പട്ടാളത്തില്‍ പോയവന്റെ പത്നിയേയും മഹിഷാസുര മര്‍ദിനിയേയും ഒരോചൈതന്യമായി കാണാനും കരിക്കോലം പൂണ്ട ചാത്തൂനെയും ‘തേജോനിബിഡതരകളായാവലീ ലോഭനീയ’സത്തായ ഗുരുവായൂരപ്പനെയും ഒന്നായിക്കാണുവാനും കഴിയുന്ന അക്കിത്തത്തിന് ഭേദങ്ങളില്ല. എന്നിട്ടും വരേണ്യവര്‍ഗക്കാരുടെ കവിയാക്കി ‘രാവണകവി’യാക്കി ചിലര്‍ ‘തമസ്‌കരിക്കാന്‍’ ശ്രമിച്ചു. കവിതയും കമ്യൂണിസവും അറിയാത്തവര്‍ കവിയെ കമ്യൂണിസ്റ്റ് വിരുദ്ധനാക്കി. കമ്യൂണിസവും വേദോപനിഷത്തുകളിലുള്ളതാണെന്ന് തിരിച്ചറിഞ്ഞ്, ‘സര്‍വം ഖല്വിദം ബ്രഹ്മഃ’ എന്ന് ഓതിപ്പഠിച്ച കവി അതിനോടും ഗാന്ധിച്ചിരി ചിരിച്ചു.
ഒരു കണ്ണ് സൂര്യനും മറുകണ്ണ് ചന്ദ്രനുമാക്കി ഊറിച്ചിരിച്ചു. കണ്ണീരുകൊണ്ട് സൗരമണ്ഡലവും പുഞ്ചിരിയാല്‍ നിര്‍മല പൗര്‍ണമിയും നിര്‍മിച്ചു. കവിതയുടെയും ജീവിതത്തിന്റെയും പല തലങ്ങളില്‍ ക്കൂടി കടന്ന്, ഗുരുവായൂര്‍ മതിലകത്തുവെച്ച് പഴയ പരിചയക്കാരന്‍തിരുമേനിയുടെ വാക്കുകളിലൂടെ അക്കിത്തം ‘സര്‍വോപനിഷദോ ഗാവോ ദോഗ്‌ദ്ധാ ഗോപാല നന്ദനന്റെ’ ലീലകളിലേക്ക് മടങ്ങിച്ചെന്നു. അങ്ങനെയാണ് ശ്രീമദ് ഭാഗവതം സംസ്‌കൃതത്തില്‍നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റിയത്. അക്കിത്തത്തിന്റെ കാവ്യ ജീവിതചക്രത്തിന്റെയും വട്ടമെത്തലായിരുന്നു അത്. 16 വര്‍ഷമെടുത്തു പൂര്‍ത്തിയാക്കാന്‍. പിന്നെയും 14 കൊല്ലം കഴിഞ്ഞാണ് പുസ്തകമായി അച്ചടിച്ചത്.
അക്കിത്തം ഭാഗവതം ‘കലാകൗമുദി’യിലും ‘സമകാലീന മലയാളം’ വാരികയിലും തുടര്‍ച്ചയായി കുറേ ഭാഗം അച്ചടിച്ചു വന്നു. കമ്യൂണിസവും കവിതയും തിരിച്ചറിഞ്ഞ എഡിറ്റര്‍ എസ്. ജയചന്ദ്രന്‍ നായരുടെ ശ്രമഫലം. അക്കിത്ത ഭാഗവതം കേരളത്തിലെ ക്ഷേത്രങ്ങളില്‍ സപ്താഹ പാരായണം നടത്തിയത് സാഹിത്യ ചരിത്രത്തിലെ നാഴികക്കല്ലാണ്. ചോറ്റാനിക്കരയ്‌ക്കടുത്ത് പുതുവാശേരി ശ്രീകൃഷ്ണ ക്ഷേത്രത്തിലായിരുന്നു തുടക്കം. കിഴക്കേടത്ത് മാധവന്‍ നമ്പൂതിരിയായിരുന്നു സപ്താഹ വ്യാഖ്യാതാവ്. പിന്നീട് കിഴക്കേടത്തിന്, അക്കിത്ത ഭാഗവത സപ്താഹാചര്യനെന്ന വിശേഷണം പോലും വന്നു. അത് ദൗത്യ നിര്‍വഹണത്തിന്റെ മറ്റൊരു നാരായണ നിയോഗമായിരുന്നു.
കാരണം, ക്ഷേത്രപ്രവേശന വിളംബരത്തെക്കുറിച്ചൊക്കെ ആലോചനയുയരും മുമ്പേ സ്വന്തം ഇല്ലത്തെ ക്ഷേത്രം സര്‍വജാതിയിലും പെട്ട ഹിന്ദു ദൈവ വിശ്വാസികള്‍ക്ക് തുറന്നുകൊടുത്ത വിപ്ലവ തീരുമാനമെടുത്ത വിരൂപാക്ഷന്‍ നമ്പൂതിരിയുടെ പേരക്കുട്ടിയാണ് കിഴക്കേടം. നമ്പൂതിരിയെ മനുഷ്യനാക്കാനിറങ്ങിയ ‘വിടി’യുടെ വഴിയിലിറങ്ങിയ ഉണ്ണി നമ്പൂതിരിയിലായിരുന്നല്ലോ അക്കിത്തത്തിന്റെ അക്ഷരബാല്യം. ചേരേണ്ടത് ചേരുന്നിടങ്ങള്‍ എന്നേ പറയേണ്ടൂ.
ഇഎംഎസിനേയും വിടിയേയും ഗാന്ധിയേയും തപസ്യയേയും ഒരു ചിത്തത്തില്‍ കുടിവെക്കാന്‍ തക്ക മനോന്നതി നേടിയ അക്കിത്തത്തിന്റെ കവി ജീവിതത്തിന്റെ പരംവൈഭവംതന്നെയാണ് ഭാഗവത പരിഭാഷ. ജന്മനാടായ കുമരനെല്ലൂരില്‍ സ്വന്തം ഇല്ലം വക വിഷ്ണു ക്ഷേത്രത്തില്‍ ‘തപസ്യ’ മുന്നില്‍നിന്ന് സംഘടിപ്പിച്ച അക്കിത്ത ഭാഗവത സപ്താഹം തന്റെ കാവ്യ ജീവിതത്തിലെ അവഭൃഥ സ്നാനമായി അക്കിത്തം വിശേഷിപ്പിച്ചു. പിന്നെ എഴുതിയതെല്ലാം, പാടിയതെല്ലാം നാരായണ എന്ന മന്ത്രം തന്നെ. ‘നാവെന്തിനു തന്നൂ ഭഗവാന്‍ നാരായണ നാമം ചൊല്ലാന്‍, കാതെന്തിനു തന്നൂ ഭഗവാന്‍ നാരായണ നാമം കേള്‍ക്കാന്‍’ എന്ന പ്രിയ സഹോദര കവി എസ്. രമേശന്‍ നായരുടെ കവിത വരികള്‍ പാടുമ്പോള്‍ ഒരു കണ്ണീര്‍ക്കണമല്ല, കുടുകുടെ കണ്ണീര്‍ പൊഴിച്ച കവി അക്കിത്തം ‘അച്യുത ജന്മം’ പൂണുകയായിരുന്നുവല്ലോ ഭാഗവതഗീതിയിലൂടെ.
സര്‍വ സംഹാരകമായ സുദര്‍ശന ചക്രം ഭഗവാന്റെ ചൂണ്ടുവിരല്‍ തുമ്പില്‍ കറങ്ങിത്തിരിയുമ്പോള്‍ അത് രക്ഷാ കവചമാണ്. ലോകത്തെ ഗ്രസിച്ച ആണവായുധ വിപത്തിന്റെ വിഹ്വലതകള്‍ ഏറെ അലട്ടിയിട്ടുള്ള കവി ഒരിക്കല്‍ നാസയും ആണവ നിലയങ്ങളും മറ്റും മറ്റും സന്ദര്‍ശിച്ച കാര്യങ്ങള്‍ വിവരിച്ച്, ഓര്‍മിച്ചോര്‍മിച്ച് ചിരിച്ചുകൊണ്ടു പറഞ്ഞു, ‘അണുബോംബുണ്ടെങ്കിലും അതിന്റെ ബട്ടണ്‍ അബദ്ധത്തില്‍ പോലും അമര്‍ന്നു പോകാതിരിക്കാന്‍ നൂറുകണക്കിനു പേരുടെ സുരക്ഷാ നോട്ടമുണ്ട്’ എന്ന്. അതുതന്നെയാണ് വിശ്വമാനവികതയുടെ ആര്‍ഷാന്വേഷണം നടത്തുന്ന കവിയുടെയും കവിതയുടെയും ഭഗവദ്ദര്‍ശനവും, ഭാഗവത ദര്‍ശനവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: