കാരക്കോണം: കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തില്‍ പൊതുശ്മശാനം സ്ഥാപിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ശ്മശാനഭൂമി തിരിഞ്ഞു നോക്കാനാളില്ലാതെ കാടുപിടിച്ച് കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളാകുന്നു. ഗ്രാമപഞ്ചായത്തിന് സ്വന്തമായ സ്ഥലമാണ് കാടുപിടിച്ച് കിടക്കുന്നത്. പദ്ധതി നടപ്പിലാക്കാന്‍ ഫണ്ട് നല്‍കാമെന്ന് ജില്ലാ പഞ്ചായത്ത് അറിയിച്ചിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. പക്ഷേ കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിന് സ്വന്തമായൊരു പൊതുശ്മശാനം എന്ന ആശയം ഇതുവരെ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. .
പാറശ്ശാല നിയോജക മണ്ഡലത്തില്‍ ജനസംഖ്യാ അടിസ്ഥാനത്തില്‍ മൂന്നാം സ്ഥാനത്താണ് കുന്നത്തുകാല്‍ പഞ്ചായത്ത്. ആനാവൂര്‍, കുന്നത്തുകാല്‍ വില്ലേജുകളിലായി ജനസാന്ദ്രതയേറിയ ജനവാസ മേഖലകള്‍ ഉള്‍പ്പെടുന്നതാണ് പഞ്ചായത്ത് പ്രദേശം. ഇരുപത്തിയൊന്ന് വാര്‍ഡുകള്‍ ഉള്‍പ്പെട്ട കുന്നത്തുകാല്‍ പഞ്ചായത്തില്‍ രണ്ടും മൂന്നും സെന്റ് ഭൂമികളില്‍ വീടുകള്‍ കെട്ടി താമസിക്കുന്ന നിരവധി കുടുംബങ്ങളാണുള്ളത്. പട്ടികജാതി കോളനികളിലും മറ്റു പദ്ധതികളിലൂടെ നല്കിയ വീടുകളിലും ലൈഫ് മിഷന് വീടുകളിലും താമസിക്കുന്ന നിര്‍ധനര്‍ക്ക് കുടുംബത്തില്‍ ആരെങ്കിലും മരണപ്പെട്ടാല്‍ സംസ്ക്കാരം നടത്തുകയെന്നത് വെല്ലുവിളിയായി തുടരുകയാണ്.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തും പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തും മാത്രമല്ല പതിറ്റാണ്ടുകളായി ഗ്രാമപഞ്ചായത്തും സിപിഎം ഭരണത്തിലാണ്. കോടികള്‍ പല തവണ അനുവദിച്ചു എന്ന് പറയുമ്പോഴും ജനങ്ങളുടെ ഏറ്റവും വലിയ ആവശ്യമായ പൊതുശ്മശാനം നടപ്പിലാക്കുന്നതില്‍ വിമുഖത കാണിക്കുന്നതായാണ് പ്രതിപക്ഷ കക്ഷികള്‍ പറയുന്നത്. കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍ധനരായ കുടുംബങ്ങളിലെ ഒരാള്‍ മരണപ്പെട്ടാല്‍ 30 കിലോമീറ്ററിലധികം ദൂരെയുള്ള തിരുവനന്തപുരത്തെ ശാന്തി കവാടത്തില്‍ എത്തിച്ചാണ് സംസ്ക്കരിക്കുന്നത്. ക്രിസ്ത്യന്‍ കുടുംബാംഗമാണെങ്കില്‍ ഏതെങ്കിലും പള്ളി വക സെമിത്തേരികളില്‍ അടക്കം ചെയ്യണം. അതിനും കഴിയാത്തവര്‍ വീടിന്റെ ചുവരുകള്‍ പൊളിച്ചും ഇത്തിരി പോന്ന മുറ്റത്തുമാണ് മൃതദേഹങ്ങള്‍ സംസ്ക്കരിക്കുന്നത്. .
പഞ്ചായത്തിന് സ്വന്തമായി ഒരു പൊതുശ്മശാനമെന്ന ഏറെക്കാലത്തെ ആവശ്യത്തിന് പരിഹാരം കാണാന്‍ 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കാരക്കോണം വാര്‍ഡിലെ അണിമംഗലത്ത് പൊതുശ്മശാനത്തിനായി 40 സെന്റ് വസ്തു വാങ്ങി. സ്ഥലത്ത് ശ്മശാന നിര്‍മാണത്തനായി പല തവണ ശ്രമം നടത്തിയെന്നും പ്രദേശവാസികളുടെ എതിര്‍പ്പുകാരണമാണ് പദ്ധതി നടപ്പാക്കുവാന്‍ കഴിയാത്തതെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ വാദം. എന്നാല്‍ ഇത് തെറ്റാണെന്നും ശ്മശാനഭൂമിക്ക് തൊട്ടടുത്ത് ഭൂമിയുള്ള ഭരണകക്ഷി അനുകൂലികളായ ചില തല്‍പ്പരകക്ഷികളുടെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങുന്നതാണ് കാരണമെന്നും ചില അത്യാവശ്യ ഘട്ടങ്ങളില്‍ ചിലരുടെ മൃതദ്ദേഹം ഈ ശ്മശാനഭൂമിയില്‍ കൊണ്ടുവന്നു സംസ്ക്കരിക്കാറുണ്ടെന്നും അപ്പോള്‍ ആരും തന്നെ എതിര്‍ക്കാറില്ലെന്നും നാട്ടുകാര്‍ പറയുന്നു. വര്‍ഷങ്ങളായി ശ്മശാനഭൂമി കാടും പടര്പ്പുംപിടിച്ച് ഇഴജന്തുക്കളുടെ താവളമായി മാറിയതിനാല്‍ ഇതുവഴി ആര്‍ക്കും യാത്ര പോലും ചെയ്യാനാകാത്ത അവസ്ഥയിലാണ്.
കുന്നത്തുകാല്‍ പഞ്ചായത്തില്‍ ഒരു പൊതുശ്മശാനം ഉണ്ടാകേണ്ടത് പ്രദേശവാസികളുടെ കാലങ്ങളായുള്ള അത്യാവശ്യങ്ങളിലൊന്നായിട്ടും 35 വര്‍ഷമായി പഞ്ചായത്തില്‍ തുടര്‍ഭരണം നടത്തുന്ന പാര്‍ട്ടി ഭൂമിയുണ്ടായിരുന്നിട്ടും അത് നിറവേറ്റാന്‍ ജാഗ്രത കാണിക്കാത്തത് നാട്ടുകാരോട് കാണിക്കുന്ന ഏറ്റവും വലിയ അവഗണനയാണെന്ന് ബിജെപി ജില്ലാ കമ്മറ്റിയംഗവും സ്ഥലവാസിയുമായ അരുവിയോട് സജി പറയുന്നു. പഞ്ചായത്തില്‍ മാത്രം കൊറോണ ബാധിച്ച് ആറു പേരാണ് മരിച്ചത്. പൊതുശ്മശാനമില്ലാത്തതിനാല്‍ ഇവരെയൊക്കെ തിരുവനന്തപുരത്തെ ശാന്തികവാടത്തില്‍ കൊണ്ടുപോയാണ് സംസ്ക്കരിച്ചത്. അതതു പഞ്ചായത്തുകളില്‍ സ്വന്തമായി പൊതുശ്മശാനങ്ങള്‍ നിര്‍മിക്കണമെന്ന സര്‍ക്കാര്‍ തീരുമാനമുണ്ടായിട്ടും കുന്നത്തുകാല്‍ പഞ്ചായത്ത് ഭരണസമിതി അത് കേട്ടില്ലെന്നു നടിക്കുകയാണ്.
സമീപവാസികളുടെ എതിര്‍പ്പുകള്‍ വന്നതോടെ നിര്‍മാണശ്രമങ്ങള്‍ നിലച്ചുവെന്നാണ് കുന്നത്തുകാല്‍ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.എസ്. അരുണ്‍ പറയുന്നത്. 2018 ല്‍ വൈദ്യുതി ശ്മശാന നിര്‍മാണത്തിനായി ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നും രണ്ടു കോടി രൂപ അനുവദിക്കാന്‍ നടപടികളുണ്ടായി. വസ്തുവിന്റെ ഒരു വശത്ത് ബണ്ട് റോഡും സജ്ജമായി. അപ്പോഴാണ് എതിര്‍പ്പുണ്ടായത്. ജില്ലാ പഞ്ചായത്തിന്റെ ശുചീകരണ ഫണ്ടില്‍ നിന്നും എപ്പോള്‍ വേണമെങ്കിലും ശ്മശാനം നിര്‍മിക്കാന്‍ ഫണ്ട് ലഭിക്കുമെന്നും അരുണ്‍ പറയുന്നു.
ശ്മശാന നിര്‍മാണത്തിന് ഭരണസമിതി ഇനിയും മുന്‍കൈയെടുക്കാത്ത പക്ഷം ശക്തമായ ജനകീയ പ്രക്ഷോഭം തുടങ്ങാനാണ് ബിജെപിയുടെ തീരുമാനം.
സജിചന്ദ്രന്‍ കാരക്കോണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: