”’ഞാന്‍ തപസ്യ അധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവെക്കുകയാണ്”’ഇടയ്ക്കൊരു ദിവസം അക്കിത്തത്തിന്റെ ഫോണ്‍. അമ്പരപ്പ് മാറാതെ ഞാന്‍. എന്ത് പറ്റിയെന്ന് ചോദിക്കുന്നതിന് മുന്‍പ് അക്കിത്തത്തിന്റെ മറുപടി. ”തപസ്യയ്ക്കുവേണ്ടി പണപ്പിരിവിന് പ്രവര്‍ത്തകര്‍ നിര്‍ബ്ബന്ധിക്കുന്നു” പട്ടിണി കിടന്നാലും ആരുടെ മുമ്പിലും കൈനീട്ടരുതെന്ന് അമ്മ പറഞ്ഞത് അക്ഷരംപ്രതി പാലിക്കുന്ന അക്കിത്തത്തോട് ”അങ്ങയോട് പണപ്പിരിവിനു പോകാന്‍ ഞാന്‍ പറഞ്ഞില്ലല്ലോ” എന്ന് എന്റെ മറുപടി. അത് മതിയായിരുന്നു അക്കിത്തത്തിന്.
1970ല്‍ തുടങ്ങിയ ബന്ധം. ഇണക്കമല്ലാതെ പിണക്കത്തിന് പിന്നീട് ഇടമുണ്ടായിട്ടില്ല. ‘നിളയുടെ ഇതിഹാസം’ എന്ന കേസരി വിശേഷാല്‍ പതിപ്പിന് വേണ്ടി കോഴിക്കോട് ആകാശവാണിയില്‍ വെച്ച് തുടങ്ങിയ ആത്മബന്ധം. കക്കാടും കെ.എ. കൊടുങ്ങല്ലൂരും ജി. ഭാര്ഗവന്പിള്ളയുമൊക്കെ ആകാശവാണി കോഴിക്കോട് നിലയത്തില്‍ നിറഞ്ഞ് നില്ക്കുന്ന കാലമായിരുന്നു അത്.
ഭാരതപ്പുഴയില്‍ വറ്റിപോകുന്ന സംസ്കൃതിയെക്കുറിച്ച് വേദനപൂണ്ട അക്കിത്തവുമായി അന്ന് തുടങ്ങിയ ബന്ധം തപസ്യ കലാ സാഹിത്യ വേദിയിലേക്ക്. കേസരി വാര്ഷികപ്പതിപ്പുകളില് അക്കിത്തം കവിതകള്‍ സ്ഥിരമായി. മിഠായിത്തെരുവിലെ തപസ്യ കാര്യാലയമായ സംസ്കൃതി ഭവനിലെ എഴുത്തുകാരുടെയും ആസ്വാദകരുടെയും കൂടിച്ചേരലില്‍ അക്കിത്തം പതിവുകാരനായി. കേരളത്തിലും പുറത്തുമുള്ള തലയെടുപ്പുള്ള എഴുത്തുകാര്‍ തപസ്യ വാര്‍ഷികങ്ങളില്‍ എത്തിയത് അക്കിത്തം വഴിയായിരുന്നു. തപസ്യ ഒരുക്കിയ കോട്ടയത്തെ വേദിയിലെത്തി തപസ്യയെ വിമര്‍ശിച്ച എം.വി. ദേവന് അക്കിത്തത്തെയും കണക്കറ്റ് പരിഹസിച്ചു. അടുത്ത വര്‍ഷമാണ് അക്കിത്തം തപസ്യയുടെ അധ്യക്ഷ സ്ഥാനമേറ്റെടുത്തത്! അക്കിത്തം മാത്രമല്ല ദേവനും തപസ്യയുടെ സഹയാത്രികനായി മാറി!.
തപസ്യയുടെ അധ്യക്ഷനായ അക്കിത്തത്തെ ആര്‍എസ്എസ് മുദ്രകുത്തി അകറ്റി നിര്‍ത്താന്‍ കമ്യൂണിസ്റ്റുകള്‍ ശ്രമിച്ചു. അത് വരെ സംഘശാഖയില്‍ പോകാത്ത അക്കിത്തത്തെ ആര്എസ്എസാക്കിയത് കമ്യൂണിസ്റ്റുകളാണെന്ന് പറയാം!. യോഗക്ഷേമത്തിന്റെ ദാര്‍ശനിക പരിസരത്തെ ഈ കൂടികാഴ്ച അനിവാര്യമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമെഴുതിയ കവി തന്റെ വഴി ഏതെന്ന് ഉറക്കെ പറഞ്ഞു കഴിഞ്ഞിരുന്നു.
പാഞ്ഞാള്‍ അതിരാത്രത്തിലെ പശ്വാലംഭനം വിവാദമായപ്പോള്‍ മൃഗബലിയാരോപണം ഹിന്ദുധര്‍മ്മത്തിന് ചീത്തപ്പേരുണ്ടാക്കുമെന്ന് തോന്നി. വേദാചാര്യന്‍ ഏര്‍ക്കര രാമന് നമ്പൂതിരിയെ ബന്ധപ്പെട്ട് ഗുണപരമായ തീരുമാനത്തിലെത്താന്‍ സഹായിച്ചത് അക്കിത്തമായിരുന്നു.
ഒ.എന്‍.വി. കുറുപ്പിന്റെ സ്മരണയ്ക്കായുള്ള പുരസ്കാരം സ്വീകരിക്കാന്‍ തിരുവനന്തപുരത്തേക്കുള്ള യാത്രാവഴി എറണാകുളം കാര്യാലയത്തിലെത്തിയത് 2019 മെയ് അവസാനത്തിലായിരുന്നു. ഹരിയേട്ടനും പരമേശ്വര്‍ജിയുമൊക്കെ അന്നവിടെ ഉണ്ടായിരുന്നു. അവിടെ നിന്നാണ് തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് പുരസ്കാരം വാങ്ങിയത്. പുരസ്കാര തുകയായി കിട്ടിയ അഞ്ചുലക്ഷം എന്ത് ചെയ്യണമെന്ന് ചോദിച്ചായിരുന്നു പിറ്റേന്ന് കാലത്തെ ഫോണ്‍ വിളി. അവിടെ തന്നെയിരിക്കട്ടെ, ഞാന്‍ പറഞ്ഞു.
എണ്പത്തിനാലാം പിറന്നാളിന് തിരക്കൊഴിഞ്ഞ് എത്താമെന്ന് കരുതി വളരെ വൈകിയാണ് യാത്ര തിരിച്ചത്. മന്ത്രിമാരടക്കമുള്ളവര്‍ ഭക്ഷണം കഴിച്ചശേഷവും ഞങ്ങള്‍ എത്തിയിട്ടേ ഭക്ഷണം കഴിക്കൂ എന്ന് തീരുമാനിച്ചിരിക്കുകയായിരുന്നു ഓഡിറ്റോറിയത്തില്‍ അദ്ദേഹം. രാഷ്ട്രകവി; രാഷ്ട്രാത്മാവിന്റെ ജ്ഞാനത്തെ അറിഞ്ഞാവിഷ്കരിച്ച കവിയെ രാഷ്ട്രം ആദരിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: