കണ്ണുര്‍: ഒരു പത്രത്തിന് നല്കിയ അഭിമുഖത്തില്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പരസ്യമായ അഭിപ്രായ പ്രകടനം നടത്തിയ സിപിഎം സംസ്ഥാന കമ്മിറ്റിഗം പി. ജയരാജന്റെ നടപടി സിപിഎമ്മിനകത്ത് വിവാദമാകുന്നു. ജയരാജന്റെ നടപടി പാര്‍ട്ടി കീഴ് വഴക്കങ്ങളുടെ ലംഘനമാണെന്ന ആരോപണമാണ് ഒരു വിഭാഗം പാര്‍ട്ടിക്കുളളില്‍ ഉയര്‍ന്നിരിക്കുന്നത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയടക്കമുളള ഉന്നത നേതാക്കളാണ് അഭിപ്രായം പറയേണ്ടതെന്നിരക്കെ എന്തടിസ്ഥാനത്തിലാണ് ജയരാജന് അഭിമുഖം നല്‍കിയതെന്ന ചോദ്യം ഒരു വിഭാഗം പാര്‍ട്ടി നേതൃത്വത്തിനു മുന്നില്‍ ഉന്നയിച്ചതായി അറിയുന്നു.
പാര്‍ട്ടി നേതൃത്വവുമായി അകന്നുകഴിയുന്ന ജയരാജന് മാധ്യമ ശ്രദ്ധ നേടാനും കൂടെയുളള പ്രവര്‍ത്തകരെ ആവേശം കൊളളിക്കാനും കൂടെ ഉറപ്പിച്ച് നിര്‍ത്താനുമുളള നീക്കത്തിന്റെ ഭാഗമായാണ് അഭിമുഖം അനുവദിച്ചെന്ന ആരോപണമാണ് ഉയരുന്നത്. മാത്രമല്ല ദിനപത്രത്തിന്റെ കോഴക്കോടുളള ലേഖകന്‍ കണ്ണൂരില്‍ ജയരാജന്റെ തട്ടകമായ കൂത്തുപറമ്പിലെ പാര്‍ട്ടി ഓഫീസിലെത്തി അഭിമുഖം തയ്യാറാക്കിയതും ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
നേതാക്കളുടെ മക്കള്‍ ചെയ്യുന്ന കുറ്റങ്ങള്‍ പാര്‍ട്ടി ഏറ്റെടുക്കില്ലെന്ന പി. ജയരാജന്റെ പ്രസ്താവന പ്രത്യക്ഷത്തില്‍ പാര്‍ട്ടി നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് തോന്നിക്കുമെങ്കിലും സംസ്ഥാനത്തെ ഭരണവും പാര്‍ട്ടി സംവിധാനവും നിയന്ത്രിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍എന്നിവര്‍ക്കെതിരെയുള്ള പരോക്ഷ വിമര്‍ശനമാണ് ജയരാജന് ഉന്നയിച്ചതെന്ന വികാരമാണ് അണികള്‍ക്കും നേതാക്കള്‍ക്കുമിടയില്‍ രൂപപ്പെട്ടിരിക്കുന്നത്. ഇതേതുടര്‍ന്നാണ് പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നു വരുത്തി തീര്‍ക്കാന്‍സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിഎം.വി. ജയരാജന്‍പി. ജയരാജന്റെ പ്രസ്താവനയ്ക്കു പിന്തുണയുമായി തിടുക്കപ്പെട്ടെത്തിയത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയിലെ പരാജയത്തിനു ശേഷം പി. ജയരാജന് നേതൃത്വത്തെ നിരന്തരം വെട്ടിലാക്കുന്നുവെന്ന ആരോപണം പാര്‍ട്ടിക്കുള്ളിലുണ്ട്. പ്രവാസി വ്യവസായിയുടെ ഓഡിറ്റോറിയത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് സിപഎം നേതാവായ എം.വി. ഗോവിന്ദന്റെ ഭാര്യയായ ആന്തൂര്‍ നഗരസഭാ ചെയര്പേഴ്സന് പി.കെ. ശ്യാമളയെ പാര്‍ട്ടി വിശദീകരണ യോഗത്തില്‍ ജയരാജന് പരസ്യമായി വിമര്‍ശിച്ചത് വിവാദമായിരുന്നു. ശ്യാമള ടീച്ചര്‍ക്ക് വീഴ്ചപറ്റിയെന്ന പി. ജയരാജന്റെ വിമര്‍ശനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തിരുത്തുകയും പി.കെ. ശ്യാമളയ്ക്കൊപ്പമാണ് പാര്‍ട്ടിയെന്നു പ്രഖ്യാപിക്കുക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമുള്ള ജയരാജന്റെ ഇടപെടലുകളെ പാര്‍ട്ടി നേതൃത്വം അതീവ സൂക്ഷ്മതയോടെയാണ് വീക്ഷിക്കുന്നത്.
ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയ ശേഷം പാര്‍ട്ടി വാഹനം കൊടുത്തില്ല എന്നുള്‍പ്പെടെയുളള അഭിമുഖത്തിലെ വിവാദ പരാമര്‍ശങ്ങളും പാര്‍ട്ടിക്കുളളില്‍ ചര്‍ച്ചയായിട്ടുണ്ട്. അലന്-താഹ വിഷയത്തിലടക്കം ജയരാജന് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നിലപാട് വ്യക്തമാക്കിയിരുന്നത്. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ പരാമര്‍ശിക്കുന്ന കാര്യമാകുമ്പോള്‍ ജയരാജന് തന്റെ ഘടകമായ സംസ്ഥാന ഘടകത്തിലാണ് അഭിപ്രായം പറയേണ്ടെന്ന നിലപാടാണ് ഒരു വിഭാഗം നേതാക്കള്‍ക്കുളളത്. ഒരു വിഭാഗം നേതാക്കളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ ജയരാജനെതിരെ നടപടി വേണമെന്ന ആവശ്യവും പാര്‍ട്ടിക്കുളളില്‍ ശക്തമാവുകയാണ്. ജയരാജന്റെ അഭിപ്രായ പ്രകടനത്തില്‍ പാര്‍ട്ടി നേതൃത്വം വിശദീകരണം തേടുമെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: