സിക്കന്തരാബാദില്‍ ഒ.വി. വിജയന് താമസിച്ചിരുന്ന വസതിയില്‍ചെന്ന് അദ്ദേഹത്തിന് തപസ്യയുടെ സഞ്ജയന് പുരസ്കാരം സമ്മാനിച്ച സന്ദര്‍ഭമാണ് ഈ ലേഖനമെഴുതുമ്പോള്‍ ഓര്‍മ്മ വരുന്നത്. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായി, ശബ്ദവും ചലനശേഷിയും നഷ്ടപ്പെട്ട വിജയന് ഒരു വീല്‍ചെയറില്‍ ചടങ്ങ് നടക്കുന്ന സ്വീകരണമുറിയിലേക്ക് പ്രവേശിച്ചതും വേദസൂക്തങ്ങള്‍ ചൊല്ലി മഹാകവി അക്കിത്തം സമര്‍പ്പിച്ച പുരസ്കാരത്തെ മന്ത്രശുദ്ധി വരുത്തിയ മൗനത്തോടെ ഏറ്റുവാങ്ങിയതും ഒടുവില്‍ വിരലുറയ്ക്കാത്ത ശിശു ആദ്യക്ഷരം കുറിച്ചിട്ടപോലെ ഒരു വെള്ളക്കടലാസില്‍ ‘നന്ദി’ എന്നുമാത്രം മറുപടിയായി എഴുതിത്തന്നതും തികച്ചും വികാരനിര്‍ഭരവും അവിസ്മരണീയവുമായ ഒരു അനുഭവമായിരുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരന് ഖസാക്കിന്റെ ഇതിഹാസകാരനെ ആദരിക്കാന്‍ ഭാഗ്യനഗറിലെത്തി എന്ന സവിശേഷത കൂടി ആ ചടങ്ങിനുണ്ടായിരുന്നു. അക്കിത്തം വരയില്‍ നിന്ന് അക്ഷരവരിയിലേക്ക് വികസിച്ച കലാകാരനായിരുന്നുവെങ്കില്‍ വിജയന്റെ രചനയില്‍ ചിത്രവും എഴുത്തും പരസ്പരപൂരകങ്ങളായി. ഇരുവരും കമ്മ്യൂണിസത്തിന്റെ കിനാവുകളില്‍ സ്വന്തം യൗവനത്തെ ഹോമിച്ച്, ഒടുവില്‍ മഹാമോഹഭംഗത്തിന്റെയും വിശ്വാസനിരാസത്തിന്റെയും ആത്മപീഡ ഏറ്റുവാങ്ങി സാര്‍വ്വലൗകിക നിണാസക്തിയോട് വിടപറഞ്ഞ് പകരം നിരാസക്തിയുടെ സനാതനമൂല്യം കണ്ടെത്താനുള്ള അന്വേഷണത്തിലേക്ക് വഴിമാറി ചരിക്കുകയും ചെയ്തു.
മാര്‍ക്സിസത്തിന്റെ മനുഷ്യന്വേഷണപരീക്ഷണങ്ങളോട് വിജയന് ഒരിക്കലും പടവെട്ടിയില്ല. അതേസമയം കേരളത്തിലെ ജനസമ്മതി നേടിയ ഒരു പ്രേതമായി കാറല്‍മാര്‍ക്സിനെ ചിത്രീകരിക്കുന്നതിലും അദ്ദേഹത്തിന് മടിയില്ല. ‘കേരളത്തില്‍ ഈ ആരാധന ചാത്തന്‍സേവ പോലെ നിരവധികാലം നീണ്ടുനിന്നെന്നുവരും’ എന്നായിരുന്നു അദ്ദേഹത്തിന്റെ ആശംസ. വിജയന്റെ വിളയന്‍ ചാത്തനൂരില്‍ നിന്ന് കുമരനല്ലൂരിലേക്ക് അധികം ദൂരമില്ല
ഒരാള്‍ക്ക് ശത്രുവിനോട് പക തീര്‍ക്കാന്‍ എത്രയോ മാര്‍ഗ്ഗങ്ങളുണ്ട്. അത്രയും എളുപ്പത്തില്‍ പരിഹരിക്കാന്‍ കഴിയുന്നതല്ല, അവനവനോടു തന്നെ തോന്നുന്ന വിദ്വേഷം. ആത്മനിന്ദ മുതല്‍ ആത്മത്യവരെയുള്ള സ്വയം പീഡനങ്ങളുടെ കുറുക്കുവഴികളാണ് അത്തരം സന്ദര്‍ഭങ്ങളില്‍ മനുഷ്യന് ആരായുക. അമര്‍ഷത്തിന്റെ പാതയില്‍ നിഷേധത്തിന്റെ വാഹനങ്ങള്‍ക്കു മാത്രമേ സഞ്ചാര സ്വാതന്ത്ര്യമുള്ളൂ. ഇതിനു വിപരീതമായ വഴിവെട്ടുന്നവരാണ് എഴുത്തുകാര്‍. സംവേദന സാന്ദ്രമായ മനസ്സുകൊണ്ട് നിഷേധത്തെയും നിരാശയെയും അവര്‍ സര്ഗ്ഗാനുഭൂതിയാക്കി മാറ്റും. അതുകൊണ്ടാണ് ലോകോത്തര കൃതികളെല്ലാം മുറിവില്‍ വിരിഞ്ഞ പൂക്കളായി വിശേഷിക്കപ്പെടുന്നത്. വിശ്വമാനവികത, ചൂഷണ മുക്ത സമൂഹം, ഉള്ളവന് ഇല്ലാത്തവന് എന്ന ദൈ്വതത്തത്തിന്റെ ഉന്മൂലനം തുടങ്ങി രാജ്യാന്തരാതിര്‍ത്തികളെ വരെ മായ്ച്ചു കളയുന്ന മാര്‍ക്സിസത്തിലേക്ക് അക്കിത്തവും വിജയനുമടക്കം എത്രയോ കലാകാരന്മാര് ആകൃഷ്ടരായതില്‍ അത്്ഭുതപ്പെടാനൊന്നുമില്ല. കാരണം എഴുത്തുകാരന്റെ സ്വപ്നസ്വര്‍ഗ്ഗം മേല്‍പ്പറഞ്ഞതിന്റെ പരിസരങ്ങളിലായിരുന്നു. അങ്ങനെയിരിക്കെ വിശ്വാസ ദാര്‍ഢ്യത്തിന്റെ മഹാമേരുവില്‍നിന്ന് നിരാശയുടെ പാതാളച്ചുഴിയിലേക്ക് വീണുപോയാലോ? രണ്ട് ഇതിഹാസകാരന്മാര്‍ക്കും സംഭവിച്ചത് അതാണ്. അതുകൊണ്ട് മലയാള സാഹിത്യത്തിന് ചുരുങ്ങിയ നേട്ടമല്ല ഉണ്ടായത്.
അക്കിത്തം എന്ന കവി ജനിയ്ക്കുന്നത് ഇത്തരമൊരു ചുറ്റുപാടിലാണ്. ഋഷിയല്ലാത്തവന്‍ കവിയായാല്ക്കൂടി കമ്യൂണിസ്റ്റല്ലാത്തവന്‍ കവിയോ കലാകാരനോ ആകരുത്. എന്ന പഴഞ്ചൊല്ല് മുഴങ്ങി കേള്‍ക്കുന്ന കാലം. ആ കാലഘട്ടത്തെക്കുറിച്ച് അക്കിത്തം ഇങ്ങനെ എഴുതുന്നു. ”ലെനിന് സ്ഥാപിച്ചു വളര്‍ത്തിയ പാര്‍ട്ടിയില്‍ അംഗമാവുന്നതിന് വേണ്ടിയാണ് മനുഷ്യനെന്ന ജീവമാതൃക ഭൂമിയില്‍ സംഭവിച്ചതെന്ന് വിശ്വസിക്കാന്‍ കഴിയാത്തതിനാല്‍ എന്റെ മുന്പില് തുറന്നുവെച്ച തുടുത്ത കൊച്ചു പുസ്തകത്തില്‍ ഒപ്പുവെക്കാന്‍ രണ്ടാമത്തെ തവണയും എനിക്ക് സാധിക്കാതെ വരികയും ചെയ്തു. മറിച്ചായിരുന്നുവെങ്കില്‍ രാഷ്ട്രീയത്തില്‍ ഇഎംഎസിന്റെ മട്ടും കവിതയില്‍ കെ.പി.ജി. നമ്പൂതിരിയുടെ ചിട്ടയുമുള്ള ഒരു വ്യക്തിത്വത്തെ നമുക്ക് ലഭിക്കുമായിരുന്നു.
അതിന് വിലങ്ങായി നിന്ന കുറെ ഘടകങ്ങള്‍ അക്കിത്തത്തിന്റെ വ്യക്തി ജീവിതത്തില്‍ നിന്ന് വായിച്ചെടുക്കാം. ജീവിതമെന്നത് ഒരു ഭൗതിക സത്യമെന്നാണെന്ന ധാരണ പതിനാലാം വയസ്സിനു ശേഷം തന്നെ പിടികൂടിയതായി അദ്ദേഹം പറയുന്നു. ഒരു ദശകത്തോളം അതിന്റെ കഠിന തടവില്‍ കഴിഞ്ഞു കൂടേണ്ടിവന്നുവെങ്കിലും ഇരുപത്തിനാലാം വയസ്സിനുശേഷം തനിക്ക് ആദ്യമായി പിറന്ന കുട്ടിയെ എന്നന്നേക്കുമായി നഷ്ടപ്പെട്ടതോടുകൂടി ഒരു പുതിയ മനുഷ്യനായി താന്‍ മാറി എന്ന് അക്കിത്തം അനുസ്മരിക്കുന്നു. അതൊരു നിമിത്ത കാരണമായിരുന്നിരിക്കണം. ധര്‍മ്മോത്സുകമായ മനസ്സാക്ഷിയുടെയോ, പൂര്‍വ്വാര്‍ജ്ജിത പുണ്യത്തിന്റെയോ ഭദ്രമായ ഒരു സനാതന പീഠം അക്കിത്തത്തിന്റെ കവിതയില്‍ തുടക്കം മുതലേ ഉണ്ട്. ഭൗതിക മത മൗലിക വാദത്തിന്റെ പടിഞ്ഞാറന്‍ കാറ്റിന് ആ പീഠത്തിലിരിക്കുന്ന കവിയെ ധര്‍മ ഭ്രഷ്ടനാക്കാന്‍ കഴിയില്ല. സൂര്യമുഖം നോക്കി വളരുന്ന വൃക്ഷത്തെപ്പോലെ അദ്ദേഹത്തിന്റെ ഓരോ കവിതയും നിയതമായ ലക്ഷ്യത്തിലേക്ക് വികസിക്കുന്നു. അനശ്വരതയുടെ നിദ്രാണഭാവം പൂണ്ട രൂപത്തെ പ്രജാപതിയായ കവി പുനഃസൃഷ്ടിക്കുന്നതാണ് കവിതയെങ്കില്‍, അക്കിത്തത്തിന്റെ രചനകളില്‍ അവയുടെ സംഖ്യ ഏറെയാണ്. സ്വന്തം ജീവിതത്തിലെ രണ്ട് സന്ദര്‍ഭങ്ങള്‍ ഒരിക്കല്‍ പ്രസംഗമദ്ധ്യേ അദ്ദേഹം അനുസ്മരിച്ചത് അവിടെ ഓര്‍ത്തുപോകുന്നു. രാത്രിയില്‍ പ്രസവമടുത്ത പശുവിന് റാന്തല്‍ വിളക്കുമായി കാവലിരിക്കുന്ന അമ്മയുടെ (മുത്തശ്ശി) ചിത്രമാണ് ആദ്യത്തേത്. ഉറുമ്പിന് കൂട്ടം കാലില്‍ കടിച്ചാല്‍ കുടയാന്‍ മാത്രമേ അനുവാദമുള്ളൂ. മറ്റേ കാല് കൊണ്ട് അവയെ ചവിട്ടിയരക്കരുത് എന്ന കാരുണ്യത്തിന്റെ ശൈശവപാഠം രണ്ടാമത്തേത്.
മനസ്സിന്റെ പ്രബുദ്ധതല പ്രേരണകളെ ചോദ്യം ചെയ്ത് കൊണ്ട് അബോധതലത്തില്‍ നിന്നുയര്‍ന്ന ചോദ്യങ്ങളാണ് തന്റെ കവിതയായി പരിണമിച്ചത് എന്ന് ഒരിടത്ത് അക്കിത്തം സൂചിപ്പിക്കുന്നുണ്ട്. അബോധതല ചോദനകള്‍ക്ക് ആര്‍ജിത സംസ്കാരമാണ് അടിത്തറ. അവ പകരം വെക്കാവുന്നതോ, പണയം വെയ്ക്കാവുന്നതോ ആയ വസ്തുക്കളല്ല. കഥ അക്കിത്തത്തിന്റെ ‘പണ്ടത്തെ മേല്ശാന്തിയിലുണ്ട്.’ അതില്‍ കവിയുടെ കണ്ണുനീര് കവര്‍ന്നതായി തോന്നും. പൊതുജീവിതത്തില്‍ വി.ടിയും കാവ്യ ജീവിതത്തില്‍ ഇടശ്ശേരിയും അക്കിത്തത്തിന് ഗുരുസ്ഥാനീയരായത് ഇരുവരുടെയും മൂല്യബോധവും നിര്‍ഭയത്വവും മനുഷ്യസ്നേഹവും വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള അന്തരമില്ലായ്മയും കൊണ്ടാവണം. ഇഎംഎസുമായി സൗഹൃദം പുലര്ത്തിയിരുന്നിട്ടുപോലും, മാര്‍ക്സിസ്റ്റ് സൈദ്ധാന്തികത്തിന്റെ വക്രോക്തി രാഷ്ട്രീയത്തിനു മുന്നില്‍ അക്കിത്തം കീഴടങ്ങിയില്ല. എന്നിട്ടുപോലും ചുറ്റുപാടിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങാതിരിക്കാനുള്ള മനശ്ശക്തി തനിക്ക് ലഭിച്ചില്ല എന്നും ഏത് കവിയിലും ഒരു സാധാരണ മനുഷ്യന് കൂടിയുണ്ട് എന്നും അദ്ദേഹം ഏറ്റുപറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: