പാലക്കാട്: ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ’കാരന് ജ്ഞാനപീഠം സമര്‍പ്പിച്ചു. കവിതയില്‍ ആധുനികതയുടെ വെളിച്ചം നിറച്ച മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരിക്ക് സ്വന്തം വസതിയായ ദേവായനത്തില്‍ വച്ചാണ് ജ്ഞാനപീഠം പുരസ്കാരം സമര്‍പ്പിച്ചത്. ചരിത്രനിമിഷത്തിന് കുമരനെല്ലൂര്‍ സാക്ഷിയായി.
ദല്‍ഹിയില്‍ നടക്കേണ്ട പുരസ്കാരദാന ചടങ്ങ് കൊറോണയുടെ പശ്ചാത്തലത്തിലാണ് ദേവായനത്തില്‍ത്തന്നെ നടത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. ജ്ഞാനപീഠ പുരസ്കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. സമഗ്രസംഭാവനകള്‍ കണക്കിലെടുത്താണ് അവാര്‍ഡ്.
ഇന്ന് ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി പുരസ്കാര സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യും. സാംസ്കാരികമന്ത്രി എ.കെ. ബാലന് മുഖ്യമന്ത്രിക്ക് വേണ്ടി പുരസ്കാരം സമര്‍പ്പിക്കും. എം.ടി. വാസുദേവന്‍ നായര്‍, ജ്ഞാനപീഠ സെലക്ഷന് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രതിഭാ റോയ്, ഭാരതീയ ജ്ഞാനപീഠം ഡയറക്ടര്‍ മധുസൂദനന് ആനന്ദ്, പിആര്‍ഒ ദേബബ്രത ഗോസ്വാമി എന്നിവര്‍ ഓണ്‍ലൈനിലൂടെ സംസാരിക്കും. ആത്മാരാമന് തയാറാക്കിയ അക്കിത്തത്തിന്റെ സചിത്ര ജീവചരിത്രഗ്രന്ഥം ചടങ്ങില്‍ പ്രകാശനം ചെയ്യും.
തപസ്യ സംസ്ഥാന അധ്യക്ഷന്‍ മാടമ്പ് കുഞ്ഞുകുട്ടന്, ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, വി.ടി. ബല്‍റാം എംഎല്‍എ, ജില്ലാ കളക്ടര്‍ ഡി. ബാലമുരളി, കേരളസാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്, സെക്രട്ടറി ഡോ.കെ.പി. മോഹനന്, കപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധുമാവറ, ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ ടി.ആര്. സദാശിവന് നായര്‍, വി.ടി. വാസുദേവന്‍, പ്രഭാവര്‍മ, പ്രൊഫ.എം.എം. നാരായണന്, ആലങ്കോട് ലീലാകൃഷ്ണന്, പി.പി. രാമചന്ദ്രന്, പി. സുരേന്ദ്രന് തുടങ്ങിയവര്‍ പങ്കെടുക്കും.
Read More:
പ്രതികരിക്കാൻ ഇവിടെ എഴുതുക: