കണ്ണൂര്‍: സര്‍ക്കാര്‍-സര്‍ക്കാര്‍ നിയന്ത്രിത സഥാപനങ്ങളിലെ നിയമനങ്ങളില്‍ ദിവ്യാംഗര്‍ക്ക് സംവരണം ചെയ്തിട്ടുളള തസ്തിതകകളില്‍ വൈകല്യത്തിന്റെ തോത് മാനദണ്ഡമാക്കാനുളള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധം. നിയമനങ്ങളില്‍ നിലവിലുള്ള 3 ശതമാനം സംവരണം 4 ശതമാനമായി ഉയര്‍ത്തുന്നതിന്റെ മറവിലാണ് ‘ശാരീരികവും പ്രവര്‍ത്തിപരമായ ആവശ്യകതകള്‍’ (ഫിസിക്കല്‍ ആന്‍ഡ് ഫങ്ഷണല്‍ റിക്വയര്‍മെന്റ്) അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം നടക്കുന്നത്.
2019 -ല്‍ ആദ്യ കരട് വിജ്ഞാപനം വന്നപ്പോള്‍ തന്നെ എല്ലാ ഭിന്നശേഷി വിഭാഗങ്ങളില്‍ നിന്നും ഇതിനെതിരെ ശക്തമായ എതിര്‍പ്പുയര്‍ന്നെങ്കിലും ഇതൊന്നും വകവെക്കാതെയാണ് നിലവില്‍ 49 പൊതു തസ്തികകള്‍ കണ്ടെത്തി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളതെന്നും ദിവ്യാഗരുടെ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
2009ല്‍ സമാനമായി ഭിന്നശേഷി വിഭാഗത്തെ അവരുടെ വൈകല്യത്തിന്റെ പേരില്‍ ഉദ്യോഗ സംവരണത്തിന് തരം തിരിച്ചുകൊണ്ടു ഉത്തരവ് ഇറങ്ങിയിരുന്നു. ഇതിനെ തുടര്‍ന്ന് അനേകം ഭിന്നശേഷി ഉദ്യോഗാര്‍ത്ഥികള്‍ക്ക് യോഗ്യതാ കോഴ്സ് പഠിക്കാമെങ്കിലും സര്‍ക്കാര്‍ ഉദ്യോഗം ലഭിക്കാത്ത അവസ്ഥ വന്നിരുന്നു. ഇതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ കോടതിയെ സമീപിക്കുകയും 2012 -ല്‍ ഇത് സ്റ്റേ ചെയ്ത് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യുണല്‍ ഡിവിഷന് ബഞ്ച ് ഉത്തരവ് വരുകയും ചെയ്തു.
ഒരു ഭിന്നശേഷി വിഭാഗത്തെ അവര്‍ അനുഭവിക്കുന്ന വൈകല്യത്തിന്റെ തോതിന്റെ പേരില്‍ പിന്നെയും തരം തിരിക്കുന്നതും നിയമം അനുശാസിക്കുന്ന നിയമന സംവരണത്തില്‍ നിന്നും മാറ്റി നിറുത്തുന്നതും ഭിന്നശേഷി അവകാശ സംരക്ഷണ നിയമങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന സമത്വം എന്ന അടിസ്ഥാന ആശയത്തിനു വിരുദ്ധമാണെന്ന് ട്രിബ്യുണല്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഓര്‍ത്തോപീഡിക്കല്‍ ഭിന്നശേഷി വിഭാഗത്തെ കൈകളിലെ വൈകല്യം, കാലുകളിലെ വൈകല്യം എന്നിങ്ങനെ തിരിക്കുന്നതും കേള്‍വി/സംസാര വൈകല്യ വിഭാഗത്തെ കേള്‍വി ഇല്ലായ്മ, കുറച്ചു കേള്‍വി കുറവ്, കാഴ്ചയില്ല, ഭാഗിക കാഴ്ചയില്ല എന്നിങ്ങനെ തരം തിരിക്കുന്നതും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
കോടതിയുടെ നിരീക്ഷണങ്ങള്‍ 2012 ഇലും, 2013ലും ഭിന്നശേഷി വിഭാഗത്തിനായി തസ്തിക കണ്ടെത്തിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവുകളില്‍ വ്യക്തമാക്കിയിട്ടുള്ളതും ആണ്. ഈ ഉത്തരവ് നിലനില്‍ക്കെയാണ് പുതിയ നീക്കമെന്നാണ് പരാതി. എല്ലാ വിഭാഗം ഭിന്നശേഷിക്കാരെയും ഭിന്നശേഷി തോതിന്റെയും ഭിന്നശേഷിയുടെയും പേരില്‍ തരംതിരിച്ചു കൊണ്ട് പരാതി ഉളളവര്‍ക്ക് 30നകം പരാതി ബോധിപ്പിക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
ഇനി മുതല്‍ ഒരു കൈ പൂര്‍ണ പ്രവര്‍ത്തനവൈകല്യം ഉണ്ടെങ്കില്‍ മാത്രമേ എല്‍ഡി ക്ലാര്‍ക്ക് തസിതികയ്ക്ക് അപേക്ഷിക്കാന്‍ കഴിയൂ. അതുപോലെ 60 ശതമാനം കാഴ്ച വൈകല്യം ഉള്ളവര്‍ക്കു മാത്രമേ ഈ തസ്തികയില്‍ അപേക്ഷിക്കാന്‍ കഴിയൂ. ഉന്നത യോഗ്യത നേടിയ പലരും ഇരുകാലുകളുമില്ല എന്നതിന്റെയും മറ്റും പേരില്‍ സര്‍ക്കാര്‍ ജോലി നിഷേധിക്കപ്പെടുന്ന സ്ഥിതിയുണ്ടാകുമെന്ന് ദിവ്യാംഗരുടെ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. വിത്യാസ്ത രീതിയിലുളള വൈകല്യമുളളവര്‍ക്ക് വിത്യസ്ത ജോലി എന്ന നിബന്ധനയാണ് പുതിയ ഉത്തരവിലുളളത്. നിലവില്‍ എല്ലാ തസ്തികകളിലും ഒട്ടുമിക്ക വിഭാഗം ഭിന്നശേഷിക്കാരും നല്ലരീതിയില്‍ തൊഴില്‍ ചെയ്യുകയാണ്. ഇതിനിടയിലാണ് പുതിയ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്ത് വന്നിരിക്കുന്നത്. സര്‍ക്കാര്‍ സര്‍വീസിലെ ഭിന്നശേഷി അനുപാതം കുറയ്ക്കുവാന്‍ സര്‍ക്കാര്‍-ഉദ്യോഗസ്ഥ തലത്തില്‍ നടക്കുന്ന ഗൂഢനീക്കമാണ് ഇതെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: