അയോധ്യ: രാമ ക്ഷേത്ര നിര്‍മാണത്തിന് ഭൂമി പൂജ കഴിഞ്ഞതോടെ അയോധ്യയില്‍ സ്ഥല വിലയും താമസ സൗകര്യങ്ങളുടെ വാടകയിലും വലിയ വര്‍ധനവ്. ഭൂമി പൂജ നടക്കുന്നതിന് മുമ്പുണ്ടായിരുന്ന വിലയേക്കാള്‍ 30 ശതമാനം മുതല്‍ 40 ശതമാനം വരെയാണ് സ്ഥല വില ഉയര്‍ന്നത്.
നഗരം കേന്ദ്രീകരിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമായി. നക്ഷത്ര ഹോട്ടലുകള്‍ ഉള്‍പ്പെടെ നിര്‍മിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍നിന്നും നിക്ഷേപകര്‍ എത്തിയതോടെയാണ് ഭൂമി വിലയില്‍ കുതിച്ചുചാട്ടം ഉണ്ടായത്. ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഉണ്ടാകാന്‍ പോകുന്ന തീര്‍ത്ഥാടക തിരക്ക് മുന്നില്‍ കണ്ടാണ് അടിസ്ഥാന സൗകര്യങ്ങളുടെ വന്‍തോതിലുള്ള വികസനം ആസൂത്രണം ചെയ്തിരിക്കുന്നത്.
വിമാനത്താവളം അടക്കമുള്ള സൗകര്യങ്ങള്‍ നിര്‍മിക്കുമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനവും സ്ഥല വില ഉയരാന്‍ കാരണമായി. അയോധ്യയില്‍ ചതുരശ്ര അടിക്ക് 900 രൂപയായിരുന്നു ഭൂമി വില. കോടതി വിധിക്കു ശേഷം ചതുരശ്ര അടിക്ക് 1000 മുതല്‍ 1500 രൂപ വരെയായി. ഭൂമി പൂജ കഴിഞ്ഞതോടെ 2000 മുതല്‍ 3000 രൂപ വരെയായി വില ഉയര്‍ന്നിട്ടുണ്ട്. സരയു നദി തീരത്തുള്ള ഭൂമിക്കാണ് ഏറെ ആവശ്യക്കാരുള്ളത്.
നിലവില്‍ അയോധ്യയില്‍ വലിയ ഹോട്ടലുകളോ മികച്ച ലോഡ്ജൂകളോ ഇല്ല. ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്കായി ആറുകിലോമീറ്റര്‍ അപ്പുറം ഫൈസാബാദിലാണ് താമസ സൗകര്യങ്ങള്‍ ഉള്ളത്. ക്ഷേത്ര നിര്‍മാണം ആരംഭിച്ചതോടെ യൂപി സര്‍ക്കാര്‍ അയോധ്യയില്‍ വിവിധ പദ്ധതികള്‍ക്കായി വലിയ തോതില്‍ ഭൂമി ഏറ്റെടുക്കുന്നുണ്ട്. രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളുടെ പട്ടികയിലേക്ക് അയോധ്യ ഉയരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: