ചെന്നൈ : ഗായകന് എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ സംസ്കാരം ഇന്ന് നടത്തും. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ചെന്നൈ റെഡ് ഹില്‍സ് ഫാം ഹൗസില്‍ പതിനൊന്ന് മണിക്കാണ് അന്ത്യകര്‍മ്മങ്ങള്‍ നടത്തുക.
കൊറോണ പ്രോട്ടോക്കള്‍ നിലനില്‍ക്കുന്നതിനാല്‍ ഇത് അനുസരിച്ച് നിയന്ത്രണങ്ങളോടെയാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്. എസ്പിബിയുടെ മൃതദേഹം നുങ്കമ്പാക്കത്തെ വസതിയില്‍ നിന്ന് റെഡ് ഹില്‍സ് ഫാം ഹൗസില്‍ സംസ്കാരത്തിനായി എത്തിച്ചിട്ടുണ്ട്. ചെന്നൈ നുങ്കമ്പാക്കത്തെ വസതിയില്‍ നടന്ന പൊതുദര്ശനത്തില് നൂറ് കണക്കിന് ആളുകളാണ് എസ്പിബിക്ക് അന്ത്യോപചാരം അര്‍പ്പിക്കാനായി എത്തിയത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് എസ്.പി. ബാലസുബ്രഹ്മണ്യം അന്തരിച്ചത്. കൊറോണയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആഗസ്റ്റ് അഞ്ചിനാണ് എസ്പിബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ചികിത്സയില്‍ ഇരിക്കെ ആഗസ്റ്റ് 13 ന് രാത്രിയോടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെ അദ്ദേഹത്തിന്റെ കൊറോണ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു.
അഞ്ചു പതിറ്റാണ്ടിലേറെ തെന്നിന്ത്യന്‍ ചലച്ചിത്ര സംഗീത രംഗത്തെ നിറ സാന്നിദ്ധ്യമായിരുന്നു എസ് പി ബാലസുബ്രഹ്മണ്യം. നാല്‍പ്പതിനായിരത്തിലധികം പാട്ടുകള്‍ പാടിയ അദ്ദേഹം നാലു ഭാഷകളിലായി അന്‍പതോളം സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: