ദുബായ്: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ സെഞ്ചുറി നേടി കിങ്സ് ഇലവന് പഞ്ചാബിന് വിജയം ഒരുക്കിയ നായകന് കെ.എല്‍. രാഹുല്‍ ഒരു പിടി റെക്കോഡുകളും സ്വന്തം പേരില്‍ കുറിച്ചു. 63 പന്തില്‍ 132 റണ്‍സ് നേടി പുറത്താകാതെ നിന്ന രാഹുല്‍ ഐപിഎല്ലില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ കുറിക്കുന്ന ഇന്ത്യന്‍ താരമായി.
ദല്‍ഹി ക്യാപിറ്റല്‍സിന്റെ (നേരത്തെ ദല്‍ഹി ഡയര്‍ഡെവിള്‍സ്) ഋഷഭ് പന്തിന്റെ റെക്കോഡാണ് തകര്‍ന്നത്. 2018 സീസണില്‍ ഹൈദരാബാദിനെതിരെ 128 റണ്‍സുമായി പുറത്താകാതെനിന്നാണ് ഋഷഭ് പന്ത് റെക്കോഡ് കുറിച്ചത്.
ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നാലാമത്തെ വ്യക്തിഗത സ്കോറാണ് രാഹുല്‍ കുറിച്ചത്. ക്രിസ് ഗെയ്ല് (175 നോട്ടൗട്ട്), ബ്രെണ്ടന്‍ മക്കല്ലം (158 നോട്ടൗട്ട്), എ.ബി.ഡിവില്ലിയേഴ്സ് (133 നോട്ടൗട്ട്) എന്നിവരാണ് രാഹുലിന് മുന്നിലുള്ള താരങ്ങള്‍.
സെഞ്ചുറിയിലേക്കുള്ള പ്രയാണത്തിനിടെ രാഹുല്‍ ഐപിഎല്ലില്‍ 2000 റണ്‍സും തികച്ചു. ഇതോടെ ഐപിഎല്ലില്‍ വേഗത്തില്‍ രണ്ടായിരം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡും പോക്കറ്റിലാക്കി. അറുപത് ഇന്നിങ്ങ്സിലാണ് 2000 റണ്‍സ് നേടിയത്. അറുപത്തിമൂന്ന് ഇന്നിങ്സില്‍ 2000 തികച്ച സച്ചിന് ടെന്‍ഡുല്‍ക്കറുടെ റെക്കോഡാണ് വഴിമാറിയത്. 62 പന്തില്‍ സെഞ്ചുറി തികച്ച രാഹുല്‍ 14 ഫോറും ഏഴു സിക്സറും പൊക്കിയാണ് 132 റണ്‍സിലെത്തിയത്. ഐപിഎല്ലില്‍ ഈ സീസണിലെ ആദ്യ സെഞ്ചുറിയാണിത്. ഐപിഎല്ലില്‍ രാഹുലിന്റെ രണ്ടാം സെഞ്ചുറിയും.
രണ്ട് തവണ വിരാട് കോഹ്ലി നല്കിയ ലൈഫ് മുതലാക്കിയാണ് രാഹുല്‍ സെഞ്ചുറി കുറിച്ചത്. വ്യക്തിഗത സ്കോര്‍ 83ലും 89 ലും നില്‍ക്കെയാണ് കോഹ്ലി രാഹുലിനെ കൈവിട്ടു കളഞ്ഞത്.
രാഹുലിന്റെ സെഞ്ചുറിയുടെ മികവില്‍ കിങ്സ് ഇലവന് പഞ്ചാബ് 97 റണ്‍സിനാണ് റോയല്‍ ചലഞ്ചേഴ്സിനെ പരാജയപ്പെടുത്തിയത്. പഞ്ചാബ് മുന്നോട്ടുവച്ച 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍ ചലഞ്ചേഴ്സ് 17 ഓവറില്‍ 109 റണ്‍സിന് പുറത്തായി. റോയല്‍സിനായി വാഷിങ്ടണ്‍ സുന്ദര്‍ മുപ്പത് റണ്‍സും എ.ബി. ഡിവില്ലിയേഴ്സ് 28 റണ്‍സും നേടി.
സ്കോര്‍: കിങസ് ഇലവന് പഞ്ചാബ് ഇരുപത് ഓവറില്‍ മൂന്ന് വിക്കറ്റിന് 206 (കെ.എല്‍.രാഹുല്‍ 132 നോട്ടൗട്ട്, മായങ്ക് അഗര്‍വാള്‍ 26, ശിവം ദുബെ 2-33) റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു 17 ഓവറില്‍ 109 (വാഷിങ്ടണ്‍ സുന്ദര്‍ 30, ഡിവില്ലിയേഴ്സ് 28. അശ്വിന് 3-21).
പ്രതികരിക്കാൻ ഇവിടെ എഴുതുക: