കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഐഎ അറസ്റ്റ് ചെയ്തേക്കും. സ്വപ്നയുമായി നടത്തിയ പണമിടപാടുകള്‍ സംബന്ധിച്ച് എന്‍ഐഎയ്ക്ക് മുമ്പാകെ നല്കിയ മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങുന്നത്.
ഇത് കൂടാതെ ശിവശങ്കര്‍ സ്വപ്നയ്ക്ക് അയച്ച സന്ദേശങ്ങള്‍ ഉള്‍പ്പടെ ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഇതും ദുരൂഹതയുണര്‍ത്തുന്നതാണ്. സ്വപ്നയുടെ ഫോണില്‍ നിന്നും ശിവശങ്കറുമായി നടത്തിയ ഫോണ്‍കോള്‍ വിവരങ്ങളും സന്ദേശങ്ങളുമെല്ലാം അന്വേഷണ സംഘം കൈപ്പറ്റിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ എന്‍ഐഎ സംഘത്തിന് ലഭിച്ചതായും സൂചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.
നിലവില്‍ ശിവശങ്കറിനെ കൊച്ചി എന്‍ഐഎ ഓഫീസില്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. എന്‍ഐഎ കസ്റ്റഡിയില്‍ കഴിയുന്ന സ്വപ്നയെ ശിവശങ്കറിനൊപ്പമിരുത്തി ചോദ്യം ചെയ്യുന്നതിനായി ഇവിടേയ്ക്ക് എത്തിച്ചിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് എന്‍ഐഎ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. ഒരു തവണ തിരുവനന്തപുരത്ത് വെച്ചും ഇതിനു മുമ്പ് കൊച്ചിയില്‍ വിളിച്ചു വരുത്തിയും ചോദ്യം ചെയ്തിരുന്നു. ഇത് കൂടാതെ എന്‍ഫോഴ്സ്മെന്റും കസ്റ്റംസും ശിവശങ്കറിനെ ചോദ്യം ചെയ്തിട്ടുണ്ട്.
നിലവില്‍ സ്വപ്ന സുരേഷും കേസിലെ മറ്റുപ്രതികളുമായി ശിവശങ്കറിനുള്ള ബന്ധമാണ് എന്‍ഐഎ അന്വേഷിക്കുന്നത്. അതായത് കള്ളക്കടത്ത് സംഘത്തിന് ഏതെങ്കിലും തരത്തിലുള്ള സഹായം ശിവശങ്കര്‍ ചെയ്തു കൊടുത്തിട്ടുണ്ടോ എന്നും അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. എന്നാല്‍ സ്വപ്ന സുരേഷുമായി വ്യക്തിപരമായ ബന്ധം മാത്രമാണ് ഉള്ളതെന്നാണ് ശിവശങ്കര്‍ നല്കിയ മൊഴി. എന്നാല്‍ ഡിജിറ്റല്‍ തെളിവുകളില്‍ നിന്ന് ഇതിന് വിരുദ്ധമായ ചില കാര്യങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തിയതായാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: