ഇടതുമുന്നണി കണ്‍വീനറാണ് എ വിജയരാഘവന്. കണ്വീനറെക്കാള് സിപിഎം കേന്ദ്രകമ്മറ്റി അംഗമാണ് വിജയരാഘവന്. സിപിഎമ്മിന്റെ രാജ്യസഭാംഗവുമായിരുന്നല്ലോ. കണ്‍വീനറെന്ന നിലയില്‍ വല്ലപ്പോഴെങ്കിലും ചേരുന്ന മുന്നണിയോഗത്തിന്റെ തീരുമാനങ്ങള്‍ പറയുന്നതില്‍ കവിഞ്ഞൊരു ദൗത്യവും കോവിഡ് കാലത്ത് നിര്‍വഹിക്കാനില്ല. അപ്പോഴാണ് സിപിഎം സെക്രട്ടറിയും മുഖ്യമന്ത്രിയും വിജയരാഘവന് ഒരു പണികൊടുത്തത്. മുന്നണി വിപുലീകരണത്തിന് സിപിഎം (മുന്നണിയല്ല) മാനസികമായി തയ്യാറെടുത്തിട്ടുണ്ട്.
കെ.എം.മാണി ജീവിച്ചിരിക്കുമ്പോള്‍ പടലയോടെ മുന്നണിയിലേക്ക് ആനയിക്കാന്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അണിയറ ചര്‍ച്ചകള്‍ നടത്തിയിരുന്നത്രെ.
പി.സി.ജോര്‍ജ് ഇക്കാര്യം പരസ്യമായി പറഞ്ഞിട്ടുണ്ട്. മറ്റ് സാഹചര്യ തെളിവുകളുമുണ്ട്.മാണി മറുകണ്ടം ചാടാനില്ലെന്ന് വ്യക്തമായപ്പോഴാണ് പുതിയ ഒരു സമരമുറ കണ്ടത്. എക്സൈസ് മന്ത്രി കോണ്‍ഗ്രസ്സുകാരനായ കെ. ബാബു ആയിരുന്നിട്ടും മാണിയാണ് ബാര്‍ കോഴയുടെ ആത്മാവും പരമാത്മാവുമെന്ന് സിപിഎം മുദ്രകുത്തി.
മാണിയുടെ വീട്ടില്‍ കോഴപ്പണമെണ്ണുന്ന യന്ത്രം ഉണ്ടെന്നുവരെയായി ആരോപണം. ബാര്‍ കോഴ മാത്രമല്ല, ബജറ്റുപോലും വിറ്റ വീരനാണ് മാണിയെന്ന് പെരുമ്പറയടിച്ചു. അങ്ങനെയാണ് മുന്നണിയുടെ അവസാനത്തെ ബജറ്റ് പ്രസംഗം അനുവദിക്കില്ലെന്ന തീരുമാനത്തിലെത്തിയത്. പ്രസംഗിക്കുന്നതുപോകട്ടെ ബജറ്റ് അവതരണ ദിവസം മാണിയെ നിയമസഭയില്‍ കാലുകുത്തിക്കില്ലെന്ന് തീരുമാനിച്ചു. വെളുപ്പാന്‍കാലത്തുതന്നെ പ്രതിപക്ഷ എംഎല്‍എമാരെല്ലാം സഭാകവാടത്തില്‍ മാണിയെയും കാത്തുനിന്നു. കണ്ടുകഴിഞ്ഞാല്‍ കുത്തിന് കയറിപ്പിടിക്കാന്തന്നെ. മാണി ആരാ മോന്, കോഴികൂവും മുന്‍പുതന്നെ സഭാപ്രവേശനം നടത്തി ഇരിപ്പുറപ്പിച്ചിരുന്നു.
ബജറ്റ് അവതരിപ്പിക്കാന്‍ അനുചരന്മാരുമായി സ്വസ്ഥാനത്തേക്ക് നീങ്ങിയ മാണിക്കെതിരെ കയ്യോങ്ങിയാണ് പലരും പാഞ്ഞടുത്തത്. അങ്ങനെ ഭരണ പ്രതിപക്ഷാംഗങ്ങള്‍ ലിംഗഭേദമില്ലാതെ മല്‍പ്പിടുത്തത്തിലായി. കുത്തിന് പിടിച്ചെന്നും ചെവികടിച്ചെന്നുമെല്ലാമുള്ള ആരോപണങ്ങളും ഉയര്‍ന്നു. സ്പീക്കറുടെ കസേരപോലും തലകീഴ്മറിഞ്ഞു. ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം തുണ്ടുതുണ്ടായി. കമ്പ്യൂട്ടറുകളും തകര്‍ത്തു. നിയമസഭാ ജീവനക്കാരുടെ ഡസ്കില്‍ കയറി ചുടലനൃത്തത്തിലേര്പ്പെട്ട ഒരംഗം കുഴഞ്ഞുവീണു. മുന്‍പൊരുകാലത്തും കാണാത്ത പേക്കൂത്തുകളാണ് സഭ കണ്ടത്.
രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതിനടക്കം കേസുമുണ്ടായി. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ അപേക്ഷ കോടതി തള്ളിക്കളഞ്ഞത് അടുത്തിടെയാണ്. അതും കഴിഞ്ഞപ്പോഴാണ് വിജയരാഘവന്റെവക ഒരു അഭിപ്രായം ഉയര്‍ന്നത്. ബാര്‍ കോഴ സമരം കെ.എം.മാണിയെ ലക്ഷ്യമിട്ടല്ല, യുഡിഎഫിനെതിരായ രാഷ്ട്രീയ സമരമാണ്. ഉമ്മന്‍ചാണ്ടിയെ ലക്ഷ്യമിട്ടായിരുന്നു അതെന്ന മട്ടില്‍. സിപിഎം എക്കാലവും നടത്തിപ്പോന്ന രാഷ്ട്രീയ മലക്കംമറിച്ചിലിന്റെ തനിയാവര്‍ത്തനം!
കെഎം മാണിയെ മുന്നണിയിലേക്കെത്തിക്കാനാവാത്തപ്പോള് തുടങ്ങിയ സമരത്തിനിടയിലൊരിക്കലും ഉമ്മന്‍ചാണ്ടി കള്ളനാണെന്ന് പറഞ്ഞിട്ടേയില്ല. ഇപ്പോഴത്തെ രാഷ്ട്രീയം പുതുമയുള്ളത്. പി.ജെ.ജോസഫുമായി മാണിയുടെ മകന് ജോസ് കെ.മാണി പിണങ്ങി. യുഡിഎഫ് ആ ഗ്രൂപ്പിനെ വെളിയിലാക്കുകയും ചെയ്തു.
കണ്ണേ, കരളേ എന്നൊക്കെ വിശേഷിപ്പിച്ച് സിപിഎം നീങ്ങാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ജോസ് ആണെങ്കില്‍ ഇടതുപക്ഷം പാര്‍ലമെന്റിനു മുന്നില്‍ നടത്തിയ സമരത്തില്‍ പങ്കെടുക്കുകയും ചെയ്തു. മാണിയില്ലെങ്കില്‍ മകനായാലും മതി എന്ന വെളിപാടാണ് വിജയരാഘവനില്നിന്നും പുറത്തുചാടിയത്. പാലായിലെ മാണിയുടെ വീട്ടില്‍ത്തന്നെയാണ് ജോസ്മോനും തങ്ങാറ്.
നോട്ടെണ്ണല്‍ യന്ത്രം മാറ്റിയതായി കേട്ടിട്ടുമില്ല. എന്നിട്ടും ജോസ് കെ. മാണിയോടുള്ള സിപിഎം അയിത്തം മാറിയമട്ട്. സിപിഎമ്മിനൊപ്പം നീങ്ങുമെങ്കില്‍ വര്ഗീയക്കാര് സ്വര്ഗീയക്കാരാകും. അഴിമതിക്കാര്‍ പരിശുദ്ധന്മാരാകും. ‘തൈലാദി വസ്തുക്കള്‍ അശുദ്ധമായാല്‍ പൗലോസ് തൊട്ടാല്‍ അത് ശുദ്ധമാകും’ എന്ന് പറയുംപോലെ.
മുസ്ലീം ലീഗിന് വര്‍ഗീയത പേരെന്നാക്ഷേപിച്ച് സുലൈമാന്‍ സേഠ് ഉണ്ടാക്കിയതാണ് ഐഎന്‍എല്‍. ആ പാര്‍ട്ടി ഇപ്പോള്‍ ഇടതുമുന്നണിയിലാണ്. അഴിമതിപ്പാര്‍ട്ടിയെന്ന് പേരുകേട്ട കേരളാ കോണ്‍ഗ്രസ് ഇടതുമുന്നണിയോടടുത്താല് പരമപവിത്രം. ഉദരനിമിത്തം ബഹുകൃതവേഷം എന്നൊക്കെ പറയുന്നത് ഇതൊക്കെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: