ബീജിങ്: പ്രസിഡന്റ് ഷീ ജിന്‍പിങ്ങിനെ വിമര്‍ശിച്ചാല്‍ ചൈനയില്‍ തടവറ ഉറപ്പ്. കൊറോണ കൈകാര്യം ചെയ്യുന്നതില്‍ ഷീ ജിന്‍പിങ്ങ് വരുത്തിയ വീഴ്ചകളെ വിമര്‍ശിച്ച കോടീശ്വരന് പതിനെട്ടു വര്‍ഷം തടവു ശിക്ഷയാണ് ചൈനീസ് കോടതി വിധിച്ചത്. അഴിമതിക്കേസില്‍ പ്രോസിക്യൂട്ട് ചെയ്താണ് റെന്‍ ഷിക്യാങ്ങ് എന്ന കോടീശ്വരനെ ജയിലില്‍ അടച്ചത്. അഞ്ചു കോടിയോളം രൂപ പിഴയുമടയ്ക്കണം. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളോട് ഏറെ അടുപ്പത്തിലായിരുന്ന റെന്‍ ഷിക്യാങ്ങ്, റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ചൈനയിലെ വമ്പനാണ്.
സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കമ്പനിയുടെ തലവനായിരുന്നപ്പോള് ഖജനാവിനു വന്‍ നഷ്ടമുണ്ടാക്കിയെന്ന കേസുണ്ടാക്കിയാണ് റെന്‍ ഷിക്യാങ്ങിനെ അറസ്റ്റ് ചെയ്തത്. ജിന്‍പിങ്ങിന്റെ കടുത്ത വിമര്‍ശകനായിരുന്ന റെന്നിന് പീരങ്കി എന്നാണ് മാധ്യമങ്ങള്‍ നല്‍കിയിരുന്ന വിശേഷണം. കുറ്റങ്ങള്‍ സ്വമേധയാ ഏറ്റു പറഞ്ഞു എന്നാണ് വിധിച്ചുകൊണ്ട് കോടതി പറഞ്ഞത്. സര്‍ക്കാര്‍ പണം ഉപയോഗപ്പെടുത്തി അനധികൃതമായി വന്‍ ലാഭമുണ്ടാക്കി എന്നായിരുന്നു കേസ്. റെന്നിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും നീക്കമുണ്ട്.
ചൈനയിലെ കൊറോണ നിയന്ത്രണത്തെക്കുറിച്ച് ഫെബ്രുവരിയില്‍ റെന്‍ എഴുതിയ ലേഖനത്തില്‍ പേരെടുത്തു പറയാതെ ഷീ ജിന്‍പിങ്ങിനെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. ലേഖനത്തില്‍ കോമാളി എന്ന വാക്ക് ഉപയോഗിച്ചത് ജിന്പിങ്ങിനെക്കുറിച്ചാണ് എന്നായിരുന്നു റിപ്പോര്‍ട്ട്. അധികാരത്തിനു വേണ്ടി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ജനങ്ങളുടെ ജീവന് ബലികഴിച്ചിക്കുന്നു എന്ന് ലേഖനത്തില്‍ തുറന്നു പറഞ്ഞിരുന്നു. കൊറോണക്കാലത്തെ സര്‍ക്കാര്‍ പാളിച്ചകള്‍, വാര്‍ത്തകളുടെ സെന്‍സറിങ് തുടങ്ങിയവയെക്കുറിച്ച് ആവര്‍ത്തിച്ച് വിമര്‍ശനങ്ങള്‍ ഉന്നയിച്ച റെന്നിനെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിതിനു പിന്നാലെമാര്ച്ചു മാസം മുതല്‍ കാണാതായി. അഴിമതിക്കേസില്‍ അറസ്റ്റിലായി എന്ന വാര്‍ത്തയാണ് പിന്നീടു പുറത്തു വന്നത്. ഭരണ നേതൃത്വത്തിനെതിരെ ശബ്ദിക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെ ജയിലിലാക്കാനുള്ള മാര്‍ഗമാണ് ചൈനയിലെ അഴിമതിക്കേസുകള്‍. കൊറോണ വ്യാപനം സംബന്ധിച്ച് ഷീ ജിന്‍പിങ്ങിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് റെന്നിന്റെ ജയില്‍ ശിക്ഷ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: