കാസര്‍കോട്: സിപിഎം നേതാക്കളുടെ മക്കളെക്കുറിച്ചുള്ള പി.ജയരാജന്റെ അഭിപ്രായ പ്രകടനം സിപിഎമ്മിനകത്തുള്ള ശക്തമായ പ്രതിഷേധമാണ് പരസ്യമാകുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ആരോപിച്ചു. എന്‍ഡിഎ കാസര്‍കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.സുരേന്ദ്രന്.
മന്ത്രിമാരുടെ മക്കളുടെ ചെയ്തികളുടെ വിഷയത്തില്‍ സിപിഎം പൊട്ടിത്തെറിയുടെ വക്കിലാണ്. പരസ്പരം നേതാക്കളുടെ മക്കള്‍ ആരോപണങ്ങള്‍ വാരിവലിച്ചെറിയുകയാണ്. മഞ്ചേശ്വരം എംഎല്‍എ എം.സി കമറുദ്ദീന് ഉപജീവന മാര്‍ഗമായിട്ടാണ് ജ്വല്ലറി തുടങ്ങിയതെന്നാണ് വിശദീകരണം നല്‍കിയത്. 150 കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് നടന്നത്. 50ലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. എല്ലാ കേസുകളും ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമുള്ള വഞ്ചനാ കേസുകളാണ്.
വ്യക്തമായ തെളിവുകളുണ്ടായിട്ടും കമറുദ്ദീനെ അറസ്റ്റ് ചെയ്യുന്നില്ല. എല്‍ഡിഎഫ് നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടികളടക്കം എം.സി കമറുദ്ദീന് പങ്കെടുക്കുന്നു. അറസ്റ്റ് ചെയ്യുമെന്ന ഭയം എംഎല്‍എക്കില്ല. മുന്‍കൂര്‍ ജാമ്യത്തിന് പോലും അപേക്ഷിച്ചിട്ടില്ല. ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് ഇല്ലാതാക്കാന്‍ എല്‍ഡിഎഫിന്റെ സഹായം കിട്ടുമെന്ന വ്യക്തമായ ഉറപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുറത്തിറങ്ങി നടക്കുന്നത്.
സിപിഎം പേരിന് മാത്രമാണ് കമറുദ്ദീനെതിരെ പ്രസ്താവന നടത്തുന്നത്. വലിയ തട്ടിപ്പാണ് നടന്നിട്ടുള്ളതെന്നും പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറയുന്നതല്ലാതെ നടപടിയൊന്നുമെടുക്കുന്നില്ല. പ്രതികളെന്ന് ആരോപിക്കപ്പെടുന്നവരെ അറസ്റ്റ് ചെയ്യാതെയും ചോദ്യം ചെയ്യാതെയും എങ്ങനെയാണ് ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കുന്നതെന്ന് സുരേന്ദ്രന് ചോദിച്ചു. ജില്ലയില്‍ സിപിഎമ്മും ലീഗും തമ്മില്‍ അടവ് നയമുണ്ട്. മുമ്പ് ബിജെപി ഭരിച്ചിരുന്ന മൂന്ന് പഞ്ചായത്തുകളില്‍ ഭരണം അട്ടിമറിച്ചത് ഈ കൂട്ടുകെട്ടാണ്. അന്ന് ഭരണം അട്ടിമറിക്കാനായി മുസ്ലീം ലീഗ് 25 ലക്ഷം രൂപയാണ് സിപിഎം നേതാവിന് നല്‍കിയത്. വരാന്‍ പോകുന്ന പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളിലും അവര്‍ തമ്മില്‍ ധാരണയ്ക്ക് നീക്കമുണ്ട്. എങ്ങനെയാണ് 150 കോടി രൂപ തിരിച്ചു കൊടുക്കുന്നതെന്ന് ലീഗ് നേതൃത്വം വ്യക്തമായ മറുപടി പറയണം സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു. കമറുദ്ദീനെതിരെയുള്ള അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്ക് വിടാന്‍ തയ്യാറാകാത്തത് എംഎല്‍എയെ സിപിഎം സംരക്ഷിക്കുന്നത് കൊണ്ടാണ്.
ഖുറാന്റെ മറവില്‍ സ്വര്‍ണ്ണക്കടത്ത് നടന്നിട്ടുണ്ടാവാമെന്നാണ് മന്ത്രി ജലീല്‍ തന്നെ പറയുന്നത്. എന്നാല്‍ മുഖ്യമന്ത്രി പറയുന്നത് അങ്ങനെ നടന്നിട്ടില്ലെന്നും അത് ബിജെപിയുടേയും പ്രതിപക്ഷത്തിന്റെയും ആരോപണം മാത്രമാണെന്നുമാണ്. പണ്ട് ഖുറാനെ എതിര്‍ത്തവരാണ് ഇന്ന് ഖുറാന് വിശുദ്ധ ഗ്രന്ഥമാണെന്ന് പറയുന്നത്. ഖുറാന്റെ മറവില്‍ സ്വര്‍ണ്ണക്കടത്ത് നടന്നിട്ടുണ്ടെന്ന് പറയുമ്പോള്‍ ഒരു കൂട്ടരുടെ വികാരം വ്രണപ്പെടുമെന്നാണ് മുഖ്യമന്ത്രി പിണറായിയുടെ വാദം. ശബരിമലയില്‍ ആചാരലംഘനം നടത്തിയപ്പോള്‍ കോടിക്കണക്കിന് അയ്യപ്പഭക്തരുടെ വികാരം സര്‍ക്കാര്‍ കണ്ടില്ല. സിപിഐഎമ്മിനകത്ത് ഹിന്ദുക്കളുടെ ഒരു വലിയ പ്രതിഷേധം പിണറായി സര്‍ക്കാറിനെതിരെ അലയടിച്ചു കൊണ്ടിരിക്കുകയാണെന്ന് കെ.സുരേന്ദ്രന് പറഞ്ഞു.
എന്‍ഡിഎ പ്രതിഷേധ സംഗമത്തില്‍ ജില്ലാ ചെയര്മാന് അഡ്വ.കെ.ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനര്‍ ഗണേഷ് പാറക്കട്ട, ബിജെപി സംസ്ഥാന സെക്രട്ടറി പി.രഘുനാഥ്, കേരള കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി മാനുവല്‍ കാപ്പന്, കാമരാജ് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ഹരീഷ്ചന്ദ്രന്‍, ബിഡിജെഎസ് ജില്ലാ ജനറല്‍ സെക്രട്ടറി എ.ടി.വിജയ, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ്സ് നേതാവ് കെ.കെ.ബാബു, സോഷ്യലിസ്റ്റ് ജനതാദല് നേതാവ് കെ.പവിത്രന്, ബിജെപി ദേശീയ കൗണ്‍സില്‍ അംഗം പ്രമീള സി നായ്ക്, സമിതിയംഗം എം.സഞ്ജീവ ഷെട്ടി, ഉത്തരമേഖലാ വൈസ് പ്രസിഡണ്ട് സതീഷ്ചന്ദ്ര ഭണ്ഡാരി, സംസ്ഥാന സമിതിയംഗങ്ങളായ അഡ്വ.വി.ബാലകൃഷ്ണ ഷെട്ടി, പി.രമേഷ്, പി.സുരേഷ്കുമാര്‍ ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ.വേലായുധന്, എം.സുധാമ ഗോസാഡ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: