുതല അന്വേഷണത്തില്‍ ഒരു വിശ്വാസവുമില്ല. അധികൃതര്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാന്‍ തനിക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ്. വേദനയോടെയാണ് ഓരോ കാര്യങ്ങളും കേള്‍ക്കുന്നതെന്നും ഷെരീഫ് പറയുന്നു. ഈ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും, അന്വേഷണം പ്രഖ്യാപിച്ചുവെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞിരുന്നു. എന്നാല്‍, മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് യുവതിയെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് വാങ്ങി കൊണ്ടുപോവുകയായിരുന്നുവെന്നും, ചികിത്സ നല്കുന്നതില് ഒരു വീഴ്ചയും ആശുപത്രിക്ക് ഉണ്ടായിട്ടില്ലെന്നുമാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇത് ആരോഗ്യവകുപ്പ് അറിയിക്കുകയും ചെയ്തു. ഇത് പൂര്‍ണമായും തെറ്റാണെന്ന് ഷെരീഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: