പിണറായി വിജയന് നേതൃത്വം നല്കുന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ മാധ്യമ നയം മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ‘ കടക്ക് പുറത്ത് ‘ എന്നതാണത്. ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്ത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സിപിഎമ്മിന്റെ കണ്ണൂര്‍ മോഡല്‍ കൊലപാതക രാഷ്ട്രീയത്തിന് ഇരയായതിന്റെ പശ്ചാത്തലത്തില്‍ നടന്ന തന്റെ വാര്‍ത്താസമ്മേളനത്തിനെത്തിയ മാധ്യമ പ്രവര്‍ത്തകരെയാണ് മുഖ്യമന്ത്രി ഇങ്ങനെ ആക്രോശിച്ച് പുറത്തിറക്കിവിട്ടത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ദിനംതോറും നടക്കുന്ന വാര്‍ത്താസമ്മേളനങ്ങളില്‍ ജനങ്ങള്‍ക്ക് അറിയാന്‍ താല്പര്യമുള്ള പല ചോദ്യങ്ങള്‍ക്കും മറുപടി പറയാന്‍ വിസമ്മതിക്കുന്ന മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരെ കടന്നാക്രമിക്കുന്നതും ആക്ഷേപിക്കുന്നതും പതിവ് കാഴ്ചയാണ്. ഇതിന് വേണ്ടിയാണോ ഈ വാര്‍ത്താസമ്മേളനങ്ങള്‍ വിളിക്കുന്നതെന്നുപോലും തോന്നിപ്പോകും. അത്രയ്ക്കുണ്ട് ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ആവേശം.
മുഖ്യമന്ത്രിയും മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും സിപിഎം നേതാക്കളും ആരോപണ വിധേയരായ സ്വര്‍ണക്കടത്തു കേസിനെക്കുറിച്ചും, ലൈഫ് മിഷന് പദ്ധതിയിലെ അഴിമതിയെക്കുറിച്ചും വാര്‍ത്തകള്‍ നല്കുന്ന മാധ്യമങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനുള്ള ഇടതുമുന്നണി സര്‍ക്കാരിന്റെ തീരുമാനം ‘ കടക്ക് പുറത്ത്’ എന്ന സമീപനം പ്രയോഗത്തില്‍ വരുത്തുന്നതാണ്. യുഎഇ കോണ്‍സുലേറ്റിനെ മറയാക്കി നടന്നതായി കരുതപ്പെടുന്ന സ്വര്‍ണക്കടത്തില്‍ പ്രോട്ടോകോള്‍ ലംഘനം ഉണ്ടായെന്ന് വ്യക്തമാണ്. ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ സൂക്ഷിക്കുന്ന സെക്രട്ടേറിയേറ്റിന്റെ ഓഫീസില്‍ തീപിടുത്തമുണ്ടായതില്‍ മാധ്യമങ്ങള്‍ സംശയം പ്രകടിപ്പിക്കുകയും, തീപിടുത്തം ആസൂത്രിതമാണെന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കുകയും ചെയ്തിരുന്നു. ഇതാണ് മാധ്യമങ്ങള്‍ക്കെതിരായി ഇറങ്ങിത്തിരിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടേയും ചീഫ് സെക്രട്ടറിയുടേയും നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റില്‍ തീവച്ചുവെന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതായി മുഖ്യമന്ത്രി ആരോപിക്കുന്നു. എന്നാല്‍ ഒരു മാധ്യമവും ഇങ്ങനെ വാര്‍ത്തകള്‍ നല്‍കിയിട്ടില്ല. സര്‍ക്കാരിലെ പ്രമുഖര്‍ ആരോപണ വിധേയരായ സ്വര്‍ണക്കടത്തുകേസില്‍ നിര്‍ണായകമായേക്കാവുന്ന ചില ഫയലുകള്‍ കത്തി നശിച്ചുവെന്നും, ഇത് ആസുത്രിതമാവാനുള്ള സാധ്യതയുണ്ടെന്നുമാണ് മാധ്യമങ്ങള്‍ പറഞ്ഞത്. ഇങ്ങനെയൊരു സംശയം ഉന്നയിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ വാര്‍ത്തകള്‍ നല്‍കാനുമുള്ള സ്വാതന്ത്ര്യം മാധ്യമങ്ങള്‍ക്കുണ്ട്.
മുഖ്യമന്ത്രിയും കൂട്ടരും മാധ്യമങ്ങളെ ഭയക്കുന്നു എന്നത് പകല്‍പോലെ വ്യക്തമാണ്. കാരണം എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന അഗ്നിപര്‍വ്വതത്തിന്റെ മുകളിലാണ് സര്‍ക്കാര്‍. അടിയില്‍ അഴിമതിയുടെ ലാവ തിളച്ചുമറിയുകയാണ്. അതിലൊന്നാണ് ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന കോടികളുടെ അഴിമതി ആരോപണങ്ങള്‍. ചോദ്യങ്ങള്‍ ഉന്നയിക്കുന്ന മാധ്യമപ്രവര്‍ത്തകരെ അക്ഷരാര്‍ത്ഥത്തില്‍ ഭീഷണിപ്പെടുത്തുന്ന ശൈലിയാണ് മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ളത്. ലൈഫ് മിഷന് പദ്ധതിയെക്കുറിച്ച് അസുഖകരമായ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോഴൊക്കെ വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുന്ന ഭീരുത്വപൂര്‍ണ്ണമായ നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഈ പദ്ധതിയില്‍ നടന്നതായി കരുതപ്പെടുന്ന അഴിമതിയില്‍ മുഖ്യമന്ത്രിയുടെ കൈകള്‍ ശുദ്ധമല്ലെന്ന് അരിയാഹാരം കഴിക്കുന്ന ഏതൊരാള്‍ക്കും അറിയാം. മാധ്യമങ്ങള്‍ ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാനോ വാര്‍ത്തകള്‍ നല്‍കാനോ പാടില്ല. ഇതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
സിപിഎം സെക്രട്ടറിയായിരിക്കെ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നതില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച നേതാവാണ് പിണറായി വിജയന്. ഒരു പ്രമുഖ പത്രത്തിന്റെ പത്രാധിപരെ ‘ എടോ ഗോപാലകൃഷ്ണാ …എന്ന് മാന്യത തൊട്ടുതെറിക്കാത്ത വിധത്തില്‍ സംബോധന ചെയ്ത അന്നത്തെ വിജയനില്‍ നിന്ന് മാറാന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ പോലും പിണറായിക്ക് സാധിക്കുന്നില്ല. ഇത് ഈ നാടിന്റെ ഗതികേടാണ്. ഇങ്ങനെ കുതിരകേറാന്‍ അനുവദിച്ചുകൊടുക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ വിധേയത്വം ഒരുതരം അശ്ലീലമായ കാഴ്ചയാണ്. മാധ്യമപ്രവര്‍ത്തകരോട് ഇടപെടുമ്പോള്‍ വാടാപോടാ ശൈലി ഉപേക്ഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. സ്വന്തം പാര്‍ട്ടിയേയും സര്‍ക്കാരിനേയും പ്രീതിപ്പെടുത്തുന്ന വാര്‍ത്തകള്‍ മാത്രമായിരിക്കണം മാധ്യമങ്ങള്‍ നല്‍കേണ്ടത്, മറിച്ചായാല്‍ നിങ്ങള്‍ ശിക്ഷിക്കപ്പെടും എന്ന നയം കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തില്‍ മാത്രം നടക്കുന്നതാണ്. ഇത് ജനാധിപത്യത്തിന് ചേരുന്നതല്ല. അധികാരത്തിന്റെ ധാര്ഷ്ട്യത്തില് ഇത്തരമൊരു നയം അടിച്ചേല്‍പ്പിക്കാമെന്ന് കരുതുന്നവര്‍ വലിയ വില കൊടുത്തിട്ടുണ്ടെന്ന് ചരിത്രം പറഞ്ഞുതരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: