മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ മുംബൈയിലെ തന്റെ ഓഫീസ് പൊളിച്ചത് രാഷ്ട്രീയ പകപോക്കലാണെന്ന കങ്കണ റണാവത്തിന്റെ പരാതിയില്‍ തെളിവുകള്‍ പരിശോധിച്ച് മുംബൈ ഹൈക്കോടതി. സമൂഹമാധ്യമം വഴി കങ്കണയും ശിവസേന നേതാവ് സഞ്ജയ് റാവത്തും നടത്തിയ പരസ്യപ്രസ്താവനകളുടെ തെളിവുകളാണ് ഹൈക്കോടതി പരിശോധിച്ചത്.
കങ്കണയ്ക്കെതിരെ സഞ്ജയ് റാവത്ത് അഭിമുഖത്തില്‍ മോശം വാക്കുകള്‍ ഉപയോഗിച്ചെന്നും ഇതിന് മറുപടി നല്‍കിയപ്പോഴാണ് തന്റെ ഓഫീസ് പൊളിക്കുന്ന നടപടിയിലേക്ക് ശിവസേന നേതൃത്വം നല്കുന്ന സര്‍ക്കാര്‍ കടന്നതെന്നുമാണ് കങ്കണയുടെ പരാതി. സഞ്ജയ് റാവത്ത് നല്കിയ അഭിമുഖത്തിന്റെ വീഡിയോ ദൃശ്യം കോടതി പരിശോധിച്ചു. ഇതില്‍ മോശം വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് കങ്കണയുടെ അഭിഭാഷകന് ബിരേന്ദ്ര സറഫിന്റെ വാദം.
എന്നാല്‍, മഹാരാഷ്ട്രയില്‍ തമാശയായി പറയുന്ന വാക്കുകളാണിതെന്നും കങ്കണയുടെ പേര് പരാമര്‍ശിച്ചല്ല ഇത്തരം പ്രസ്താവനകളെന്നും സഞ്ജയ് റാവത്തിന്റെ അഭിഭാഷകന് അറിയിച്ചു. നേരത്തെ സഞ്ജയ് റാവത്ത് ഉള്‍പ്പെടെയുള്ള ശിവസേന നേതാക്കളുമായി സമൂഹമാധ്യമത്തിലൂടെ കങ്കണ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. മുംബൈയിലെത്തിയാല്‍ ജീവന് ഭീഷണിയുണ്ടെന്നും താരം പറഞ്ഞിരുന്നു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വൈ പ്ലസ് സുരക്ഷയിലാണ് താരം മുംബൈയിലെത്തിയത്.
ഓഫീസ് പൊളിച്ചതിന് നഷ്ടപരിഹാരമായി രണ്ട് കോടി വേണമെന്ന് കങ്കണയുടെ അഭിഭാഷകന് വാദിച്ചു. പാലി ഹില്‍സിലുള്ള ഓഫീസില്‍ പതിനാല് അനധികൃത മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നാണ് ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ വാദം. എന്നാല്‍ ഇത് തെറ്റാണെന്നും ഓഫീസില്‍ അറ്റകുറ്റപണികള്‍ നടത്തിയത് കോര്‍പ്പറേഷന്റെ അനുമതിയോടെയാണെന്നും അഭിഭാഷകന് വ്യക്തമാക്കി.
2017ലാണ് കങ്കണ ഓഫീസ് വാങ്ങുന്നത്. 42 വര്‍ഷത്തെ പഴക്കമുണ്ടായിരുന്നതിനാല്‍ ചെറിയ മാറ്റങ്ങള്‍ വരുത്താനായി കോര്‍പ്പറേഷനെ സമീപിച്ചു. പിന്നീട് അവരുടെ നിബന്ധനകള്‍ പാലിച്ചാണ് മാറ്റങ്ങള്‍ വരുത്തിയത്. നോട്ടീസ് പതിപ്പിച്ച് 24 മണിക്കൂറിനുള്ളില്‍ പൊളിക്കല്‍ നടപടിയിലേക്ക് നീങ്ങിയ ബിഎംസിയുടെ നടപടി പ്രതികാര രാഷ്ട്രീയമാണെന്നും കങ്കണയുടെ അഭിഭാഷകന് വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: