അളവുകള്‍ക്ക് പ്രാധാന്യമുള്ള ശാസ്ത്രമാണ് വാസ്തു. ചുറ്റളവിന്റെ സ്വീകരണത്തില്‍ തന്നിര്‍ദിഷ്ടമായ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. എല്ലാ വസ്തുക്കളും ഇത്തരത്തില്‍ യോനിനാമമായ ഗണിത വ്യവസ്ഥ അനുസരിച്ചാണ് നിര്‍മിക്കപ്പെടുന്നത്. ആയം എന്ന ഉത്തര ഭാരതീയ നാമാന്തരവും പ്രസിദ്ധമാണ്. എല്ലാ വാസ്തു ഗ്രന്ഥങ്ങളും പ്രാധാന്യേന സൂചിപ്പിച്ചിട്ടുള്ളതും കേരളീയ ശൈലിയില്‍ പൂര്‍ണമായും സ്വീകരിക്കപ്പെട്ടിട്ടുള്ളതുമാണ് ഈ ഗണിതക്രമങ്ങള്‍. ‘യോനി പ്രാണാ ഏവ ധാമ്‌നാം’ എന്ന പ്രമാണത്താല്‍ യോനി സമ്പ്രദായത്തിന്റെ പ്രാധാന്യം സൂചിപ്പിച്ചിരിക്കുന്നു.
ധ്വജം, ധൂമം, സിംഹം കുക്കുരം, വൃഷം, ഖരം, ഗജം, വായസം എന്നിങ്ങനെ യോനികള്‍ എട്ടു വിധം കിഴക്കു മുതലായ ദിക്കുകള്‍ക്ക് പറയപ്പെട്ടിരിക്കുന്നു. ഇവകളില്‍ ഒറ്റസംഖ്യയിലുള്ളവ കിഴക്ക് തുടങ്ങിയ മഹാദിക്കുകള്‍ക്ക് പറയപ്പെട്ടവയും ഐശ്വര്യപ്രദവും ആകുന്നു. ഇരട്ടയായവ വിദിക് സ്വരൂപങ്ങളും അശുഭപ്രദവും ആകുന്നു. ഇതില്‍ നിന്ന് ദിക്ക് അടിസ്ഥാനപ്പെടുത്തിയാണ് ഉചിതയോനി സ്വീകരിക്കപ്പെടേണ്ടത് എന്ന് വ്യക്തമാണല്ലോ.
ദിക് സ്ഥാപിതമായ ആലയങ്ങള്‍ക്ക് പുറം ചുറ്റുവ്യവസ്ഥയില്‍ യോനികളെ കല്‍പ്പിക്കണം. അത് കൂടാതെ ഉള്‍ മുറികളും, ഗൃഹദീര്‍ഘവും, വിസ്താരവും, പാദമാനവും കാല്‍ നീളവും, ക്ഷേത്ര ഫലവും, കട്ടിളകളും , നിലകളുടെ എല്ലാ ഉയരക്രമങ്ങളും യോനി അനുസരിച്ചു ആകണമെന്നുള്ളത് സാമ്പ്രതം ഗൃഹവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിലരാല്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്.
ഗൃഹങ്ങള്‍, ദേവാലയങ്ങള്‍, മറ്റു പ്രധാന നിര്‍മിതികള്‍ എന്നിവക്ക് പാദുകം, തറ, ഭിത്തി, ഉത്തരം, ആരൂഢം എന്നിവകളുടെ പ്രാധാന്യമനുസരിച്ചു പുറം ചുറ്റു കൊണ്ടും, കുളം, കിണര്‍, തുടങ്ങി ജലാശയങ്ങള്‍ക്കും അളവ് പാത്രങ്ങള്‍ക്കും നടുമുറ്റത്തിനും മുറികള്‍ക്കും ഉള്‍ചുറ്റു കൊണ്ടുമാണ് യോനി കല്പിക്കേണ്ടത്. ദീര്‍ഘ വിസ്താരങ്ങള്‍, സ്തംഭങ്ങള്‍, പാദമാനം എന്നിവ പദയോനി പ്രകാരത്തിലും സ്വീകരിക്കണം.
ദിക്കുകള്‍ക്കനുസരിച്ചുള്ള യോനി സ്വീകരണ നിയമപ്രകാരം കിഴക്കെ ദിക്കില്‍ ധ്വജയോനിയും, തെക്കേ ദിക്കില്‍ സിംഹയോനിയും, പടിഞ്ഞാറു വൃഷഭയോനിയും, വടക്കു ദിക്കില്‍ ഗജയോനിയും ആണ് വിധിക്കപ്പെട്ടിട്ടുള്ളത്. ഇവകള്‍ക്ക് ക്രമേണ ഏക ത്രി പഞ്ചസപ്ത യോനി എന്നിങ്ങനെ സംഖ്യാ ശബ്ദങ്ങളോട് ചേര്‍ത്തും പറയാറുണ്ട്.
കേതുയോനി എന്ന നാമാന്തരമുള്ള ധ്വജയോനി കിഴക്കേ ദിക്കില്‍ പടിഞ്ഞാറു മുഖമായ നിര്‍മിതികള്‍ക്ക് വേണ്ടി പറയപ്പെട്ടതെങ്കിലും സര്‍വദിക്കുകളിലേക്കും സര്‍വവസ്തുക്കള്‍ക്കും സ്വീകരിക്കാന്‍ തക്ക യോഗ്യതയുള്ളതെന്നറിയണം. അപ്രകാരം കിഴക്കു ദിക്ക്, തദ്പ്രാധാന്യത്താല്‍ വിധിക്കപ്പെട്ട വൃഷയോനി കൂടാതെ മറ്റു മൂന്നു യോനികളാലും കല്‍പ്പിക്കപ്പെടാവുന്നതുമാണ്. വിദിക് യോനികള്‍ ഒരിടത്തും ഒന്നിനും സ്വീകരിക്കപ്പെടാന്‍ പാടില്ലാത്തതുമാകുന്നു.
ഇത് കൂടാതെ തോണി, പല്ലക്ക്, തേര് തുടങ്ങിയ യാത്രയ്‌ക്കുപയുക്തമായവയ്‌ക്ക് അളവ് കേതുയോനി പ്രകാരം സ്വീകരിക്കേണ്ടതാണെന്ന് ശാസ്ത്രം ഉപദേശിക്കുന്നു. ആല്‍ത്തറ, തുളസിത്തറ, മുല്ലത്തറ എന്നിവക്കും ഏകയോനി തന്നെ സ്വീകരിക്കണം. പീഠം, ആസനം തുടങ്ങിയ ഇരിപ്പിടങ്ങള്‍ക്ക് സിംഹയോനി കല്‍പ്പിക്കണം. ഉത്തമമായ സിംഹയോനി കല്പിത ഇരിപ്പിടങ്ങള്‍ക്ക് സിംഹാസനമെന്ന നാമം സുവിദിതമാണല്ലോ. ആമാടപെട്ടി തുടങ്ങിയവക്കും കിണര്‍, കുളം, തടാകം, പഞ്ജരം തുടങ്ങിയവക്കും ഭോജന പാത്രങ്ങള്‍ക്കും വൃഷയോനിയും ധ്വജയോനിയും ആകാം. കട്ടില്‍, മഞ്ചല്‍ തുടങ്ങിയ ശയനോപകരണങ്ങള്‍ക്ക് ഗജയോനിയാണുചിതം. മൃഗങ്ങള്‍ക്കുള്ള കൂട്, തൊഴുത്ത്, ആലയം എന്നിവകള്‍ക്ക് ധ്വജം, വൃഷഭം, ഗജം എന്നിങ്ങനെ മൃഗസ്വരൂപമനുസരിച്ചു ചേര്‍ന്ന യോനിയെ അളവായി സ്വീകരിക്കണം.
ഡോ. രാധാകൃഷ്ണന്‍ ശിവന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: