കാസര്‍കോട്: മഞ്ചേശ്വരം എംഎല്‍എ എം.സി കമറുദ്ദീന് പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതം. ബാഹ്യ സമ്മര്‍ദങ്ങളില്ലെന്നും കേസില്‍ എംഎല്‍എയെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് എസ് പി മൊയ്തീന് കുട്ടി പറഞ്ഞു. എംഎല്‍എ പ്രതിയായ ഫാഷന്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ചിന് കൈമാറിയ 13 കേസുകളില്‍ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്.
അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് എസ്.പി മൊയ്തീന് കുട്ടി ജില്ലയിലെത്തി കേസിന്റെ പുരോഗതി വിലയിരുത്തി. മറ്റ് ബാഹ്യ സമ്മര്‍ദങ്ങളില്ല. ശരിയായ ദിശയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. തെളിവുകള്‍ ശേഖരിച്ച് വരികയാണെന്നും എംഎല്‍എയെ ഉടന്‍ ചോദ്യം ചെയ്യുമെന്നും എസ്പി വ്യക്തമാക്കി.
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് എം.സി ഖമറുദ്ദീന് എം.എല്‍.എക്കും പൂക്കോയ തങ്ങള്‍ക്കുമെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് രണ്ടുകേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ബോവിക്കാനത്തെ കെ.എ ഹംസയുടെ ഭാര്യ ഖമറുന്നിസ, ബദിയടുക്ക കറുവത്തടുക്ക ഹൗസിലെ കെ. അബ്ദുല്‍ഖാദര്‍ എന്നിവരുടെ പരാതിയിലാണ് കേസ്. ഖമറുന്നിസയുടെ 44 ലക്ഷം രൂപയും അബ്ദുല്‍ഖാദറിന്റെ 20 ലക്ഷം രൂപയും വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി.
2013 ഓഗസ്റ്റ് 19 മുതല്‍ 2017 ജുലായ് 29 വരെയുള്ള കാലയളവില്‍ ജ്വല്ലറിയില്‍ പണം നിക്ഷേപിച്ചതായി ഖമറുന്നിസയും 2015 ഫെബ്രുവരി ആറ് മുതലുള്ള കാലയളവില്‍ പണം നിക്ഷേപിച്ചതായി അബ്ദുല്‍ഖാദറും നല്കിയ പരാതിയില്‍ പറയുന്നു. നിലവിലെ 13 കേസുകള്‍ക്ക് പുറമെ ബാക്കിയുള്ള കേസുകള്‍ കൂടി ക്രൈംബ്രാഞ്ചിന് കൈമാറുമ്പോള്‍ ആവശ്യമായ ഘട്ടത്തില്‍ അന്വേഷണ സംഘം വിപുലീകരിക്കുമെന്നും എസ്പി മൊയ്തീന് കുട്ടി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: