തിരുവനന്തപുരം: മനസില്‍ മായാതെ എന്നുമുണ്ടാവും എസ്പി. അരികിലല്ലാതിരുന്നപ്പോഴും അരികത്തുണ്ടായിരുന്നു എന്റെയാ ചങ്ങാതി. അന്തരിച്ച ഗായകന് എസ്.പി. ബാലസുബ്രഹ്മണ്യത്തെ അനുസ്മരിച്ച് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. ഗായകന്, ഗാനരചയിതാവ് എന്നതില്‍ കവിഞ്ഞ് നല്ല സുഹൃത്തുക്കള്‍ കൂടിയായിരുന്നു തങ്ങളിരുവരും. ഇത്രയും സ്നേഹ സമ്പന്നനായ മറ്റൊരു വ്യക്തിയില്ല. എന്തു പറഞ്ഞാലും ‘നോ’ എന്ന് പറയാത്ത സന്മനസുള്ള കലാകാരനായിരുന്നു അദ്ദേഹം. ഒരിക്കലും മറക്കാന്‍ സാധിക്കില്ല, എഴുപതിലും നാല്പ്പതിന്റെ ശബ്ദവുമായി ഇനിയെന്റെ കൂട്ടുകാരന് സംഗീതവഴിയില്‍ ഇല്ലെന്നത് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന് ശ്രീകുമാരന്‍ തമ്പി.
ഗായകന്, ഗാനരചയിതാവ് എന്നതില്‍ കവിഞ്ഞ് നല്ല സുഹൃത്തുക്കള്‍ കൂടിയായിരുന്നു എസ്പിയും ശ്രീകുമാരന്‍ തമ്പിയും. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി ഒരു ആത്മബന്ധം. സിനിമയില്‍ എത്തും മുമ്പ് ഇരുവരും ഒരേ കോളേജില്‍ എഞ്ചിനീയറിങ്ങ് പഠിച്ചവര്‍. പഠനകാലത്ത് പാട്ടിന്റെ മൂളലുകള്‍ എസ്പിയില് നിന്ന് കേട്ടപ്പോള്‍, വരിയെഴുത്തിന്റെ ആഴങ്ങളില്‍ ശ്രീകുമാരന്‍ തമ്പിയും നടന്നു പോയി. ക്യാമ്പസ് കാലത്തു നിന്ന് പിന്നീട് രണ്ട് ഭാഷകളിലാണെങ്കിലും ഇരുവരും സിനിമയിലെത്തി. മലയാളത്തില്‍ ബാലു ഏറ്റവും കൂടുതല്‍ പാടിയതും ശ്രീകുമാരന്‍ തമ്പിയുടെ പാട്ടുകള്‍.
ശ്രീകുമാരന്‍ തമ്പി മകള്‍ക്ക് കവിതയെന്ന് പേര് നല്കിയപ്പോള്, രണ്ട് മാസം കഴിഞ്ഞ് മകള്‍ പിറന്ന എസ്പിബി ആത്മസുഹൃത്തായ തമ്പിയുടെ ഓരം ചേര്‍ന്ന് പല്ലവിയെന്ന് മകള്‍ക്ക് പേരിട്ടു. രണ്ട് കുട്ടികളും ഒരേ സ്കൂളിലായിരുന്നു പഠിച്ചിരുന്നത്. തമിഴ്, തെലുങ്കു, കന്നട തുടങ്ങി ഹിന്ദിയില്‍ വരെ തിളങ്ങിയ ഗായകനായിട്ടും ശ്രീകുമാരന്‍ തമ്പിയുമായുള്ള സ്നേഹബന്ധത്തിന് അകലമുണ്ടാക്കിയില്ല.
മലയാളമായിരുന്നു അദ്ദേഹത്തിന് അല്‍പ്പം വഴങ്ങാതിരുന്നത്. പക്ഷേ, ശങ്കരാഭരണത്തിലെ ഈരടികള്‍ ആ ശബ്ദത്തില്‍ പിറന്നപ്പോള്‍ മലയാളികള്‍ പോലും പറഞ്ഞു, അത്ഭുതം ഈ ഗായകനെന്ന്.
തയാറാക്കിയത്: ശിവാകൈലാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: