കൊച്ചി: കൊച്ചി ആസ്ഥാനമായുള്ള ടെക് സ്റ്റാർട്ടപ്പ് സ്കൈഈസ് ലിമിറ്റ് വികസിപ്പിച്ചെടുത്ത വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്ഫോമായ ഫോക്കസിൽ വിദേശ നിക്ഷേപമെത്തുന്നു. യുഎസിൽ നിന്നുള്ള പ്രമുഖ ഹെൽത്ത് കെയർ ആൻഡ് മാനുഫാക്ച്ചറിംഗ് കമ്പനിയാണ് ഏഞ്ചൽ. നിക്ഷേപമായി 2ദശലക്ഷം യുഎസ് ഡോളർ ഫോക്കസിൽ നിക്ഷേപിക്കുക.
“ഈ കോവിഡ് പ്രതിസന്ധിഘട്ടത്തിൽ ഒരു മലയാളി സ്റ്റാർട്ട് അപ്പ് കമ്പനി എന്ന നിലയിൽ വിദേശ നിക്ഷേപം നേടാൻ കഴിഞ്ഞത് അഭിമാന നേട്ടമാണെന്ന്,” സ്കൈഈസ് ലിമിറ്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും സിഇഒയുമായ മനോദ് മോഹൻ പറയുന്നു.
“ഏറ്റവും മികച്ചതും നൂതനവുമായ ആശയങ്ങൾ വികസിപ്പിച്ചെടുക്കുന്നതിൽ മലയാളികൾ എന്നും മുൻപന്തിയിലാണ്. എന്നാൽ അതിന്റെ അടുത്ത ഘട്ടത്തിൽ നിക്ഷേപ സമാഹരണം ഉൾപ്പെടെയുള്ള മേഖലകളിൽ നേരിടുന്ന പ്രതിസന്ധിയാണ് ഇത്തരം യുവസംരംഭകരെ തളർത്തുന്നത്. ഈ സാഹചര്യത്തിൽ നിക്ഷേപം സ്വീകരിക്കുന്നതിലൂടെ ഫോക്കസിന് അന്താരാഷ്‌ട്രതലത്തിൽ മികച്ച നേട്ടങ്ങൾ സ്വന്തമാക്കാൻ കരുത്തേകും. ഫോക്കസിന്റെ റിസേർച് ആൻഡ് ഡെവലപ്പ്മെന്റ്, സപ്പോർട്ട്, ബിസിനസ് ഡവലപ്പ്മെന്റ് തുടങ്ങിയ മേഖലകൾ വികസിപ്പിക്കാനാകും പുതിയ നിക്ഷേപം മുതൽ മുടക്കുക. അതിലൂടെ കേരളത്തിൽ സാങ്കേതിക വിഭാഗത്തിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാനും വളർച്ച കൈവരിക്കാനും സാധിക്കും.” അദ്ദേഹം കൂട്ടിചേർത്തു.
വളരെ നൂതനവും സുരക്ഷിതവും, ഫ്ലെക്സിബിളുമായ വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്ഫോമാണ് ‘ഫോക്കസ്. ലോകമെമ്പാടുമുള്ള ബിസിനസ്സുകളെ വിദൂര പ്രവർത്തനത്തിലേക്ക് മാറ്റാൻ പ്രേരിപ്പിക്കുന്ന ഈ അസാധാരണമായ കാലഘട്ടത്തിൽ, സുരക്ഷിതവും പ്രശ്‌നരഹിതവുമായ ഒരു വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്ഫോമിന്റെ വർദ്ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് അഞ്ച് മാസത്തെ ചുരുങ്ങിയ കാലയളവിലാണ് ‘ഫോക്കസ്’ വികസിപ്പിച്ചെടുത്തത്. ഒരു ഇന്ത്യൻ നിർമ്മിത പ്ലാറ്റ്ഫോമായ ഫോക്കസ് വീഡിയോ കോൺഫറൻസിംഗ് രംഗത്ത് മികച്ച സുരക്ഷയേകും.
കോവിഡിന്റെ തിരിച്ചടികളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടുകൊണ്ട് പ്രതിസന്ധികളെ പുതിയ അവസരമാക്കി മാറ്റിയവരുടെ കൂട്ടത്തിലാണ് ഫോക്കസിന് പിന്നിലെ സ്‌കൈ ഈസ് ലിമിറ്റ് ടീം. കോവിഡിനെ തുടര്‍ന്ന് വര്‍ധിച്ച വീഡിയോ കോണ്‍ഫറന്‍സ് സേവനങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് നടത്തിയ നീക്കമായിരുന്നു അത്.
ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് ഉപകരണങ്ങളിലും വിന്‍ഡോസ്, മാക് ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകളിലും ഫോക്കസ് ഉപയോഗിക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: