”ചിന്തയും വാക്കും പ്രവൃത്തിയും പൂര്‍ണമായും തമ്മില്‍ത്തമ്മില്‍ ഇണങ്ങിച്ചേരുന്നതാവണം” എന്നു നിര്‍ദ്ദേശിച്ചത്. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയാണ്. അദ്ദേഹത്തിന്റെ ഒട്ടുമിക്ക നിര്‍ദ്ദേശങ്ങളേയും തള്ളിക്കളഞ്ഞവരാണ്, ഗാന്ധിയുടെ അനുയായികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ സ്ഥിതിവിശേഷം ഇതാണെന്നിരിക്കെ, ഈ നിര്‍ദ്ദേശത്തിനും കാര്യമായ പ്രസക്തിയൊന്നുമില്ലാതെയായിരിക്കുന്നു. ആത്മപ്രശംസയുടെ ഉത്തുംഗശൃംഗങ്ങളില്‍ വിലസുന്ന കേരളത്തിലെ ഇടതുപക്ഷ ഭരണകൂടമാവട്ടെ, വാക്കും പ്രവൃത്തിയും തമ്മിലുള്ള ഭിന്നതയുടെ, വൈപരീത്യത്തിന്റെ കാര്യത്തില്‍ എല്ലാ അതിരുകളും പിന്നിട്ടിരിക്കുന്നു. അവതാരങ്ങളുണ്ടാവില്ല തന്റെ ഭരണകാലത്തെന്ന് പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി പദത്തിലെത്തിയ പിണറായി വിജയന്റെ ഓഫീസുമായി ബന്ധപ്പെട്ട് പത്തല്ല നൂറവതാരങ്ങളാണ് അരങ്ങു തകര്‍ക്കുന്നത്. സ്ത്രീ പീഡകര്‍ക്കു മാപ്പില്ലെന്ന മുദ്രാവാക്യമുയര്‍ത്തി അധികാരത്തിലെത്തിയവര്‍, സ്ത്രീ പീഡനത്തിന്റെ ഇതഃപര്യന്തമുള്ള റിക്കാര്‍ഡുകള്‍ ഭേദിക്കപ്പെടുമ്പോഴും നിശ്ശബ്ദത പുലര്‍ത്തുന്നത് നമുക്ക് കാണേണ്ടിവരുന്നു. എല്‍ഡിഎഫ് വരും, എല്ലാം ശരിയാകുമെന്ന് നമ്മെ വിശ്വസിപ്പിച്ചവര്‍ നിരാശ മാത്രമല്ല, വാക്കും പ്രവൃത്തിയും തമ്മില്‍ ഏതൊരു കാലത്തുണ്ടായിരുന്നതിനെക്കാള്‍ അകലം സംഭവിച്ചുകൊണ്ടിരിക്കുന്നതിന്റെ ഞെട്ടല്‍ കൂടിയാണ് കേരളീയര്‍ക്കു സമ്മാനിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞാല്‍ മന്ത്രിസഭയിലെ താരമായി മാറ്റിയത് ആരോഗ്യമന്ത്രി കെ.കെ. ശൈലജയെയാണ്. ‘ശൈലജ ടീച്ചറെ’ന്നല്ലാതെ പറയുന്നതുപോലും തിന്മയായി വ്യാഖ്യാനിക്കുന്നിടത്തോളം ബോധപൂര്‍വമായി താരാരാധന സൃഷ്ടിക്കപ്പെട്ടു ഇക്കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടയില്‍; പിന്നെപ്പിന്നെ അതും കഴിഞ്ഞ് അവര്‍ ‘ടീച്ചറമ്മ’യും കേരളത്തിന്റെ ‘നന്മമര’വുമായി സൈബര്‍ ലോകത്ത് പുനരവതരിച്ചു. വൈതാളികര്‍ അനുസ്യൂതം സ്തുതിഗീതങ്ങളാലപിച്ചു; സൈബര്‍ സഖാക്കള്‍ പ്രചണ്ഡപ്രചാരണമാഘോഷിച്ചു; കേള്‍ക്കുന്നതെല്ലാം നേരെന്നു വിശ്വസിച്ച നിഷ്കളങ്കര്‍, കേരളത്തില്‍ എത്രയോ പതിറ്റാണ്ടുകളായി പുഷ്ടിപ്രാപിച്ച ആരോഗ്യമേഖലയിലെ നേട്ടങ്ങളത്രയും ആരോഗ്യമന്ത്രി ശൈലജയുടെ മഹാസംഭാവനകളായി തിരിച്ചറിഞ്ഞു സന്തോഷിച്ചു; ഈ ആഘോഷങ്ങള്ക്കിടയിലെവിടെയോ നിന്നും അനാരോഗ്യം മൂലം ദുര്‍ബലമായിത്തീര്‍ന്ന ആരോഗ്യ വകുപ്പു മന്ത്രാലയത്തിന്റെ കെടുകാര്യസ്ഥതയുടെ ഞരക്കങ്ങളുയര്ന്നെങ്കിലും ആരുമതു കേട്ടില്ല.
പൗരാണിക ചൈനീസ് തത്വചിന്തകനായ കണ്‍ഫ്യൂഷ്യസ് നിരീക്ഷിക്കുന്നത് മൂന്ന് കാര്യങ്ങള്‍ ഏറെക്കാലം മറച്ചുവയ്ക്കാന്‍ കഴിയില്ല എന്നാണ്. സൂര്യനും ചന്ദ്രനും സത്യവുമാണ് ആ മൂന്നു കാര്യങ്ങള്‍ എന്നദ്ദേഹം പറയുന്നു. കണ്‍ഫ്യൂഷ്യസിന്റെ നിരീക്ഷണം സത്യമെന്നു തെളിയിച്ചുകൊണ്ട് ഇതാ, ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനക്ഷമതയെ സംബന്ധിച്ച സത്യാവസ്ഥ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. നിപ്പാവൈറസിന്റെ അനിയന്ത്രിതമായ പരക്കംപാച്ചിലിനെ പിടിച്ചുകെട്ടിയതിന് അമേരിക്കയിലെവിടെയോ നിന്ന് കിട്ടിയെന്നു പറയപ്പെടുന്ന അവാര്‍ഡിന്റെ തിളക്കം മങ്ങുന്നതിന് മുമ്പേ; വാത്സല്യാമൃതം പൊഴിയുന്ന കരുതല്‍ വാക്കുകളുടെ ശോഭ മുഷിയുന്നു; പുരസ്കാരങ്ങള്‍ക്കും പ്രശംസകള്‍ക്കും സൈബറിടത്തിലെ ലൈക്കുകള്ക്കുമാവില്ല, അടിസ്ഥാനപരമായ കെടുകാര്യസ്ഥയെ മറച്ചുവയ്ക്കാന്‍ എന്ന സത്യം വെളിപ്പെടുന്നു. ഒന്നിനു പിറകേ ഒന്നായി ഈ സത്യത്തെ അരക്കിട്ടുറപ്പിക്കുന്ന വാര്‍ത്തകള്‍, മാധ്യമഹിംസയുടെ ഇക്കാലത്തും പൊതുദൃഷ്ടിയിലെത്തപ്പെടുന്നു. ഇത്തരം വാര്‍ത്തകളില്‍ ഏറ്റവുമൊടുവില്‍ നമ്മെ നടുക്കിയത് മഞ്ചേരിയിലൊരു ഗര്‍ഭിണിക്ക് തന്റെ കടിഞ്ഞൂല്‍ക്കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട സംഭവമാണ്.
മുഹമ്മദ് ഷരീഫ്-ഷഹ്ല തസ്നി ദമ്പതികള്‍ ഇരട്ടക്കുഞ്ഞുങ്ങളെ സ്വീകരിക്കാന്‍ സ്വാഭാവികമായും പ്രതീക്ഷാ നിര്‍ഭരമായി കാത്തിരിക്കുകയായിരുന്നു. ഷഹ്ലയുടെ പ്രസവത്തിയതി ഒക്ടോബര്‍ 26 ആണ്. ഇടയില്‍ കോവിഡ് പോസിറ്റീവായതിന്റെ ആശങ്കയും ഭീതിയും അവരെ വിട്ടൊഴിഞ്ഞത് സെപ്തംബര്‍ 15 നു നടത്തിയ ആന്റിജന്‍ പരിശോധനാ ഫലം നെഗറ്റീവ് ആണെന്നറിഞ്ഞതോടെയാവണം. യാതൊരു മുടക്കവും വരുത്താതെ നിര്‍ദ്ദിഷ്ട ദിവസങ്ങളില്‍ ക്വാറന്റൈന് വ്യവസ്ഥയും ഷഹ്ല പാലിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച, സെപ്തംബര്‍ 26ന് പുലര്‍ച്ചെ നാലു മണിക്ക്, നിരീക്ഷിക്കപ്പെടുന്ന ദിവസത്തിന് ഒരു മാസം മുന്‍പ് ഷഹ്ലക്ക് വയറ്റില്‍ വേദനയനുഭവപ്പെട്ടതിനെത്തുടര്ന്നാണ് അവരെ മഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിച്ചത്. എന്നാല്‍ കോവിഡ് പോസിറ്റീവ് രോഗികള്‍ക്ക് മാത്രമേ അവിടെ ചികിത്സ നല്കാന് കഴിയൂ എന്ന നിലപാടാണ് മെഡക്കല്‍ കോളേജ് അധികൃതര്‍ സ്വീകരിച്ചത്. രാവിലെ ഒന്‍പതരയോടെ, നിരാശയിലാണ്ട ഷഹ്ലയും ഭര്‍ത്താവും അവിടെനിന്ന് കോട്ടപ്പറമ്പ് സര്‍ക്കാര്‍ വക സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ആശുപത്രിയിലേക്കുപോയി. എന്നാല്‍ പതിനൊന്നര മണിക്ക് മാത്രമാണ് മെഡിക്കല്‍ കോളേജില്‍നിന്നുള്ള റഫറന്‍സ് റിപ്പോര്‍ട്ട് കോട്ടപ്പറമ്പ് ആശുപത്രിയിലെത്തിയത്. അപ്പോഴേക്കും അവിടുത്തെ ഔട്ട്പേഷ്യന്റ് ചികിത്സാ സമയം കഴിഞ്ഞുപോയിരുന്നു. മാത്രമല്ല, അവിടെ ഗൈനക്കോളജിസ്റ്റ് ഉണ്ടായിരുന്നുമില്ല.
വേദനയും ഭയവും കടിച്ചമര്‍ത്തിയുള്ള അടുത്ത പരക്കം പാച്ചില്‍ ഓമശ്ശേരിയിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്കായിരുന്നു. ഷഹ്ലയുടെ ആന്റിജന്‍ പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും തങ്ങള്‍ക്കു സ്വീകാര്യമല്ലെന്നും, പിസിആര്‍ പരിശോധനാഫലം കിട്ടിയേ തീരൂ എന്നും സ്വകാര്യ ആശുപത്രിക്കാര് നിര്‍ബന്ധം പിടിച്ചതോടെ ആശങ്കയും ഭീതിയും മൂര്‍ധന്യത്തിലെത്തി. ഒടുവില്‍ മുക്കത്ത് മണാശ്ശേരിയിലുള്ള മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ അവരഭയം പ്രാപിച്ചു. അവിടെ വീണ്ടും ആന്റിജന്‍ പരിശോധന നടത്തി നെഗറ്റീവാണെന്നു കണ്ടെത്തി. എന്നാല്‍ സ്കാനിംഗ് നടത്തിയതോടെ, ശിശുക്കളുടെ ഹൃദയമിടിപ്പ് നിലച്ചതായി അറിഞ്ഞുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന്, പുലര്‍ച്ചെ നാലു മണിമുതല്‍ ചികിത്സ കിട്ടാനായി തെണ്ടിയലഞ്ഞ ആ ഗര്‍ഭിണിയെയുംകൊണ്ട് ഷെരീഫ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയപ്പോള്‍ സമയം വൈകുന്നേരം ആറു മണിയായിരുന്നു. വിലപ്പെട്ട പതിനാലു മണിക്കൂറുകള്‍ ഇതിനിടയില്‍ കടന്നുപോയിരുന്നു; രണ്ട് കടിഞ്ഞൂല്ക്കനികളുടെ പ്രാണനും. അവര്‍ ഇനി പരാതി കൊടുക്കും; മന്ത്രി പതിവുപോലെ അന്വേഷണം നടത്തുമെന്നും പ്രഖ്യാപിക്കും; ഒരുപക്ഷേസാംസ്കാരിക നായകന്മാര് അനുതാപ വാക്കുകള്‍ ചൊരിയും. എല്ലാം മുറപോലെ നടക്കും. ഒന്‍പതു മാസം അരുമക്കുഞ്ഞുങ്ങളെ ചുമന്ന അമ്മയുടെ കണ്ണീര് മറ്റെല്ലാവരും മറക്കും. എല്ലാം പതിവുപോലെ.
ആരോഗ്യ കേരളമെന്ന് സ്വയം അഭിനന്ദിക്കുന്നവര്‍, കേരളം നമ്പര്‍ വണ്‍ എന്ന് നാഴികക്ക് നാല്പതുവട്ടം ആേഘാഷിക്കുന്നവര്, ഈ അമ്മയുടെ കണ്ണീരിന്, രണ്ടു പിഞ്ചുകുഞ്ഞുങ്ങളുടെ ചോരയ്ക്ക് എന്തു മറുപടി പറയും? ഒറ്റപ്പെട്ട സംഭവം എന്നു തള്ളിക്കളയാം; എത്രയെത്രയോ ഒറ്റപ്പെട്ട ക്രൂരതകളുടെയും നിഷ്ഠൂരതകളുടെയും ചെഞ്ചോരച്ചാലുകള് നീന്തിക്കടന്നാണ് ഇക്കൂട്ടര്‍ ഇവിടംവരെ എത്തിയത് എന്നറിയാവുന്നവര്‍ക്ക് ഞെട്ടലുണ്ടാവില്ല. പക്ഷേ ‘ഒറ്റപ്പെട്ട’ സര്‍ക്കാര്‍ അനാസ്ഥകള്‍ക്കും ദയാശൂന്യതക്കും ഉത്തരവാദിത്വമില്ലായ്മക്കും മുന്പില് നശിച്ചുപോകുന്നത്, ഇവരെെയാക്കെ അധികാരത്തിലേറ്റാന്‍, പൊരിവെയിലും പേമാരിയിലും ക്യൂനിന്ന് വോട്ടുചെയ്ത സാധാരണക്കാരുടെ ജീവിതസ്വപ്നങ്ങളാണ്, അല്ല, അവരുടെ ജീവിതംതന്നെയാണ്.കോവിഡ് രോഗിയെ പുഴുവരിച്ചു മരിക്കാന്‍ വിട്ടത് ഇതേ ആരോഗ്യ കേരളമാണ്; സര്‍ക്കാര്‍ വക ആംബുലന്‍സില്‍വച്ച് കോവിഡ് രോഗിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ഇതേ നമ്പര്‍ വണ്‍ ആരോഗ്യ കേരളത്തിലാണ്. ഒടുവില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍വച്ച് അവള് ആത്മഹത്യക്ക് ഒരുങ്ങിയതും ഇതേ കേരളത്തില്‍. ചികിത്സ വേണം ഈ നാട്ടിലെ നന്മാമരം ഭരിക്കുന്ന ആരോഗ്യവകുപ്പിന്.
കരുണയും മനുഷ്യത്വവും ഉത്തരവാദിത്വവും പ്രകടിപ്പിക്കുകയെന്ന പാഠമാണ് ഏറ്റവും വലിയ നേട്ടമെന്ന തിരിച്ചറിവു നേടാനുള്ള ചികിത്സ.
ഡോ. ജെ. പ്രമീളാ ദേവി
(സംസ്ഥാന വനിതാ കമ്മിഷന്
മുന്‍ അംഗം)
8606012819
പ്രതികരിക്കാൻ ഇവിടെ എഴുതുക: