ന്യൂദല്‍ഹി:സങ്കുചിത രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി കര്‍ഷകരെ പ്രകോപിതാരാക്കാന്‍ ശ്രമിക്കുന്ന ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ കാര്‍ഷിക ബില്ലുകളെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ മിഥ്യാധാരണകള്‍ പ്രചരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു.
കാര്‍ഷിക ബില്ലുകളില്‍ പ്രതിപാദിക്കാത്ത ചില വ്യവസ്ഥകളുടെ പേരില്‍ അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെന്ന് ദൂരദര്ശന് നല്കിയ അഭിമുഖത്തില്‍ ഡോ ജിതേന്ദ്ര സിംഗ് വ്യക്തമാക്കി. ഉദാഹരണത്തിന്, കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി കര്‍ഷകര്‍ക്ക് ലഭിച്ചു വരുന്ന താങ്ങുവില (എം.എസ്.പി.) അവസാനിപ്പിക്കുമെന്ന് വിപുലമായ ഒരു പ്രചാരണ പരിപാടി നടക്കുന്നുണ്ട്. അതേസമയം കാര്‍ഷിക ബില്ലില്‍ താങ്ങുവില സംവിധാനത്തെക്കുറിച്ച് അത്തരം പരാമര്‍ശങ്ങളൊന്നുമില്ല. താങ്ങുവില സംവിധാനം മുമ്പത്തെപ്പോലെ തുടരും.
വന്‍കിട കമ്പനികളില്‍ നിന്ന് കൂടുതല്‍ ലാഭം ലഭിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ അത്തരം കമ്പനികള്‍ക്കോ അതല്ലെങ്കില്‍ മറ്റെവിടെ വേണമെങ്കിലും തന്റെ വിളകള്‍ വില്ക്കാന് കാര്‍ഷിക ബില്‍ കര്ഷകന് സ്വാതന്ത്ര്യം നല്‍കുന്നുവെന്ന് ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു.
കരാറിന്റെ പേരില്‍ വന്‍കിട കമ്പനികളില്‍ നിന്ന് ചൂഷണം നേരിടേണ്ടിവരുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കര്‍ഷകരെ പ്രകോപിപ്പിക്കുന്നതെന്ന് ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു. എന്നാല്‍, എല്ലാവിധ ചൂഷണങ്ങളില്‍ നിന്നും കര്‍ഷകരെ സംരക്ഷിക്കാന്‍ ആവശ്യമായ വ്യവസ്ഥകള്‍ ബില്ലിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കര്ഷകന് കരാര്‍ പ്രകാരം പറഞ്ഞുറപ്പിച്ച തുക ലഭിക്കുമെന്ന് നിയമം ഉറപ്പു വരുത്തുന്നതായും കര്‍ഷകര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പിഴയടയ്ക്കാതെ കരാറില്‍ നിന്ന് പിന്മാറാന് സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാത്രമല്ല, കര്‍ഷകരുടെ ഭൂമി വില്‍ക്കുന്നതിനോ പാട്ടത്തിനെടുക്കുന്നതിനോ പണയം വയ്ക്കുന്നതിനോ വിലക്കാന്‍ ബില്ലില്‍ വ്യക്തമായ വ്യവസ്ഥയുണ്ടെന്ന് ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു. ആയതിനാല്‍, വന്‍കിട ബിസിനസുകാര്‍ കര്‍ഷകരുടെ ഭൂമി പിടിച്ചെടുത്ത് അവരെ കരാര്‍ തൊഴിലാളികളാക്കുമെന്നത് തെറ്റായ വ്യാഖ്യാനമാണ്.
തുറന്ന വിപണിയില്‍ വിളകള്‍ വില്ക്കാന് കാര്‍ഷിക ബില്ലുകള്‍ കര്‍ഷകര്‍ക്ക് മതിയായ സുരക്ഷ ഉറപ്പു വരുത്തുന്നുണ്ടെന്ന് ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു. ഒരു കര്ഷകന് രാജ്യത്ത് എവിടെയുമുള്ള തുറന്ന വിപണിയില്‍ വിളകള്‍ വില്ക്കുമ്പോള്, ആ വിളകള്‍ വാങ്ങുന്നവര്‍ മുഴുവന്‍ പണവും അതേ ദിവസം തന്നെ നല്‍കേണ്ടിവരും. അതല്ലെങ്കില്‍ നിര്‍ദ്ദിഷ്ട നടപടിക്രമങ്ങള്‍ പാലിച്ച് മൂന്ന് പ്രവൃത്തിദിവസങ്ങള്‍ക്കുള്ളില്‍ പണം നല്‍കണം. ഇതില്‍ വീഴ്ച്ച വരുത്തുന്ന പക്ഷം, വാങ്ങുന്നയാള്‍ക്ക് പിഴ ചുമത്താനുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: