ഇസ്ലാമാബാദ്: ബോളിവുഡ് താരങ്ങളായ രാജ് കപൂറിന്റെയും ദിലീപ് കുമാറിന്റെയും പൈതൃക ഭവനങ്ങള്‍ വാങ്ങി സംരക്ഷിക്കാന്‍ പാകിസ്ഥാൻ തീരുമാനിച്ചു. ഖൈബര്‍ പഖ്തുന്‍ഖ്വയിലെ തകര്‍ന്ന് വീഴാറായ ചരിത്ര മന്ദിരം പ്രവിശ്യയിലെ പുരാവസ്‌തു വകുപ്പിന്റെ നേതൃത്വത്തില്‍ പെഷവാര്‍ നഗരത്തിലെ ഇരു കെട്ടിടങ്ങളും പുതുക്കി സംരക്ഷിക്കാനും ദേശീയ സ്‌മാരകമാക്കാനും തീരുമാനമായിട്ടുണ്ട്.
കെട്ടിടങ്ങള്‍ വാങ്ങുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കാന്‍ ഖൈബര്‍-പഖ്തുന്‍ഖ്വ പ്രവിശ്യയിലെ പുരാവസ്തു വകുപ്പ് തീരുമാനിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ട് കെട്ടിടങ്ങളുടെയും വില നിര്‍ണ്ണയിക്കാന്‍ പെഷവാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് കത്ത് അയച്ചിട്ടുണ്ട്. വിഭജനത്തിന് മുമ്പ് ഇന്ത്യന്‍ സിനിമയിലെ രണ്ട് ഇതിഹാസ താരങ്ങൾ ജനിച്ചതും വളര്‍ന്നതും ഇവിടെയാണെന്ന് പാക് ആര്‍ക്കിയോളജി വകുപ്പ് മേധാവി പറഞ്ഞു.
രാജ് കപൂറിന്റെ പാകിസ്ഥാനിലെ പെഷവാറിലുള്ള ഖിസാ ഖവാനി ബസാറിലെ വീടാണ് സംരക്ഷിക്കുന്നത്. ബോളിവുഡ് ഐക്കണ്‍ ആയിരുന്ന പൃഥിരാജ് കപൂറിന്റെ പിതാവായ ബഷേവര്‍നാഥ് കപൂര്‍ ആണ് കപൂര്‍ ഹവേലി നിര്‍മ്മിച്ചത്. പൃഥ്വിരാജ് കപൂറിന്റെ മകനാണ് രാജ് കപൂര്‍. രണ്‍ധീര്‍ കപൂര്‍, രാജീവ് കപൂര്‍, റിതു നന്ദ, റീമ കപൂര്‍ എന്നിവരാണ് മറ്റു മക്കള്‍. 1947ല്‍ ഇന്ത്യാ-പാക് വിഭജനത്തോടെയാണ് കപൂര്‍ കുടുംബം പെഷവാര്‍ വിടുന്നത്.
നടന്‍ ദിലീപ് കുമാറിന്റെ 100 വര്‍ഷത്തിലേറെ പഴക്കമുള്ള പൂര്‍വ്വിക ഭവനവും ഇതേ പ്രദേശത്താണ്. 2014 ല്‍ അന്നത്തെ നവാസ് ഷെരീഫ് സര്‍ക്കാര്‍ ഈ വീട് ദേശീയ പൈതൃക സ്മാരകമായി പ്രഖ്യാപിച്ചിരുന്നു. ഈ കെട്ടിടങ്ങളുടെ ഇപ്പോഴത്തെ ഉടമകള്‍ കെട്ടിടങ്ങള്‍ പൊളിച്ച് ഷോപ്പിംഗ് മാളുകള്‍ പണിയാന്‍ പലതവണ ശ്രമിച്ചിരുന്നുവെന്ന് പുരാവസ്‌തു അധികൃതര്‍ പറയുന്നു. രാജ് കപൂറിന്റെ കെട്ടിടം കൈമാറാന്‍ ഉടമ സര്‍ക്കാരിനോട് 200 കോടി ആവശ്യപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: