തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ വട്ടമിട്ട് ഏഴ് അന്വേഷണ ഏന്‍സികള്‍. രണ്ട് സംസ്ഥാന ഏജന്‍സികള്‍ കൂടിയായപ്പോള്‍ ഒമ്പതായി. ഊരാക്കുടുക്കില്‍പ്പെട്ട് സംസ്ഥാന സര്‍ക്കാര്‍.
എന്‍ഐഎ, ഇഡി, കസ്റ്റംസ്, ഇന്‍കം ടാക്സ്, നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ, ഐബി, സിബിഐ എന്നീ ഏജന്‍സികളാണ് സംസ്ഥാനത്തെ അഴിമതികളും സാമ്പത്തിക തട്ടിപ്പുകളും അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍. വിജിലന്‍സും ക്രൈംബ്രാഞ്ചും ഓരോ കേസുകള്‍ അന്വേഷിക്കുന്നുണ്ട്.
സംസ്ഥാന സര്‍ക്കാരിനെതിരെ ഇത്രയും ഏജന്‍സികള്‍ ചരിത്രത്തില്‍ ആദ്യമായാണ് അന്വേഷണം നടത്തുന്നത്. കസ്റ്റംസ് ആയിരുന്നു സ്വര്‍ണ്ണക്കടത്ത് കേസിലൂടെ ആദ്യം എത്തിയത്. ഈ കേസിലെ പ്രതികള്‍ക്ക് സര്‍ക്കാരുമായി ബന്ധമുണ്ടെന്നും ഇവര്‍ നടത്തിയ വിവിധ പരിപാടികളില്‍ മുഖ്യമന്ത്രിയുള്പ്പെടയുള്ളവര് പങ്കെടുത്തു എന്നും കണ്ടെത്തിയതോടെ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം തുടങ്ങി. കേസിലെ കണ്ണികള്‍ വിദേശത്തേക്കും നീണ്ടതോടെ എന്‍ഐഎ രംഗത്തെത്തി. അന്വേഷണത്തിന്റെ രൂപവും ഭാവവും മാറി.
സംസ്ഥാന സര്‍ക്കാരിലെ ഉന്നതനായിരുന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ ചോദ്യം ചെയ്തു. ഇതിനിടെ സ്വര്‍ണക്കടത്തിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ലോക്കറില്‍ നിന്നും കോടിക്കടണക്കിന് രൂപ കൂടി കണ്ടെടുത്തതോടെ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് വരവില്‍ കവിഞ്ഞ സ്വത്ത് കൂടി കണ്ടെത്തിയതോടെ ഇന്‍കം ടാക്സും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങി. ഈ അന്വേഷണങ്ങള്‍ നടക്കുന്നതിനിടയിലാണ് ബെംഗളൂരുവിലെ മയക്കുമരുന്ന് തട്ടിപ്പ് അന്വേഷണം. ഇതില്‍ സംസ്ഥാനത്തും കണ്ണികള്‍ ഉണ്ടെന്ന് കണ്ടെത്തിയതോടെ നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയും എത്തി. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന് ബിനീഷ് കോടിയേരി അന്വേഷണ വലയത്തിലായി. വടക്കാഞ്ചേരിയിലെ ലൈഫ് ഫഌറ്റ് പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെട്ട റെഡ്ക്രസന്റുമായുള്ള കരാര്‍ നിയമവിരുദ്ധവും കമ്മീഷന് ഇടപാടും നടന്നുവെന്ന് കണ്ടെത്തിയതോടെ സിബിഐയും എത്തി. ഇതില്‍ നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ അന്വേഷണം ഒഴികെ ബാക്കി എല്ലാ എജന്‍സികളുടെയും അന്വേഷണത്തില്‍ പ്രത്യക്ഷമായും പരോഷമായും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും അന്വേഷണ നിഴലിലാണ്.
കൂടാതെ സ്വപ്ന സുരേഷിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ അന്വേഷണവും ജോലി സമ്പാദനവും സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. സിബിഐ വരുമെന്ന് പേടിച്ച് ലൈഫ് പദ്ധതിയിലെ ക്രമക്കേട് അന്വേഷിക്കാന്‍ മുഖ്യമന്ത്രി വിജിലന്‍സിനെയും ചുമതലപ്പെടുത്തി. ഈ രണ്ടു കേസുകളും സെക്രട്ടേറിയറ്റിലെത്തി അന്വേഷിക്കേണ്ടതാണ്.
സര്‍ക്കാരിനെതിരെ ഇത്രയും അന്വേഷണ സംഘങ്ങള്‍ എത്തിയതോടെവെട്ടിലായിരിക്കുന്നത് അങ്ങോട്ട് കത്ത് എഴുതി എന്‍ഐഎയെ ഇങ്ങോട്ട് കൊണ്ടുവന്ന മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: