മലയാള സാഹിത്യം ആധുനികമായത് രണ്ട് അഭിനവ ഇതിഹാസങ്ങളിലൂടെയാണ്. മഹാകവിയുടെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന മഹാകാവ്യം. ഒ.വി. വിജയന് എഴുതിയ ഖസാക്കിന്റെ ഇതിഹാസം എന്ന ഗദ്യകാവ്യം. ഇന്നും മലയാള സാഹിത്യം ഈ കൊടുമുടികള്ക്കപ്പുറത്തേക്ക് വളര്‍ന്നതായി തെളിവില്ല.
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരന് ഏറെ ശകാരം കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. വെളിച്ചം ദുഃഖമാണുണ്ണി തമസല്ലോ സുഖപ്രദം എന്ന വരികളാണ് അക്കിത്തത്തിനെ പിന്തിരിപ്പനും ബൂര്‍ഷ്വാസിയും പിന്നെ എന്തൊക്കെ ആക്കിയോ അതാക്കിയതും. ശകാരിച്ചവര്ക്ക് കവിത വായിച്ചാല്‍ മനസ്സിലാവില്ല എന്ന് കടത്തിപറയുന്നില്ല. പക്ഷേ അന്ന് അവരെ നിയന്ത്രിച്ചിരുന്നത് കാവ്യസംസ്കാരമായിരുന്നില്ല. നമുക്ക് നഷ്ടപ്പെടുവാനൊന്നുമില്ല. കൈവിലങ്ങുകള്‍ മാത്രം എന്ന് അലറി അന്തരീക്ഷത്തില്‍ പ്രഹരിച്ചവരുടെ ഗര്‍ജനമായിരുന്നു.
ഇപ്പോള്‍ ജ്ഞാനപീഠം അലങ്കരിക്കുന്ന മഹാകവിയെ ചൊല്ലിയും ചില അപശബ്ദങ്ങളുണ്ടാവാം. അതു സാരമില്ല. ആദ്യത്തെ ജ്ഞാനപീഠ സന്ദര്‍ഭത്തില്‍ മലയാളത്തില്‍ ജ്ഞാനപീഠം അര്‍ഹിക്കുന്ന കവിതയില്ല (കവിയില്ല) എന്ന് വിളിച്ചുകുവിയവരുടെ കുറ്റി അറ്റുപോയിട്ടില്ല.
ദീര്‍ഘകാലം തപസ്യയുടെ സംസ്ഥാന അധ്യക്ഷസ്ഥാനം അലങ്കരിച്ചിരുന്ന ആ പുണ്യശ്ലേകന് തപസ്യയുടെ ഒരായിരം നമസ്കാരം.
മാടമ്പ് കുഞ്ഞുകുട്ടന്
തപസ്യ, സംസ്ഥാന അധ്യക്ഷന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: