തിരുവനന്തപുരം: സിപിഎം നേതാക്കളുടെ മക്കള്‍ വിവാദങ്ങളില്‍ ഉള്‍പ്പെട്ടത് ജനങ്ങള്‍ക്കിടയില്‍ എതിര്‍പ്പുളവാക്കി. മുഖ്യമന്ത്രിയുടേത് ധാര്‍ഷ്ട്യമെന്ന് തോന്നിക്കുന്ന ശൈലി. ഇത് ജനങ്ങള്‍ക്കിടയില്‍ ഇടത് പക്ഷത്തിന് തെറ്റായ സന്ദേശം നല്‍കുന്നുവെന്ന് സിപിഐ നിര്‍വാഹക സമിതിയില്‍ രൂക്ഷ വിമര്‍ശനം.
വിവാദങ്ങളെ മുഖ്യമന്ത്രി നേരിടുന്ന രീതി ജനങ്ങളില്‍ നല്ല സ്ന്ദേശങ്ങളല്ല നല്‍കുന്നത്. സര്‍ക്കാരും പാര്‍ട്ടിയും ഇപ്പോള്‍ നേരിടുന്ന വിവാദങ്ങള്‍ മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രിയുടെ അലോസരപ്പെടുത്തുന്ന ശൈലി ഇല്ലായിരുന്നെങ്കില്‍ പ്രശ്നങ്ങള്‍ വഷളാകില്ലായിരുന്നെന്നും കാനം രാജേന്ദ്രന് നിര്‍വാഹക സമിതിയോഗത്തില്‍ അറിയിച്ചു.
അതേസമയം മന്ത്രി കെ.ടി. ജലീല്‍ ഒളിച്ച് പുലര്‍ച്ചെ എന്‍ഐഎ ഓഫീസിലെത്തിയത് നാണക്കേടായി. ഇതോടൊപ്പം മാധ്യമങ്ങളെ വെല്ലുവിളിച്ചത് തെറ്റായിപ്പോയെന്നും യോഗം വിമര്‍ശിച്ചു. എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യലിനായി വ്യവസായിയുടെ കാറില്‍ പോയതും, എന്‍ഐഎ ഓഫിസില്‍ മാധ്യമങ്ങളെ ഒളിച്ച് പുലര്ച്ചെയ്ക്കെത്തിയതും നാണക്കേടുണ്ടാക്കി.
മന്ത്രിയെന്ന നിലയില്‍ ജലീല്‍ പക്വത കാട്ടിയില്ല. ഈച്ച പാറിയാല്‍ അറിയുമെന്ന ചിലരുടെ ധാര്‍ഷ്ട്യത്തിന് മുഖത്തേറ്റ അടിയെന്ന നിലയില്‍ മറുപടി പറഞ്ഞതും മാധ്യമങ്ങളെ വെല്ലുവിളിച്ചതും തെറ്റായിപ്പോയെന്നും യോഗം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: