ചെന്നൈ : പ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസായിരുന്നു. ചെന്നൈ എംജിഎം ഹെല്‍ത്ത് കെയര്‍ സെന്ററില്‍വച്ചാണ് അന്ത്യം. കൊറോണ വൈറസ്് ബാധിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാകുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
നേരിയ കൊവിഡ് ലക്ഷണങ്ങളോടെ ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് വ്യക്തമാക്കി അന്ന് അദ്ദേഹം തന്നെ വീഡിയോ പുറത്തുവിട്ടിരുന്നു. ഓഗസ്റ്റ് 13 ന് അദ്ദേഹത്തിന്റെ ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും വെന്റിലേറ്റര്‍ സഹായം നല്‍കുകയും ചെയ്തിരുന്നു. പ്ലാസ്മ തെറാപ്പിക്കും അദ്ദേഹം വിധേയനായിരുന്നു.
സെപ്തംബര്‍ എട്ടിന് അദ്ദേഹത്തിന് കൊറോണ വൈറസില്‍ നിന്ന് രോഗമുക്തി നേടിയെങ്കിലും ശ്വാസകോശത്തിന്റെ സ്ഥിതി മോശമായി തുടര്‍ന്നു. തുടര്‍ന്ന് സെപ്തംബര്‍ 19ന് എസ്പിബിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് വ്യക്തമാക്കി മകന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച വൈകിട്ടോടെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു.
സിനിമാ പിന്നണി ഗായകന്‍, നടന്‍,സംഗീത സംവിധായകന്‍, സിനിമാ നിര്‍മ്മാതാവ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നിങ്ങനെ നിരവധി രംഗങ്ങളില്‍ തിളങ്ങി എസ്പിബി.
1946 ജൂണ്‍ 4ന് ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് ശ്രീപതി പണ്ഡിതരാധ്യുല ബാലസുബ്രഹ്മണ്യം ജനിച്ചത്. ചെറുപ്പകാലത്ത് നിരവധി സംഗീതമത്സരങ്ങളില്‍ മികച്ച ഗായകനായി. സിനിമാ പിന്നണി ഗാനരംഗത്തേക്കുളള അരങ്ങേറ്റം 1966ല്‍ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു.
എം.ജി.ആര്‍ നായകനായ അടിമൈപ്പെണ്‍ എന്ന ചിത്രത്തിലെ ഗാനമാണ് എസ്.പി.ബിയുടെ തമിഴിലെ ആദ്യ ഹിറ്റുഗാനം. അദ്ദേഹം ആദ്യമായി മലയാളത്തില്‍ പാടിയത് ജി. ദേവരാജന് വേണ്ടിയാണ്. ചിത്രം കടല്‍പ്പാലം.
ഹിന്ദിയിലെ അരങ്ങേറ്റം ആര്‍.ഡി.ബര്‍മന്‍ ഈണമിട്ട പഞ്ചാം എന്ന ചിത്രത്തിലെ ഗാനത്തിലൂടെയായിരുന്നു. 1979ല്‍ ശങ്കരാഭരണം എന്ന ചിത്രത്തിലെ ഗാനത്തിന് ആദ്യ ദേശീയ അവാര്‍ഡ് ലഭിച്ചു. പിന്നീട് 5 തവണ കൂടി രാജ്യത്തെ മികച്ച ഗായകനുളള പുരസ്‌കാരം നേടി അദ്ദേഹം.
ഏക് ദൂജേ കേലിയേ (1981ഹിന്ദി) ,സാഗര സംഗമം (1983തെലുങ്ക്),രുദ്രവീണ (1988തെലുങ്ക്), സംഗീതസാഗര ഗണയോഗി പഞ്ചാക്ഷര ഗവായ് (1995കന്നഡ), മിന്‍സാര കനവ് (1996തമിഴ്) എന്നിവയായിരുന്നു ആ സിനിമകള്
യേശുദാസിനുശേഷം ഏറ്റവും കൂടുതല്‍ ദേശീയ അവാര്‍ഡുകള്‍ നേടിയ ഗായകന്‍ എന്ന ബഹുമതി എസ്പിബിയ്‌ക്ക് അവകാശപ്പെട്ടതാണ്. മികച്ച ഗായകന്‍, സംഗീത സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ വിഭാഗങ്ങളിലായി ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ അവാര്‍ഡ് ഇരുപതിലേറെ തവണ ലഭിച്ചു. മികച്ച ഗായകനുളള ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ നന്തി അവാര്‍ഡ് 24 തവണ ലഭിച്ചു. മികച്ച ഗായകനുളള കര്‍ണാടക സര്‍ക്കാരിന്റെ പുരസ്‌കാരം 3 വട്ടം ലഭിച്ചു. 4 വട്ടം തമിഴ്‌നാട്ടിലെ മികച്ച ഗായകനുളള സംസ്ഥാന പുരസ്‌കാരം നേടി. ഫിലിംഫെയര്‍ പുരസ്‌കാരങ്ങളടക്കം നിരവധി അംഗീകാരങ്ങള്‍ വേറെയും ലഭിച്ചു.
നാല് ഭാഷകളിലായി അമ്പതോളം സിനിമകള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചു അദ്ദേഹം. എഴുപതില്‍പ്പരം ചിത്രങ്ങളില്‍ അഭിനയിച്ചു. ടിവി പരമ്പരകളിലും അഭിനയിച്ചു.2001ല്‍ പത്മശ്രീയും 2011ല്‍ പത്മഭൂഷണും നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചു.
ഭാര്യ– സാവിത്രി.മക്കള്‍ പല്ലവി, എസ്.പി.ബി ചരണ്‍. ചരണ്‍ ഗായകനും നടനും സിനിമാ നിര്‍മ്മാതാവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: