തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ രോഗം കൂടുതല്‍ പടരുന്ന നാലു ജിലകളില്‍ വീണ്ടും ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയില്‍. കഴിഞ്ഞ ദിവസങ്ങളിലായി കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ആവശ്യമെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ഇതേത്തുടര്‍ന്ന് ഒരിടവേളയ്ക്കു ശേഷം വീണ്ടും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേരും. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഒഴിവാക്കുമെങ്കിലും ഏതാണ്ട് ലോക്ക്ഡൗണ്‍ സമാനമായ നിയന്ത്രണങ്ങളാണ് സര്‍ക്കാരിന്റെ ആലോചനയിലുള്ളത്.
കോഴിക്കോട് കോര്പറേഷന് പരിധിയില്‍ ഇന്നലെ മുതല്‍ 14 ദിവസത്തേക്കു നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. ജനങ്ങള്‍ സ്വയം നിയന്ത്രിച്ചില്ലെങ്കില്‍ തിരുവനന്തപുരത്ത് ലോക്ക്ഡൗണ്‍ വേണ്ടി വരുമെന്ന് മേയര്‍ ശ്രീകുമാറും വ്യക്തമാക്കി. കോഴിക്കോട് കോര്പറേഷന് പരിധിയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ നടത്തുന്ന പരിപാടികളില്‍ 5 പേരിലേറെ ഒന്നിച്ചു പങ്കെടുക്കാന്‍ പാടില്ല. ജിംനേഷ്യം, ഫുട്ബോള്‍ ടര്‍ഫുകള്‍, മറ്റു കളിസ്ഥലങ്ങള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ അടച്ചിടണം. അവശ്യസാധന വിതരണത്തിനല്ലാതെ കണ്ടെയ്ന്മെന്റ് സോണുകളില്‍ നിന്നു പുറത്തേക്കോ അകത്തേക്കോ പോകരുത്. ആരാധനാലയങ്ങളില്‍ പരമാവധി 50 പേര്. വിവാഹച്ചടങ്ങുകളില്‍ 50 പേരും മരണാനന്തര ചടങ്ങുകളില്‍ 20 പേരും മാത്രമേ പരമാവധി പങ്കെടുക്കാവൂ. ചന്തകളിലും ഹാര്‍ബറുകളിലും തിരക്കു നിയന്ത്രിക്കും.
സംസ്ഥാനത്ത് ദിനംപ്രതി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് വര്‍ധിക്കുകയാണ്. പരിശോധിക്കുന്ന 7 പേരിലൊരാള്‍ വീതം പോസിറ്റീവ് ആകുന്നു. 3 ജില്ലകളില്‍ കേസുകള്‍ ഇന്നലെ 900 കടന്നു. കോഴിക്കോട് 956. എറണാകുളം 924, മലപ്പുറം 915. മറ്റു ജില്ലകളിലും സ്ഥിതി ഗുരുതരമാണ്. തിരുവനന്തപുരം 853, കൊല്ലം 690, തൃശൂര്‍ 573, പാലക്കാട് 488, ആലപ്പുഴ 476, കോട്ടയം 426, കണ്ണൂര്‍ 332, പത്തനംതിട്ട 263, കാസര്‍കോട് 252, വയനാട് 172, ഇടുക്കി 125. ഇന്നലെ 21 മരണം കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആകെ മരണം 677.
സ്ഥിതി നിയന്ത്രണാതീതമായാല്‍ എല്ലാം പൂട്ടിയിടേണ്ടിവരുമെന്നു മന്ത്രി കെ.കെ. ശൈലജയും ഇന്നലെ അറിയിച്ചിരുന്നു. കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളെക്കാള്‍ വ്യാപന സാധ്യതയുണ്ട്. കോവിഡിന്റെ രണ്ടാം വ്യാപനമാണിതെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: