മലപ്പുറം : പ്രവാസികള്‍ക്കായി കൊറോണ വൈറസ് പരിശോധനയുടെ വ്യാജ സര്‍ട്ടിഫിക്ക് നല്കി ലക്ഷങ്ങള്‍ തട്ടിയതായി കണ്ടെത്തല്‍. മലപ്പുറം വളാഞ്ചേരിയിലെ സ്വകാര്യ ലാബ് ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്കി 45 ലക്ഷത്തില്‍ അധികം രൂപ കൈപ്പറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.
ലാബില്‍ നിന്നുള്ള നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുമായി വിദേശത്ത് പോയവര്‍ അവിടെ നടത്തിയ പരിശോധനയില്‍ പോസിറ്റിവെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് തട്ടിപ്പ് പുറത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട പരാതിയില്‍ ലാബ് മാനേജര്‍ നിലവില്‍ അറസ്റ്റിലാണ്. കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്ന് ദുബായിലേക്ക് പോകേണ്ടിയിരുന്ന നിരവധിയാളുടെകളുടെ യാത്ര വ്യാജ സര്‍ട്ടിഫിക്കറ്റിനെ തുടര്‍ന്ന് മുടങ്ങിപ്പോയിരുന്നു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈക്രോ ഹെല്‍ത്ത് എന്ന ലാബടക്കം രാജ്യത്തെ നാല് ലാബുകളെ വിലക്കിക്കൊണ്ട് സൗദി വിദേശകാര്യ മന്ത്രാലയം എയര്‍ലൈന്‍സുകള്‍ക്ക് നോട്ടീസ് നല്കിയതിനാല് അവിടുത്തെ സര്‍ട്ടിഫിക്കറ്റുമായി എത്തിയവര്‍ക്ക് യാത്രാനുമതി നിഷേധിക്കുകയായിരുന്നു.
മൈക്രോ ലാബിന്റെ ഫ്രാഞ്ചൈസി ആയി പ്രവര്‍ത്തിക്കുന്ന മലപ്പുറം വളാഞ്ചേരിയിലെ അര്‍മ ലാബ് 2500 പേരുടെ സ്രവം പരിശോധനക്കായി ശേഖരിക്കുകയും ഇതില്‍ 490 പേരുടെ സ്ലാബ് മാത്രം മൈക്രോ ലാബിന് അയച്ച് കൊടുക്കുകയും ചെയ്തു. ബാക്കിയുള്ളവരുടെ സ്രവം പരിശോധിക്കാതെ തന്നെ മൈക്രോ ലാബിന്റെ വ്യാജ ലെറ്റര്‍ പാഡില്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നല്‍കുകയായിരുന്നു. ഇത്തരത്തില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കിട്ടിയ ഒരാള്‍ സൗദിയിലെത്തി നടത്തിയ പരിശോധനയില്‍ പോസിറ്റീവ് ആയി.
ഇവര്‍ നല്കിയ പരാതിയില്‍ അര്‍മ ലാബ് മാനേജരായ വളാഞ്ചേരി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ഒരാളില്‍ നിന്ന് 2250 രൂപയാണ് അര്‍മ ലാബ് ടെസ്റ്റിന് ഈടാക്കിയിരുന്നത്. ഇങ്ങനെ ആകെ തട്ടിയത് 45ലക്ഷത്തിലേറെ രൂപ ലാബുകാര്‍ ഫീസിനത്തില്‍ തന്നെ വാങ്ങിയിട്ടുണ്ട്.
കൊറോണ വൈറസ് ടെസ്റ്റിന് ഐസിഎംആര്‍ അനുമതി കിട്ടിയ സ്വകാര്യ ലാബുകളിലൊന്നാണ് കോഴിക്കോട്ടെ മൈക്രോ ഹെല്‍ത്ത് ലാബ്. ഈ അനുമതിയുടെ മറവിലാണ് ഫ്രാഞ്ചൈസി വലിയ തട്ടിപ്പ് നടത്തിയത്. പരിശോധനയ്ക്കും സ്രവശേഖരണത്തിനും സര്‍ക്കാരിന്റെ നിയന്ത്രണമില്ലാത്തതിന്റെ മറവിലാണ് സ്വകാര്യ ലാബ് ഈ തട്ടിപ്പുകളെല്ലാം നടത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: