തിരുവനന്തപുരം: 2021 കലണ്ടർ വർഷത്തിലെ പ്രതീക്ഷിത ഒഴിവുകൾ മുൻകൂറായി കേരള പബ്ലിക് സർവീസ് കമ്മീഷനെ അറിയിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് നിർദ്ദേശം നൽകി. ഓരോ വകുപ്പിലുമുള്ള ഒഴിവുകള്‍ കൃത്യമായി പി എസ് സിയെ അറിയിക്കാന്‍ സോഫ്റ്റ് വെയര്‍ വരെ ഒരുക്കിയിരുന്നു. ഇതൊന്നും ഉപയോഗിക്കാതെ വകുപ്പു മേധാവികള്‍ താൽക്കാലികക്കാരെ നിയമിക്കാൻ തയ്യാറാവുകയുമായിരുന്നു. ഇതിനെതിരെ ആക്ഷേപം ശക്തമായപ്പോഴാണ് പുതിയ ഉത്തരവ്.
എല്ലാ വകുപ്പ് തലവൻമാരും/ നിയമനാധികാരികളും 2021 വർഷത്തിൽ ഓരോ തസ്തികകളിലും ഉണ്ടാകാൻ സാധ്യതയുള്ള പ്രതീക്ഷിത ഒഴിവുകൾ കണക്കാക്കി ഒക്‌ടോബർ 30 നകം പി.എസ്.സിയെ അറിയിക്കണം.
ഒഴിവുകൾ പ്രതീക്ഷിക്കുന്നില്ലെങ്കിൽ ‘ഒഴിവുകൾ ഇല്ല’ എന്നും അറിയിക്കണം. പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്ത പ്രതീക്ഷിത ഒഴിവുകൾ നവംബർ 30 നകം സെക്രട്ടേറിയറ്റിലെ ബന്ധപ്പെട്ട ഭരണവകുപ്പിനും ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര (ഉപദേശ സി) വകുപ്പിനും നിശ്ചിത മാതൃകയിൽ റിപ്പോർട്ട് ചെയ്യണം.
സംസ്ഥാനതല റിക്രൂട്ട്‌മെന്റുകൾ നടക്കുന്ന തസ്തികകളിലെ ഒഴിവുകൾ ബന്ധപ്പെട്ട വകുപ്പ് അധ്യക്ഷന് റിപ്പോർട്ട് ചെയ്യണം. പി.എസ്.സിയുടെ ഇ-വേക്കൻസി സോഫ്റ്റ്‌വെയർ സംവിധാനം മുഖേന മാത്രമേ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാവൂ. പ്രതീക്ഷിത ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും നിർദ്ദേശമുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: