ബ്രിസ്ബേന്‍: രാജ്യാന്തര ടി20യില്‍ ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കുന്ന വിക്കറ്റ് കീപ്പര്‍ എന്ന റെക്കോഡാണ് ഓസീസിന്റെ വനിതാ ക്രിക്കറ്റര്‍ അലിസ ഹീലി സ്വന്തമാക്കി. മുന്‍ ഇന്ത്യന്‍ നായകന് എം.എസ്.ധോണിയുടെ റെക്കോഡാണ് വഴിമാറിയത്.
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി 20 മത്സരത്തിലാണ് അലിസ ഹെയ്ലി ധോണിയുടെ റെക്കോഡ് മറികടന്നത്. എമി സതര്വെയ്റ്റിനെ സ്റ്റമ്പ് ചെയ്ത അലിസ വിക്കറ്റിന് പിന്നില്‍ ലോറണ്‍ ഡൗണിനെ പിടികൂടുകയും ചെയ്തു. ഇതോടെ അലിസ 114 മത്സരങ്ങളില്‍ പുറത്താക്കിയവരുടെ എണ്ണം 92 ആയി. ധോണി രാജ്യാന്ത ടി 20 യില്‍ 91 (57 ക്യാച്ച്, 34 സ്റ്റമ്പിങ്) പേരെയാണ് പുറത്താക്കിയിട്ടുള്ളത്.
അലിസ റെക്കോഡിട്ട മത്സരത്തില്‍ ഓസീസ് എട്ട് വിക്കറ്റിന് ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസിന് 2-0 ന്റെ അനിഷേധ്യ ലീഡായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: