ന്യൂദല്‍ഹി: സഹകരണ ബാങ്കുകളെ ആര്‍ബിഐയുടെ നിയന്ത്രണത്തിലാക്കുന്ന ബില്‍ രാജ്യസഭയും പാസാക്കിയതോടെ സാമ്പത്തിക അച്ചടക്കത്തിലേക്ക് രാജ്യം. സഹകരണബാങ്കുകളിലൂടെയുള്ള കള്ളപ്പണ വെളുപ്പിക്കലിനും അനധികൃതര്‍ ഇടപാടുകള്‍ക്കുമാണ് കേന്ദ്രം വിലക്ക് ഇട്ടത്. 16-ാം തീയതി ബില്‍ ലോക്സഭ പാസാക്കിയിരുന്നു. ഇനി രാഷ്‌ട്രപതി ഒപ്പിട്ടാല്‍ നിയമമാകും. പഞ്ചാബ്-മഹാരാഷ്‌ട്ര സഹ. ബാങ്കിലെ കോടികളുടെ ക്രമക്കേടിന്റെ പശ്ചാത്തലത്തിലാണ് നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കാന്‍ കേന്ദ്രം നിയമം കൊണ്ടുവന്നത്.
1482 അര്‍ബന്‍ ബാങ്കുകളും 58 മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകളുമാണ് രാജ്യത്തുള്ളത്. 1540 ബാങ്കുകളിലായി 8.6 കോടി നിക്ഷേപകരാണുള്ളത്. ആകെ നിക്ഷേപം 4.84 ലക്ഷം കോടിയും. നിയമത്തിന്റെ അടിസ്ഥാനത്തില്‍ മറ്റ് ഷെഡ്യൂള്‍ഡ് ബാങ്കുകളെപ്പോലെ വിനിമയങ്ങളുടെ നിയന്ത്രണം ഇനിമുതല്‍ നേരിട്ട് റിസര്‍വ് ബാങ്കിന് കീഴിലാകും. സഹകരണ ബാങ്കുകളില്‍ തട്ടിപ്പ് നടക്കുന്നു എന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര നടപടി. നിയമം പ്രാവര്‍ത്തികമാകുന്നതോടെ കിട്ടാക്കടം അടക്കമുള്ള പ്രശ്‌നങ്ങല്‍ റിസര്‍വ് ബാങ്ക് നേരിട്ട് ഇടപെടും.
സഹകരണ ബാങ്കുകളുടെ നിയന്ത്രണം റിസര്‍വ് ബാങ്കിന്റെ കീഴിലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ നേരത്തെ സിപിഎം പൊളിറ്റ് ബ്യൂറോ രംഗത്തുവന്നിരുന്നു. രാജ്യത്തെ 1540 അര്‍ബന്‍ സഹകരണ ബാങ്കുകളുടെ മേല്‍നോട്ടം ഏറ്റെടുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നാണ് പിബി ആവശ്യപ്പെട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: