ചട്ടഞ്ചാല്‍: കൊവിഡ് രോഗം പടരുന്ന ആരംഭ ഘട്ടത്തില്‍ തന്നെ ടാറ്റ ഗ്രൂപ്പ് 60 കോടി രൂപ മുതല്‍ മുടക്കി കൊവിഡ് ആശുപത്രി റെക്കോര്‍ഡ് വേഗത്തില്‍ നിര്‍മിച്ച് സംസ്ഥാന സര്‍ക്കാരിന് കൈമാറിയെങ്കിലും ഇനിയും ചികിത്സ ആരംഭിക്കാന്‍ സാധിക്കാത്തത് പിണറായി സര്‍ക്കാരിന്റെ പരാജയമാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് കെ.ശ്രീകാന്ത് ആരോപിച്ചു. ടാറ്റ കൊവിഡ് ആശുപത്രി ഉടന്‍ പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഉദുമ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യ വകുപ്പ് കാസര്‍കോട് ജില്ലയെ കാലാകാലങ്ങളായി അവഗണിച്ചു വരികയാണ്. അതിന്റെ തുടര്‍ച്ചയാണ് നിയമിച്ച ഡോക്ടര്‍മാരെയും ജൂനിയര്‍ ഡോക്ടര്‍മാരെയും സ്ഥലം മാറ്റിയത്. ടാറ്റ കൈമാറിയ ആശുപത്രി കൊവിഡ് ചികിത്സ ആരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഉക്കിനടുക്ക മെഡിക്കല്‍ ആശുപത്രി പൂര്‍ണ രൂപത്തില്‍ ആരംഭിക്കുകയും വേണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു. ജില്ലാ ആശുപത്രി കൊവിഡിനു മുന്‍പുള്ളതു പോലെ മറ്റു രോഗ ചികിത്സയ്‌ക്കായി തുടരണമെന്ന് ബിജെപി ആവശ്യപ്പെട്ടു. താലൂക്ക് ആശുപത്രികളും സി.എച്ച്.സികളും അവഗണിക്കപ്പെടുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി. ഇടതു സര്‍ക്കാര്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ചെന്ന ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ അവകാശവാദം തെറ്റാണ്. ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ അനുവദിക്കപ്പെട്ട തസ്തികകളില്‍ പലതും ഒഴിഞ്ഞു കിടക്കുകയാണെന്നും ശ്രീകാന്ത് ആരോപിച്ചു.
ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ വെന്റിലേറ്ററുകളും, ഐ സി യു കളും പ്രവര്‍ത്തന രഹിതമാണ്. കൊവിഡ് മരണവും വ്യാപനവും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ചികിത്സ രംഗത്ത് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരുടെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതുമൂലം ആതുരശ്രുശ്രൂഷരംഗം കടുത്ത വെല്ലുവിളിയാണ് നേരിടുന്നതെന്ന് ശ്രീകാന്ത് പറഞ്ഞു. ജില്ലയിലെ ആരോഗ്യരംഗം ഏറ്റവും വലിയ പ്രതിസന്ധിയിലാണ്. ഇടതുസര്‍ക്കാര്‍ ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊവിഡ് പ്രതിരോധത്തിലെ വീഴ്ച മറച്ചുവെക്കാന്‍ പ്രതിപക്ഷത്തെ പഴിചാരി രക്ഷപ്പെടാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ശ്രീകാന്ത് ആരോപിച്ചു.
ബിജെപി ഉദുമ മണ്ഡലം പ്രസിഡന്റ് കെ.ടി. പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍, വൈസ് പ്രസിഡണ്ട് അഡ്വ. എ.സദാനന്ദ റൈ, സെക്രട്ടറി മനുലാല്‍ മേലത്ത്, ജില്ല സെല്‍ കോഡിനേറ്റര്‍ എന്‍. ബാബുരാജ്, കര്‍ഷക മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ജയകുമാര്‍ മാനടുക്കം, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ധനഞ്ജയന്‍ മധുര്‍, ബിജെപി നേതാക്കളായ സി.ചന്ദ്രന്‍, ബി.ജനാര്‍ദ്ദനന്‍ നായര്‍ കുറ്റിക്കോല്‍, അഡ്വ. ബി.രവീന്ദ്രന്‍, സി.കുഞ്ഞിക്കണ്ണന്‍ തമ്പാന്‍, സദാശിവന്‍ മണിയങ്ങാനം, കെ.കാര്‍ത്ത്യായനി, മഹേഷ് ഗോപാല്‍, രഞ്ജിനി കെ.ആര്‍, ഗംഗാധരന്‍ തച്ചങ്ങാട്, എ.സിന്ധു, കെ.ധര്‍മ്മവതി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബിജെപി ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി രാധാകൃഷ്ണന്‍ നമ്പ്യാര്‍ സ്വാഗതവും മണ്ഡലം ജനറല്‍ സെക്രട്ടറി രാജേഷ് കൈന്താര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: