ദുബായ്: ആദ്യ മത്സരത്തില്‍ മിന്നല്‍ ബാറ്റിങ്ങിലൂടെ ടീമിന് വിജയമൊരുക്കിയ മലയാളി താരം സഞ്ജു സാംസണ് ഐപിഎല്ലില്‍ ഇന്ന് വിണ്ടും കളിക്കളത്തില്‍. സഞ്ജു സാംസണിന്റെ രാജസ്ഥാന് റോയല്‍സ് രണ്ടാം മത്സരത്തില്‍ കിങ്ങ്സ് ഇലവന് പഞ്ചാബിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30 ന് കളി തുടങ്ങും.
സഞ്ജുവിന്റെ ബാറ്റിങ് മികവില്‍ രാജസ്ഥാന് റോയല്‍സ് ആദ്യ മത്സത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെയാണ് പരാജയപ്പെടുത്തിയത്. 32 പന്തില്‍ ഒമ്പത് സിക്സറുകള്‍ പൊക്കിയ സഞ്ജു 74 റണ്‍സ് അടിച്ചെടുത്തു. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും അന്ന് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
ക്വാറന്റൈയിലായിരുന്നതിനാല് ചെന്നൈക്കെതിരായ മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ജോസ് ബട്ലന്‍ ഇന്ന് രാജസ്ഥാനായി കളത്തിലിറങ്ങും.
കിങ്സ് ഇലവന് പഞ്ചാബിനെ തോല്‍പ്പിക്കാന്‍ സ്മിത്തിന് പുതിയ തന്ത്രം പരീക്ഷിക്കേണ്ടിവരും. കെ.എല്‍. രാഹുല്‍ നയിക്കുന്ന പഞ്ചാബ് ടീം ശക്തമാണ്. വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സിനെ തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണ് അവര്‍. മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ രാഹുലിന്റെ സെഞ്ചുറിയാണ് പഞ്ചാബിന് റോയല്‍ ചലഞ്ചേഴ്സിനെതിരെ വിജയമൊരുക്കിയത്. ആദ്യ മത്സരത്തില്‍ കിങ്സ് ഇലവന് സൂപ്പര്‍ ഓവറില്‍ ദല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റിരുന്നു.
ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി വിന്‍ഡീസ് പേസര്‍ ഷെല്‍ഡണ്‍ കോട്രല്‍ എന്നിവര്‍ അണിനിരക്കുന്ന പഞ്ചാബിന്റെ ബൗളിങ് നിര ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: