കല്‍പ്പറ്റ: വന്യജീവി സങ്കേതത്തെ ചൊല്ലി ആസൂത്രിതമായ സമരങ്ങളാണ് വയനാട്ടില്‍ നടക്കുന്നത്. ജനങ്ങള്‍ക്ക് യാതൊരു കുഴപ്പവും സംഭവിക്കില്ല എന്നിരിക്കെ സമരങ്ങള്‍ നടത്തി കണ്ണില്‍ പൊടിയിടുകയാണ്. മലബാര്‍ വന്യജീവി കേന്ദ്രത്തില്‍ ചുറ്റുമുള്ള 200 മീറ്റര്‍ മുതല്‍ ഒരു കിലോമീറ്റര്‍ വരെ ദൂരം പരിധിയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ ഇക്കോ സെന്‍സിറ്റീവ് സോണായി പ്രഖ്യാപിക്കുന്നതിനുള്ള കരട് വിജ്ഞാപനം കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ചതു മുതല്‍ സമരത്തിലാണ് ഇടതുവലത് പാര്‍ട്ടികള്‍.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ഈ സമരങ്ങള്‍. പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനത്തിന് കടുവാസങ്കേതം ആയോ ഗാഡ്ഗില്‍കസ്തൂരിരംഗന്‍ കമ്മിറ്റിയുമായോ യാതൊരു ബന്ധവുമില്ല. എന്നാല്‍ ഇവയെല്ലാം ഒന്നാണെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് ഇവിടെ സമരം നടത്തുന്നവര്‍ ചെയ്യുന്നത്. സുപ്രീംകോടതി 2006 ല്‍ ഉത്തരവിട്ടത് പ്രകാരം ഇന്ത്യയിലെ എല്ലാ വന്യജീവി കേന്ദ്രത്തിലും വീണ്ടും പത്തു കിലോമീറ്റര്‍ ആകാശദൂരം പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കേണ്ടതാണ്. അതിനാല്‍ തന്നെ സുപ്രീംകോടതിവിധി മാനിക്കേണ്ടത് സര്‍ക്കാരിന്റെയും ജനങ്ങളുടേയും കടമ കൂടിയാണ്. എന്നാല്‍ കേരളത്തിന് ജനസാന്ദ്രത കൂടുതലുള്ളതിനാല്‍ ദൂരപരിധി കുറച്ച് ഒരു കിലോമീറ്റര്‍ ആക്കുകയും ചെയ്തിരുന്നു.
കര്‍ഷകര്‍ക്കും ജനങ്ങള്‍ക്കും ഇതുകൊണ്ട് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ല. പുതിയ വീടുകള്‍ വെയ്‌ക്കുന്നതിനോ, ആശുപത്രികള്‍ കെട്ടുന്നതിന്നോ, വിദ്യാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനോ, ചെറുകിട വ്യവസായങ്ങള്‍ തുടങ്ങുന്നതിനോ, ടൂറിസത്തിനോ ഇവിടെ നിയന്ത്രണമില്ല. ചില വന്‍കിട വ്യവസായങ്ങള്‍, വന്‍ കരിങ്കല്‍ കോറി, കൂറ്റന്‍ നിര്‍മ്മിതികള്‍ എന്നിവക്കൊക്കെയാണ് ഇവിടെ നിയന്ത്രണമുള്ളത്. അതുപോലെ ഖനനങ്ങള്‍ കൂറ്റന്‍ ജലവൈദ്യുത പദ്ധതികള്‍ എന്നിവയും നിരോധിച്ചിട്ടുണ്ട്. ഇതിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അതിനാല്‍ തന്നെ മറ്റു തല്‍പരകക്ഷികള്‍ ഈ നിയമത്തെ വളച്ചൊടിക്കുകയാണ് എന്ന് മനസ്സിലാക്കാം. ഇക്കോ സെന്‍സിറ്റീവ് മേഖലയിലെ വികസന കാര്യങ്ങള്‍ തീരുമാനിക്കാന്‍ അധികാരം ഉള്ളതും പഞ്ചായത്തിനും പ്രതിനിധികള്‍ക്കും പ്രാധാന്യമുള്ളതുമായ ഉന്നതാധികാര സമിതിയെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം ഉണ്ട്. പ്രഖ്യാപിച്ച പരിസ്ഥിതി ലോലപ്രദേശം മിക്കതും ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്നവയും വിള നാശങ്ങളും മനുഷ്യ ജീവനും ഭീഷണിയുള്ള പ്രദേശങ്ങളാണ്. വന്‍കിട കോറി ഉടമകളെയും ടൂറിസം മാഫിയകളെയും മത സംഘടനകളുടെ പേരില്‍ സംരക്ഷിക്കാനാണ് ഇടതുവലത് പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. ഈ നിയമം കൊണ്ടുവരുന്നത് കൊണ്ട് കര്‍ഷകര്‍ക്ക് യാതൊരുവിധ പ്രശ്‌നവും ഉണ്ടാകില്ല എന്ന് മാത്രമല്ല സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സാധിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: