കൊച്ചി : സ്വപ്ന സുരേഷുമായി നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി. സ്വര്‍ണം പിടിച്ചശേഷം സ്വപ്നാ സുരേഷ് തന്നെ പലതവണ വിളിച്ചതായി എന്‍ഐഎ ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു. വ്യാഴാഴ്ച കൊച്ചിയില്‍ വരുത്തിച്ച് സ്വപ്നയ്ക്കൊപ്പമിരുത്തി ചോദ്യം ചെയ്തതോടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് മൂന്നാംതവണയാണ് എന്‍ഐഎ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.
എന്നാല്‍ സ്വപ്നയ്ക്ക് അനുകൂലമായി ഒന്നും ചെയ്തുകൊടുത്തിട്ടില്ലെന്ന് ശിവശങ്കര്‍ അന്വേഷണസംഘത്തോട് പറഞ്ഞു. എന്നാല്‍ ഇരുവരില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും സൂചനയുണ്ട്.
സ്വപ്നയില്‍നിന്നും സന്ദീപില്‍നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളിലെയും ലാപ്ടോപ്പിലെയും വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഡിജിറ്റല്‍ ഉപകരണങ്ങള്‍ സി ഡാക്കില്‍ പരിശോധനയ്ക്ക് അയച്ചിരുന്ന എന്‍ഐഎയ്ക്കു അതിന്റെ ഫലം കിട്ടിയിട്ടുണ്ട്. സ്വപ്നാ സുരേഷിന് ഫ്ളാറ്റും ബാങ്കില്‍ ലോക്കറും എടുത്തുകൊടുത്തത് സംബന്ധിച്ചും ചോദ്യങ്ങളുണ്ടായിരുന്നു.
ചോദ്യം ചെയ്യലിനിടയില്‍ കസ്റ്റംസിലെ ചില ഉദ്യോഗസ്ഥരും എന്‍ഐഎയുടെ ഓഫീസിലെത്തിയിരുന്നു. ശിവശങ്കറിന്റെ ഉത്തരങ്ങള്‍ പരിശോധിച്ചാകും എന്‍ഐഎ അടുത്ത നടപടികളിലേക്ക് കടക്കുക. വ്യാഴാഴ്ച രാവിലെ 11.30-ന് തുടങ്ങിയ ചോദ്യംചെയ്യല്‍ രാത്രി എട്ടുമണിക്കാണ് അവസാനിച്ചത്.
അതേസമയം ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സ്വപ്നയുടെ ഇടപാടുകള്‍ അറിയില്ലെന്ന് ശിവശങ്കര്‍ വെളിപ്പെടുത്തി. ഒരു കോടി കമ്മിഷന് കിട്ടിയത് ശിവശങ്കറിനോട് പറഞ്ഞിട്ടില്ലെന്ന് സ്വപ്ന സുരേഷും ആവര്‍ത്തിച്ചു. സ്വപ്നയുമായുള്ള കൂടിക്കാഴ്ചകള്‍ വ്യക്തിപരമാണെന്നും കളളക്കടത്തുമായി ബന്ധമില്ലെന്നും ശിവശങ്കര്‍ വ്യക്തമാക്കി. ഇരുവരും തമ്മിലുളള കൂടിക്കാഴ്ചകളുടെ തീയതികളിലും വ്യക്തത വരുത്തി. ശിവശങ്കര്‍ പറഞ്ഞ തീയതികളിലാണ് കൂടിക്കാഴ്ചകളെന്ന് വ്യക്തമായി. മൊഴി പരിശോധിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ അറിയിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: